മൂടിക്കെട്ടിയ കാർമേഘങ്ങളിൽ നിന്ന് ഉതിർന്നു വീഴുന്ന മഴത്തുള്ളികളെ നോക്കി ആഹ്ലാദാരവം മുഴക്കുന്ന വിത്തുകൾ… പുതുജീവിതത്തിന്റെ തുടിപ്പ് തേടുന്ന പ്രകൃതിയുടെ ആനന്ദകരമായ കാഴ്ച… ആ മനോഹരമായ സ്വപ്നത്തിൽ നിന്നും ഇടിമുഴക്കം പോലെയുള്ള ഒരു ഭീകരശബ്ദം കേട്ടാണ് അഗസ്റ്റിന് ബോധം തിരിച്ചു കിട്ടിയത്.കണ്ണുതുറന്ന അവൻ കണ്ടത് ജീവന്റെ പുതുനാമ്പുകളെയല്ല; തകർന്നുവീണ ആശുപത്രിയുടെ തറയിൽ, സ്റ്റാൻഡിൽ തൂക്കിയിട്ട രക്തബാഗുകളിൽ നിന്നും മൃതപ്രായരായ മനുഷ്യരിലേക്ക് ഇറ്റിറ്റുവീഴുന്ന ചുവന്ന ചോരത്തുള്ളികളാണ്.“നിങ്ങൾ എവിടെ നിന്നാണ്?’ ഭാഷ മനസ്സിലായില്ലെങ്കിലും, ചോരയിൽ കുളിച്ചു കിടക്കുന്ന ആ വൃദ്ധന്റെ കണ്ണുകളിലെ ചോദ്യം അതാകാമെന്ന് അഗസ്റ്റിന് തോന്നി. തൊട്ടുമുമ്പ് പതിച്ച മിസൈലിന്റെ ആഘാതത്തിൽ ബോധരഹിതനായതായിരുന്നു അഗസ്റ്റിൻ. അടുത്ത ബോംബിന്റെ കാതടപ്പിക്കുന്ന ശബ്ദമാണ് അവനെ വീണ്ടും യാഥാർഥ്യത്തിലേക്ക് ഉണർത്തിയത്.അഗസ്റ്റിൻ തന്റെ ഐഡി കാർഡ് കാണിച്ച്, താനൊരു പത്രപ്രവർത്തകനാണെന്ന് ആംഗ്യത്തിലൂടെ വ്യക്തമാക്കി. വൃദ്ധന് ചുറ്റും ജീവനുള്ളതോ ഇല്ലാത്തതോ ആയ നിരവധി മനുഷ്യശരീരങ്ങൾ ചിതറിക്കിടപ്പുണ്ടായിരുന്നു. വിമാനത്തിൽ നിന്നും എയർ ഡ്രോപ്പ് വഴി താഴേക്കിട്ട ഭക്ഷണപ്പൊതികളും വെള്ളവും ആർക്ക് കൊടുക്കും എന്നറിയാതെ അവൻ പതറി. എങ്കിലും, ജീവന്റെ നേരിയ ലക്ഷണമുള്ള ചില ശരീരങ്ങൾക്ക് അരികിലേക്ക് അവൻ ആ പൊതികൾ നീക്കിവെച്ചു.യുദ്ധം തുടങ്ങിയിട്ട് മാസങ്ങളായി. ഏതോ രണ്ട് വൻശക്തികൾ തമ്മിലുള്ള അധികാര മത്സരം. പക്ഷേ, അതിന്റെ ആഘാതം മുഴുവൻ ഏൽക്കേണ്ടി വരുന്നത് ഈ പാവം മനുഷ്യരാണ്. ആരുടെ സ്വാർഥത കൊണ്ടാണ് തങ്ങൾ ഇരകളാകപ്പെട്ടതെന്ന് പോലുമറിയാതെ, എല്ലും തോലുമായി മാറിയ മനുഷ്യശരീരങ്ങൾ ആ യുദ്ധഭൂമിയിൽ ചിതറിക്കിടന്നു.മാതൃരാജ്യം വിട്ട് അഗസ്റ്റിൻ ഈ യുദ്ധഭൂമിയിൽ എത്തിയിട്ട് മാസങ്ങളായി. കൂടെയുണ്ടായിരുന്ന പല സഹപ്രവർത്തകരും പലപ്പോഴായി പൊലിഞ്ഞുപോയി. അവരുടെ കുടുംബത്തെപ്പോലും വിവരമറിയിക്കാൻ കഴിയാത്ത അവസ്ഥയാണിവിടെ യുദ്ധഭൂമിയിൽ!യുദ്ധത്തിന്റെ കാരണങ്ങൾ രാഷ്ട്രീയമോ, സാമ്പത്തികമോ, നയതന്ത്രപരമോ എന്തോ ആകാം. എന്നാൽ അതിന്റെ കെടുതികൾ എല്ലാവർക്കും ഒന്നുതന്നെയാണ്. “ഭീകരം’ എന്നത് കേവലം അക്ഷരങ്ങളിൽ ഒതുങ്ങുന്ന വാക്കല്ല, അതൊരു കടുത്ത യാഥാർഥ്യമാണ്. തനിക്കിഷ്ടമില്ലാത്തതിനെ നശിപ്പിക്കുന്ന സ്വാർഥതയുടെ പ്രത്യയശാസ്ത്രങ്ങൾ ഇല്ലാതാക്കുന്നത് ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളെയാണ്; ആഗ്രഹിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ജീവന്റെ തുടിപ്പുകളെയാണ്. അവിടെ മനുഷ്യർ മാത്രമല്ല, മൃഗങ്ങളും ജീവനറ്റ് കിടന്നിരുന്നു.അഗസ്റ്റിൻ ഭക്ഷണവും വെള്ളവുമായി നേരത്തെ കണ്ട വൃദ്ധന്റെ അടുത്തേക്ക് ചെന്നു. അയാൾ തളർന്ന കൈകൾ കൊണ്ട് ദൂരെയുള്ളൊരു സിമന്റ് കൂന ചൂണ്ടി, ആംഗ്യത്തിലൂടെയും ദീനമായ ശബ്ദത്തിലൂടെയും എന്തോ പറയാൻ ശ്രമിച്ചു.അഗസ്റ്റിന് കാര്യം മനസ്സിലായി. അത് അയാളുടെ വീടായിരുന്നു. ഷെല്ലാക്രമണത്തിൽ തകർന്ന ആ അവശിഷ്ടങ്ങൾക്കുള്ളിൽ അയാളുടെ പൂർണഗർഭിണിയായ മകളുണ്ട്! അവളെയൊന്ന് രക്ഷിക്കണം. അയാൾക്ക് നൽകിയ ഭക്ഷണപ്പൊതി തിരികെ നൽകിക്കൊണ്ട് ആ വൃദ്ധൻ ആംഗ്യത്തിൽ പറഞ്ഞു: “എന്റെ ജീവിതം തീരാറായി… എന്റെ മകൾ രക്ഷപ്പെടുകയാണെങ്കിൽ ഇത് അവൾക്ക് നൽകുക.’ശാരീരികമായി പരിക്കേറ്റിട്ടില്ലെങ്കിലും, ആ ദൃശ്യങ്ങൾ അഗസ്റ്റിനെ മാനസികമായി തളർത്തിക്കളഞ്ഞു. അവൻ എന്തുചെയ്യണമെന്നറിയാതെ കുറച്ചുസമയം നിശ്ചലനായി നിന്നു.വൈകുന്നേരത്തെ റിപ്പോർട്ട് പത്രത്തിലേക്ക് മെയിൽ ചെയ്യുക എന്നത് മാത്രമാണ് പുറംലോകവുമായി അവനുള്ള ഏക ആശയവിനിമയം. ഇന്റർനെറ്റ് തടസ്സപ്പെട്ടില്ലെങ്കിൽ മാത്രം നടക്കുന്ന കാര്യം! വാട്സാപ്പോ, ഫേസ്ബുക്കോ, ഇൻസ്റ്റഗ്രാമോ ഒന്നും അവിടെ കിട്ടാറില്ല. പത്രാധിപർ മെയിലിലൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൻ മറുപടി നൽകും, യുദ്ധത്തിന്റെ ഭീകരചിത്രങ്ങളും വാർത്തകളും അയച്ചുകൊടുക്കും. അതായിരുന്നു പതിവ്.തന്റെ കൈയിലുള്ള ചെറിയ ആത്മരക്ഷാ ഉപകരണങ്ങളുമായി അഗസ്റ്റിൻ ആ വൃദ്ധൻ കാണിച്ച സിമന്റ് കൂനയ്ക്ക് അരികിലെത്തി. അവൻ കല്ലുകളും അവശിഷ്ടങ്ങളും ഓരോന്നായി നീക്കാൻ തുടങ്ങി. അന്തരീക്ഷത്തിൽ ഉയർന്ന പൊടിപടലങ്ങൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന്, കല്ലുകൾക്കിടയിൽ ഒരു ചെറിയ അനക്കം കണ്ടതും അഗസ്റ്റിന്റെ ഹൃദയമിടിപ്പ് കൂടി. അവനിൽ പുതിയൊരു ഊർജം നിറഞ്ഞു.അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു സ്ത്രീയുടെ നേർത്ത ഞരക്കം അവൻ കേട്ടു. പൊടിയും കല്ലും മാറ്റി അവൻ അവളെ പുറത്തെടുത്തു. കുറച്ചു വെള്ളവും ഭക്ഷണവും നൽകിയപ്പോൾ അവൾക്ക് നേരിയ ബോധം വന്നു. പക്ഷേ, പെട്ടെന്ന് അവൾ തന്റെ വയറ്റിൽ അമർത്തിപ്പിടിച്ചുകൊണ്ട് വേദനയാൽ പുളഞ്ഞു. അതൊരു പ്രസവസൂചനയായിരുന്നു!തരിച്ചുനിന്നുപോയ അഗസ്റ്റിന് മുന്നിൽ അവൾ പ്രസവവേദനയാൽ അലറിക്കരഞ്ഞു. എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അഗസ്റ്റിൻ ആ കുഞ്ഞിനെ പുറത്തെടുത്തു. പ്രസവാനന്തര കർമങ്ങൾ എന്തൊക്കെയാണെന്ന് അറിയാത്ത അവൻ സഹായത്തിനായി ചുറ്റും നോക്കി. പക്ഷേ, ചുറ്റിലും ശവക്കൂനകൾ മാത്രം. ജീവച്ഛവമായ അഗസ്റ്റിൻ ആ അമ്മക്ക് വീണ്ടും വെള്ളവും കുതിർന്ന ബ്രെഡും നൽകാൻ ശ്രമിച്ചെങ്കിലും, അവൾ അപ്പോഴേക്കും തന്റെ സ്വർഗീയ യാത്രക്കായി കണ്ണുകൾ അടച്ചിരുന്നു. ആ അമ്മയുടെ ജീവൻ നിലച്ചു.കൈയിലിരിക്കുന്ന കുഞ്ഞിനെ എന്ത് ചെയ്യണമെന്നറിയാതെ അഗസ്റ്റിൻ കുറെ ഫോട്ടോകൾ എടുത്തു. വൈകാരികമായ ഒരു തലക്കെട്ടോടെ പത്രത്തിന് നൽകാൻ ഒരു സ്റ്റോറി തയ്യാറാക്കി. ഭാഗ്യത്തിന് തകർന്ന ഫോണിൽ ഇന്റർനെറ്റ് നെറ്റ്്വർക്ക് ദൃശ്യമായി.അവൻ ക്യാമ്പിലേക്ക് കുഞ്ഞിനെയുമെടുത്ത് നടന്നു. പല ദേശക്കാരും ഭാഷക്കാരും താമസിക്കുന്ന ആ ക്യാമ്പിൽ ആർക്കും ആരോടും സൗഹൃദങ്ങളില്ല. കണ്ടാൽ കണ്ടു, അത്രമാത്രം. ഒരിക്കൽ കണ്ടവരെ പിന്നീട് കാണുമെന്നുറപ്പില്ലാത്ത ഇടം. വികാരം തുളുമ്പുന്ന തലക്കെട്ടോടെ അഗസ്റ്റിൻ പത്രാധിപർക്ക് സ്റ്റോറി അയച്ചു: “ഇതൊരു സെൻസേഷനൽ വാർത്തയായിരിക്കും. മുൻപേജിൽ മൂന്ന് കോളം മാറ്റിവെച്ചോളൂ…’പത്രാധിപർ സന്തോഷത്തോടെ ഓൺലൈൻ കാർഡുകളിൽ ആ വാർത്തയുടെ പരസ്യം നൽകി. അഗസ്റ്റിൻ സമയം കളയാതെ, യുദ്ധത്തിൽ ഇരകളാകപ്പെടുന്ന കുരുന്നുകളുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും ദയനീയമായ അവസ്ഥ വാക്കുകളിലൂടെ വിവരിച്ചു. പലതവണ കണ്ട ദാരുണ ദൃശ്യങ്ങൾ അവന്റെ ഹൃദയത്തെ മരവിപ്പിച്ചിരുന്നതിനാൽ, റിപോർട്ട് പൂർത്തിയാക്കാൻ വലിയ മാനസികവിഷമം അവൻ അനുഭവിച്ചു. എങ്കിലും റിപോർട്ട് മെയിൽ ചെയ്ത ശേഷം, യുദ്ധഭൂമിയിൽ നിന്ന് തനിക്ക് ലഭിച്ച ആ വലിയ “നിധി’യുടെ അടുത്തേക്ക് അവൻ ഓടിച്ചെന്നു.ആ പിഞ്ചുകുഞ്ഞ് ഭൂമിയിലേക്ക് വന്നതിന്റെ വരവറിയിച്ച് ഉറക്കെ കരയുന്നുണ്ടായിരുന്നു. അഗസ്റ്റിൻ തനിക്കറിയാവുന്ന താരാട്ടുകൾ പാടി അവളെ ശാന്തയാക്കാൻ ശ്രമിച്ചു. എയർ ഡ്രോപ്പിലൂടെ കിട്ടിയ ഭക്ഷണം പാകപ്പെടുത്തി ബേബി ഫുഡ് രൂപത്തിലാക്കി അവൻ അവൾക്ക് നൽകി. അങ്ങനെ കൊടുക്കാമോ എന്നറിയാതെ… അവളെ അവൻ സ്നേഹം കൊണ്ട് പൊതിഞ്ഞു.മക്കളില്ലാത്ത തനിക്ക് ദൈവം നൽകിയ മാലാഖയായിട്ടാണ് അഗസ്റ്റിന് ആ കുഞ്ഞിനെ തോന്നിയത്. യുദ്ധം അവസാനിച്ചാൽ അവളെ അഭയാർഥി ക്യാമ്പിൽ ഉപേക്ഷിക്കില്ലെന്ന് അവൻ ഉറപ്പിച്ചു. എംബസിയിൽ ബന്ധപ്പെട്ട് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി ഭാര്യയുടെ കൈകളിൽ ഏൽപ്പിക്കാൻ വെച്ച നിധിയായിരുന്നു ആ നിഷ്കളങ്ക കുരുന്ന്.അഗസ്റ്റിൻ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു. ഫോണിൽ നെറ്റ്്വർക്ക് വന്നപ്പോൾ, ഈ ദൃശ്യം ലോകത്തോട് വിളിച്ചുപറയാൻ അവൻ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇട്ടു. അതിന് അവൻ നൽകിയ അടിക്കുറിപ്പ് ഇതായിരുന്നു: “യുദ്ധഭൂമിയിൽ വെച്ച് ഞാൻ ഇതാ ലോകം കീഴടക്കിയിരിക്കുന്നു!’പക്ഷേ, വിധി മറ്റൊന്നായിരുന്നു. പൊടുന്നനെ പതിച്ച ഒരു ഗ്രനേഡ് സ്ഫോടനത്തിൽ അഗസ്റ്റിന്റെ ശരീരം ചിതറിത്തെറിച്ചു. അവന്റെ ജീവന്റെ തുടിപ്പ് എന്നെന്നേക്കുമായി നിലച്ചു…എങ്കിലും, ചോരയിൽ കുതിർന്ന അവന്റെ ആ നെഞ്ചിൽ, ലോകത്തേക്ക് എന്തിനാണ് വന്നതെന്നുപോലുമറിയാതെ ആ പിഞ്ചുകുഞ്ഞിന്റെ ഹൃദയസ്പന്ദനം അപ്പോഴും ബാക്കിയുണ്ടായിരുന്നു.Content Highlights: An intense report from the war-torn battlefields of Gaza follows a journalist witnessing unimaginable devastation, a mother’s tragic sacrifice, and the miraculous survival of an infant. Amidst falling bombs and the harsh realities of conflict, the story portrays profound human resilience and the high cost of war.