പിന്നണിഗായകൻ മധു ബാലകൃഷ്ണന്റെ സംഗീതജീവിതത്തിലെ 30 വർഷങ്ങൾ ആഘോഷിക്കുന്ന 'മധുരം 30 Years of Musical Glory' സംഗീതപരിപാടി ഡിസംബർ 19ന് ദുബായിൽ നടക്കും. ഊദ് മേത്തയിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ വൈകിട്ട് ഏഴിനാണ് പരിപാടി. വൈകിട്ട് 5.30 മുതൽ പ്രവേശനം അനുവദിക്കും.മധു ബാലകൃഷ്ണനൊപ്പം യുവഗായകരായ ശ്രീനാഥ്, അനുശ്രീ, ദിഷ, അനാമിക, ആവിർഭവ് എന്നിവരും വേദിയിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള മധു ബാലകൃഷ്ണന്റെ ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങൾക്കൊപ്പം യുവഗായകരുടെ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമാകും. സോണി ടിവിയുടെ 'സൂപ്പർസ്റ്റാർ സിംഗർ സീസൺ 3' ജേതാവാണ് ആവിർഭവ്. 3എ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇവന്റ്സ് ആൻഡ് എന്റർടെയ്ന്മെന്റ് വിഭാഗമായ 3എ ഗ്ലോബൽ ഇവന്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ വിനോദപരിപാടി രംഗത്തേക്കുള്ള സ്ഥാപനത്തിന്റെ ആദ്യ ചുവടുവയ്പ്പാണിത്. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗായകൻ മധു ബാലകൃഷ്ണൻ, അവതാരകനും നടനുമായ മിഥുൻ രമേശ്, 3എ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർമാരായ അനൂപ് ബാലകൃഷ്ണ പിള്ള, ലേഖ അനൂപ്, ഇവന്റ് കോഓർഡിനേറ്റർ ശ്രീരാജ് കൈമൾ എന്നിവർ പങ്കെടുത്തു.