വെസ്റ്റ് ബംഗാളിലെ പ്രഭാതങ്ങൾക്കിപ്പോൾ പ്രതീക്ഷയുടെ അഴകാണ്. പട്ടിണി തിന്ന് വയറു നിറച്ച് പരിവട്ടങ്ങളെ കൂടെകൂട്ടി ജീവിക്കുന്ന അനേകം മനുഷ്യരുടെ ചിത്രങ്ങളിൽ നിറം വെച്ച് തുടങ്ങിയിരിക്കുന്നു. നിസ്വാർഥരായ ഒരു പറ്റം യുവാക്കൾ ഞങ്ങൾക്കൊപ്പമുണ്ടെന്ന ബോധം അവരെ ജീവിക്കാനും വളരാനും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ബംഗാളിലെ ഇസ്ലാം പൂരിലേക്കൊരു യാത്ര തരപ്പെട്ടു. കിലോമീറ്ററുകളോളം നെല്ലും ഗോതമ്പും ചണവും ഉരുളക്കിഴങ്ങും കോളിഫ്ലവറും തേയിലയും ചോളവും സമൃദ്ധമായി വിളഞ്ഞ വയലേലകൾ പടർന്നു കിടക്കുന്നു. നമ്മുടെ കാഴ്ചക്ക് വിരുന്നൊരുക്കിയ ഈ പച്ചപ്പുകൾക്കെല്ലാം കൊടും ദാരിദ്ര്യത്തിൽ നിന്നൂറിയ വിയർപ്പു ഗന്ധമുണ്ട്. വിള നശിച്ചുപോയതിന്റെ നെഞ്ച് കടച്ചിലുണ്ട്. അതിലെല്ലാം പുറമെ വിദ്യാലയപ്പടി കാണാത്ത കുഞ്ഞുമക്കളുടെ വിണ്ട് കീറിയ കുഞ്ഞു കാലും ബാല്യകാലത്തിന്റെ ചിറക് പോയതിന്റെ വിങ്ങലുമുണ്ട്.എന്റെ മുന്നിലിപ്പോൾ ഒരു കുഞ്ഞുമോൻ നിൽക്കുന്നുണ്ട്.കജൂർ ബാഡി ഗ്രാമത്തിലാണവന്റെ വീട്. പെട്ടൊന്നൊരു നാളാണ് അവന്റെ ഉപ്പ റബ്ബിന്റെ കാരുണ്യത്തിലേക്ക് പോയത് (അല്ലാഹു ആഖിറം വെളിച്ചമാക്കട്ടെ). പിന്നെ അവനും ഉമ്മയും സഹോദരിമാരും പെരുവഴിയിൽ സ്തംഭിച്ചു. കുടുംബത്തിന്റെ അത്താണി പോയി, അടച്ചുറപ്പുള്ള വീടില്ലാത്ത, ജീവിക്കാൻ വകയില്ലാത്ത അവരുടെ അകത്ത് ചൂളപുകഞ്ഞു കത്തി. പക്ഷേ, അവരെ ഐവ ഫൗണ്ടേഷന്റെ സ്നേഹമുള്ള കരങ്ങൾ തൊട്ടു. കുടുംബത്തിന്റെ ചെലവുകൾ ഏറ്റെടുത്തു, പാർക്കാനൊരു വീടൊരുക്കി, കുഞ്ഞുങ്ങളെ ഹിറയുടെ മുറ്റത്തെത്തിച്ച് അറിവിന്റെ ആകാശങ്ങൾ കാണിച്ചു. അവനിതാ പുഞ്ചിരിക്കുന്നു. സന്തോഷത്തിന്റെ ആ നിറചിരിയിൽ നമ്മുടെ അകം നിറയുന്നു..കൂട്ടുകാരേ, ഞാൻ പറഞ്ഞത് ഒരു കുഞ്ഞുമോന്റെ കഥ. അങ്ങനെ എത്രയെത്ര അഹ്മദ് റസമാരും മുജമ്മ ഖാത്തൂൻമാരും അറിവും അന്നവും അഭിമാനവും നേടി സന്തോഷത്തോടെ ഹിറയിൽ വളരുന്നു. കജൂർ ബാഡി, ഗുഞ്ചരിയ, കച്ച്ന, ലോഹഗച്ചി, ലോധൻ, ദന്തോല തുടങ്ങി നിരവധി ബസ്തികളിൽ (ഗ്രാമങ്ങൾ) ഈ പ്രതീക്ഷയുടെ വിത്ത് മുളപ്പിക്കാൻ ഐവ ഫൗണ്ടേഷന് സാധിച്ചു.ദക്ഷിണ ദിനജ്പൂർ, മാൽഡ, കൽക്കത്ത തുടങ്ങിയയിടങ്ങളിൽ പടർന്ന ത്വൈബ ഗാർഡന്റെ പ്രവർത്തനങ്ങളും ഇല്ലായ്മയുടെ വല്ലായ്മയിൽ കഴിയുന്ന മനുഷ്യർക്ക് സ്നേഹത്തിന്റെ വിരുന്നൂട്ടിക്കൊണ്ടിരിക്കുന്നു. നന്മയുടെ കരങ്ങൾക്ക് അല്ലാഹു കരുത്ത് പകരട്ടെ. നല്ലവരായ സ്നേഹിതരേ… എനിക്കെന്റെ ജീവിതം, എന്റെസൗകര്യങ്ങൾ, എന്റെ സന്തോഷങ്ങൾ എന്നിങ്ങനെ നമ്മിൽ ചുരുങ്ങുന്ന ജീവിതത്തിന് എന്തർഥമാണുള്ളത് ?. മറ്റുള്ളവരുടെ ജീവിതത്തിന്റെ നിറവും സന്തോഷവുമായി മാറുമ്പോഴാണ് ജീവിതം സാർഥകമാകുന്നത്. വെയിലത്തു നിൽക്കുന്നവർക്ക് തണലും പട്ടിണി കിടക്കുന്നവർക്ക് അന്നവും ഇരുളിൽ സ്തംഭിച്ചവർക്ക് വെളിച്ചവും കൊടുക്കാൻ നമുക്കാകണം. അനാഥരെ പരിഗണിക്കുന്നതും ദരിദ്രർക്ക് അന്നം കൊടുക്കുന്നതും വിശ്വാസിയുടെ വിലാസമായാണ് ഇസ്ലാം പരിഗണിച്ചത്. അതിന് വിഘാതം നിൽക്കുന്നവർ മതനിഷേധികളും നാശത്തിനിരയാകുന്നവരുമത്രേ. സൂറ: മാഊൻ നൽകുന്ന സന്ദേശമതാണ്.അല്ലാഹു നമുക്ക് നൽകിയ സമ്പത്ത് നമ്മുടേതു മാത്രമല്ല. അർഹരായ മറ്റുള്ളവരെ കൂടി പരിഗണിക്കാനുള്ളതത്രേ. അവരുടെ സമ്പത്തുകളിൽ ചോദിക്കുന്നവർക്കും ആശ്രയമറ്റവർക്കും അവകാശമുണ്ട് (സൂറ അൽ ദാരിയാത്ത് 19) എന്ന സന്ദേശം നമ്മെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ചെറുതല്ല. നമുക്ക് അല്ലാഹു തന്ന അനുഗ്രഹങ്ങൾ ഞെരുക്കങ്ങളനുഭവിക്കുന്നവർക്ക് മുന്നിൽ തുറവികൾ സൃഷ്ടിക്കാനുള്ളത് കൂടിയാണ്.വല്ലവനും തന്റെ സഹോദരന്റെ പ്രയാസത്തെ നീക്കിയാൽ അവസാന നാളിലെ പ്രയാസത്തെ അല്ലാഹു നീക്കും. ഞെരുക്കക്കാർക്ക് തുറവി നൽകിയാൽ അല്ലാഹു ഇരു ലോകത്തും അവന് തുറവി നൽകും (മുസ്്ലിം) എന്നാണ് തിരുനബി(സ)യുടെ അധ്യാപനം. നമുക്കരികെ തന്നെ സമ്പത്തിന്റെയും ജോലിയുടെയും അറിവിന്റെയും കനിവിന്റെയും ശുശ്രൂഷയുടെയും പരിഗണനയുടെയും അഭാവത്തിൽ പ്രയാസപ്പെടുന്ന നിരവധി മനുഷ്യരുണ്ട്. ആ അഭാവത്തെ ആര് പൂർത്തീകരിക്കും? നമ്മളടങ്ങുന്ന നല്ല മനുഷ്യരാണ് ആ ഉത്തരവാദിത്വം നിർവഹിക്കേണ്ടത്. ഇല്ലായ്മകളെ പൂർത്തീകരിച്ച് അവരുടെ ജീവിതത്തിൽ സന്തോഷം കോരിയിടാൻ നമുക്ക് കഴിയണം. വിശ്വാസികളുടെ ഹൃദയത്തിലേക്ക് സന്തോഷം പകരുന്നതിനെയാണ് ഏറ്റവും മികച്ച കർമമായി തിരുനബി(സ) നമ്മെ പഠിപ്പിച്ചത്.സമൂഹം അവഗണിച്ചവർക്ക് അറിവും അവസരങ്ങളും നൽകി അഭിമാനത്തിലേക്ക് വഴി നടത്തിയ നിരവധി മനുഷ്യരുടെ ചിത്രങ്ങൾ റസൂലിന്റെ (സ) ജീവിതത്തിൽ നമുക്ക് നിറഞ്ഞു കാണാൻ കഴിയുന്നുണ്ട്. ആ വഴിയാണ് നമ്മുടെയും മാതൃക. ആ മാതൃകയേ പകർത്തുന്നതാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നമ്മൾ കണ്ടത്. അല്ലാഹു അവർക്ക് കൂടുതൽ കരുത്ത് നൽകട്ടെ. സ്നേഹിതരേ… നമ്മളവരുടെ കൂടെയുണ്ടാകണം; ഒരു വാക്ക് കൊണ്ടെങ്കിലും.