മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ അധ്യാപകർക്കും ജീവനക്കാർക്കും കൃത്യസമയത്ത് വേതനം നൽകുന്നതിൽ ഭരണസമിതി തുടർച്ചയായി വീഴ്ച വരുത്തുന്നത് കുട്ടികളുടെ പഠനാന്തരീക്ഷത്തെയും സ്കൂളിന്റെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് യുണൈറ്റഡ് പാരന്റ് പാനൽ മുന്നറിയിപ്പ് നൽകി. ശമ്പളം വൈകുന്നത് അധ്യാപകരിൽ ഉണ്ടാക്കുന്ന സാമ്പത്തിക-മാനസിക സമ്മർദ്ദം പഠന നിലവാരത്തെ തകർക്കുമെന്നും യു.പി.പി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.റിഫാ ക്യാമ്പസ് കെട്ടിട നിർമ്മാണ വായ്പ തിരിച്ചടവിനായി ഓരോ കുട്ടിക്കുമേലും ചുമത്തിയ ഇൻഫ്രാസ്ട്രക്ചർ ഫീസ് (ശരാശരി 4.5 ദിനാർ) വഴി വായ്പ തുക കഴിഞ്ഞ മാർച്ചിൽ തന്നെ പൂർണ്ണമായി തിരിച്ചടച്ചിട്ടുണ്ട്. വായ്പ അടവ് പൂർത്തിയായിട്ടും ഈ തുകയിലൂടെ മാസം തോറും ലഭിക്കുന്ന അര ലക്ഷത്തോളം (50,000) ബഹ്റൈൻ ദിനാറിന്റെ അധിക വരുമാനം എങ്ങോട്ടാണ് പോകുന്നതെന്ന് ഭരണസമിതി വ്യക്തമാക്കണം. അധിക വരുമാനം ഉണ്ടായിട്ടും അധ്യാപകർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടത് സ്കൂളിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് കാണിക്കുന്നതെന്ന് യു.പി.പി കുറ്റപ്പെടുത്തി.സ്കൂളിന്റെ ഫണ്ട് വിനിയോഗത്തിലും സാമ്പത്തിക ആസൂത്രണത്തിലും സുതാര്യത ഉറപ്പുവരുത്തണമെന്നും രക്ഷിതാക്കൾക്ക് വ്യക്തമായ മറുപടി നൽകണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഭാവിയും സ്കൂളിന്റെ നിലനിൽപ്പും ഭരണസമിതിയുടെ വീഴ്ചകൾക്ക് ഇരയാകരുതെന്നും അധ്യാപകരുടെ വേതനം അടിയന്തിരമായി കുടിശ്ശികയില്ലാതെ വിതരണം ചെയ്യണമെന്നും യു.പി.പി ആവശ്യപ്പെട്ടു.The post ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച; സാമ്പത്തിക ക്രമക്കേടുകളിൽ ആശങ്ക രേഖപ്പെടുത്തി യുണൈറ്റഡ് പാരന്റ് പാനൽ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.