പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന 24 ന്യൂസിന്റെ വാർത്തയ്ക്ക് പിന്നാലെ മാധ്യമ വിശ്വാസ്യതയെച്ചൊല്ലി ചർച്ചകൾ ശക്തമാകുന്നു. കുറുപ്പിന്റേതെന്ന് പ്രചരിപ്പിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് വിവാദം ശക്തമായത്.സംഭവത്തിൽ 24 ന്യൂസിനെതിരെ വിമർശനം ഉയർന്നതിനു പിന്നാലെ, മാധ്യമങ്ങളുടെ മുൻകാല വാർത്തകളെയും സാമൂഹ്യമാധ്യമങ്ങളിൽ ചിലർ ചോദ്യം ചെയ്യുകയാണ്. മാധ്യമപ്രവർത്തനത്തിൽ ഉത്തരവാദിത്തവും കൃത്യതയും ഉറപ്പാക്കാൻ നിയമപരമായ സംവിധാനങ്ങൾ ശക്തമാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.സിപിഐഎം നേതാവ് അഡ്വ. കെ. അനിൽ കുമാർ, വിവിധ കാലങ്ങളിലായി മാധ്യമങ്ങളിൽ വന്ന വിവാദ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചു. ഈന്തപ്പഴം, ബിരിയാണി ചെമ്പ്, ഖുർആൻ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് ആരോപണങ്ങൾ, വീണ തൈക്കണ്ടിക്ക് കാനഡയിൽ കമ്പനിയുണ്ടെന്ന വാർത്ത, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, ‘കൈതോലപ്പായ’ വിവാദം തുടങ്ങിയവ അദ്ദേഹം പരാമർശിച്ചു.പ്രളയ ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനെതിരെയുണ്ടായ മാധ്യമവിമർശനവും മുണ്ടക്കൈ–ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകളും സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട വിദേശ കമ്പനിയുടെ ആരോപണം, ‘പിണറായി വിജയന്റെ കൊട്ടാരം’ എന്ന പേരിൽ മറ്റൊരാളുടെ വീടിന്റെ ചിത്രം പ്രചരിപ്പിച്ച സംഭവം തുടങ്ങിയ പഴയ വിവാദങ്ങളും ഇതിനൊപ്പം ഉയർത്തിക്കാട്ടപ്പെടുന്നു.സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ വാർത്താ പരിശോധനയും ഉത്തരവാദിത്തവും സംബന്ധിച്ച ചർച്ചയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.The post സുകുമാരക്കുറുപ്പ് ‘ബ്രേക്കിങ്’ വിവാദം; മാധ്യമ വിശ്വാസ്യത വീണ്ടും ചർച്ചയാകുന്നു appeared first on ഇവാർത്ത | Evartha.