കോഴിക്കോട് | പ്രായാധിക്യവും ശാരീരിക അവശതകളും തളര്‍ത്താത്ത ആവേശം. വീല്‍ചെയറിലിരുന്ന് യുവാക്കളെപ്പോലും പിന്നിലാക്കുന്ന കര്മനിരതതയോടെ ഉള്ളാള്‍ മുതല്‍ തിരുവനന്തപുരം വരെ കാന്തപുരം ഉസ്താദ് നയിച്ച കേരളയാത്രയുടെ ഭാഗമായി സയ്യിദ് അലി ബാഫഖി തങ്ങള്‍. പ്രസ്ഥാന നേതൃനിരയിലെ ആദരണീയനും സയ്യിദ് കുടുംബത്തിലെ കാരണവരുമായ തങ്ങളുടെ സാന്നിധ്യം യാത്രക്ക് സവിശേഷമായ ആത്മീയ ചൈതന്യമാണ് പകര്ന്നുനല്കിയത്.ജനുവരി ഒന്നിന് ഉള്ളാളില്‍ യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം തങ്ങള്‍ സജീവമായിരുന്നു. ഓരോ വേദിയിലും നേരത്തേയെത്തി പരിപാടികള്‍ അവസാനിക്കുന്നതുവരെ പങ്കെടുത്തു. വയനാട് കല്‍പ്പറ്റയിലും നീലഗിരി ഗൂഡല്ലൂരിലും കടുത്ത തണുപ്പിനെപ്പോലും അവഗണിച്ച് സ്വീകരണ സമ്മേളനങ്ങളില്‍ ആദ്യന്തം തങ്ങളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സമാപനദിനം വരെയും ഈ ആവേശത്തിന് കുറവുണ്ടായില്ല.യാത്രയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥനകളിലൂടെ പ്രവര്‍ത്തകരെയും സംഘാടകരെയും വിശ്വാസികളെയും അനുഗ്രഹിച്ച തങ്ങള്‍, ആത്മീയ സദസ്സുകളില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശവും ആത്മവിശ്വാസവുമായി. പരിപാടികള്‍ അവസാനിക്കുന്നതുവരെ വേദിയില്‍ സന്നിഹിതനായി പ്രവര്‍ത്തകരെ ആശിര്‍വദിക്കുന്ന തങ്ങളുടെ സാന്നിധ്യം യാത്രയിലെ ശ്രദ്ധേയമായ കാഴ്ചകളിലൊന്നായി.സ്നേഹവും വിനയവും ലാളിത്യവും ജീവിതത്തിന്റെ മുഖമുദ്രയാക്കിയ വ്യക്തിത്വമാണ് ബാഫഖി തങ്ങളുടേത്. ജാടകളും പ്രകടനപരതയുമില്ലാത്ത ആത്മീയ ജീവിതം. സമസ്തയുടെയും പ്രസ്ഥാനത്തിന്റെയും ആത്മീയ-പണ്ഡിത നേതൃത്വത്തില്‍ ദീര്‍ഘകാലമായി നിറസാന്നിധ്യമായ തങ്ങളുടെ കേരളയാത്രയിലെ പങ്കാളിത്തം പ്രവര്‍ത്തകര്‍ക്ക് വലിയ പ്രചോദനമായി.യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയ തങ്ങളെ മക്കളും പേരമക്കളും ചേര്‍ന്ന് സ്നേഹപൂര്‍വം സ്വീകരിച്ച രംഗവും ഹൃദയസ്പര്‍ശിയായി. പ്രായവും ശാരീരിക അവശതകളും ആത്മീയ സമര്‍പ്പണത്തിന് തടസ്സമല്ലെന്ന് ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ തങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കേരളയാത്രയുടെ ഓര്മച്ചിത്രങ്ങളില് മായാത്ത സാന്നിധ്യമായി നിലനില്ക്കും.Content Highlights: Sayyid Ali Bafaqi Thangal spreads spiritual enlightenment across Kerala during his journey. Devotees gather in large numbers to receive blessings and guidance from the revered leader. His tour continues to inspire thousands with messages of peace, faith, and community unity.