മറഞ്ഞു, സൗമ്യ നേതൃത്വം

Wait 5 sec.

കോഴിക്കോട് | ലക്ഷങ്ങള്‍ നിറഞ്ഞൊഴുകുന്ന സദസ്സിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ ഒരു പുഞ്ചിരി മതി; ഒരു പ്രാര്‍ഥനയായാല്‍ അത്രയും സന്തോഷം. നിശബ്ദമായ നേതൃത്വമായിരുന്നു തങ്ങളുടേത്. അവേലത്ത് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുമെല്ലാം യാത്രയായപ്പോള്‍ ആ സ്ഥാനത്തേക്ക് കാന്തപുരം ഉസ്താദ് ആഗ്രഹിച്ച് കൊണ്ടുവന്ന നേതൃത്വം. തന്റെ ഔറാദുകളില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ച തങ്ങളെ ഉസ്താദ് മെല്ലെ പൊതുരംഗത്തേക്കാനയിച്ചു. ആദ്യം സഹയാത്രികനായും പിന്നീട് മഹാസമ്മേളനങ്ങളുടെ അധ്യക്ഷസ്ഥാനത്തേക്കും ഇരിപ്പിടമൊരുക്കി.അപ്പോഴെല്ലാം വിനയം കൊണ്ട് സ്വയം ചെറുതാകുകയും അനുയായികള്‍ വിളിക്കുന്നിടത്തേക്കെല്ലാം ചക്രക്കസേരയില്‍ പാഞ്ഞെത്തുകയും ചെയ്തു തങ്ങള്‍. മംഗലാപുരവും കര്‍ണാടകയും ഡല്‍ഹിയുമെല്ലാം ആ സാന്നിധ്യത്തിന് അന്യമായിരുന്നില്ല. കാന്തപുരം ഉസ്താദ് നയിച്ച കേരളയാത്രയിലടക്കം തങ്ങളുടെ മുഴുസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.വലിയ പ്രസംഗകനായോ നൂറുകണക്കിന് ശിഷ്യരുടെ ഉസ്താദായോ ഒന്നും ആ പ്രാസ്ഥാനിക നായകനെ പരിചയപ്പെടുത്താനാകില്ല. എന്നാല്‍, കഴിഞ്ഞ ആറ് പതിറ്റാണ്ടായി സുന്നി പ്രസ്ഥാനത്തിന് ആ തണലുണ്ട്. ആ തലോടലില്‍ എത്രയോ പേര്‍ക്ക് ആശ്വാസം കിട്ടിയിട്ടുണ്ട്. കഷ്ടതയനുഭവിക്കുന്ന മദ്‌റസാധ്യാപകരുടെ കണ്ണീരൊപ്പുന്നതിലടക്കം മര്‍കസെന്ന മഹാ സ്ഥാപനത്തിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അന്നമൊരുക്കാനുള്ള യാത്രയിലെല്ലാം സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്ന നേതാവ് നിറഞ്ഞുനിന്നു.പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ പഠനത്തോടെയാണ് സയ്യിദ് അലി ബാഫഖി തങ്ങളെന്ന പ്രതിഭയെ ലോകം അറിയുന്നത്. കോളജിലെ വിദ്യാര്‍ഥി സംഘടന കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റും പ്രിയപ്പെട്ട ശിഷ്യനായിരുന്നു.കേരളത്തിലെ പ്രബല സയ്യിദ് കുടുംബമായ കൊയിലാണ്ടി ബാഫഖി പരമ്പരയിലെ പ്രധാന അംഗമായ അദ്ദേഹം ആ കുടുംബത്തിലെ കാരണവരും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ കുലപതിയുമായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ പ്രിയപ്പെട്ട പുതിയാപ്പിള കൂടിയായി. തന്റെ പുത്രി ശരീഫ ഉമ്മു കുല്‍സുവിനെ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് വിവാഹം ചെയ്തുകൊടുത്തുകൊണ്ടായിരുന്നു ആ അംഗീകാരം.പൊതുപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗമായാണ് അലി ബാഫഖി തങ്ങള്‍ തുടങ്ങുന്നത്. 1973ല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷററായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പകരക്കാരനായി ആ പദവി ഏറ്റെടുത്തു.താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ പ്രസിഡന്റും കാന്തപുരം ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പുനഃസംഘടിപ്പിച്ചപ്പോഴാണ് അലി ബാഫഖി തങ്ങള്‍ കേന്ദ്ര മുശാവറയില്‍ അംഗമാകുന്നത്. ഇടക്കാലത്ത് ട്രഷററായിരുന്ന അദ്ദേഹം നിലവില്‍ ഉപാധ്യക്ഷനാണ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും അധ്യക്ഷനായ തങ്ങള്‍ തന്നെയാണ് മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നത്. തന്റെ വീല്‍ചെയറില്‍ എത്തിപ്പെടാന്‍ പറ്റുന്നിടത്തെല്ലാം സാന്നിധ്യം കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും ആ വടവൃക്ഷം നിറഞ്ഞുനിന്നു.Content Highlights: Renowned Islamic scholar and Samastha vice president Sayyid Ali Bafaqi Thangal has passed away. Known for his soft-spoken and peaceful leadership, he made immense contributions to the community and religious education. Leaders and followers across Kerala expressed deep grief over his demise.