കോഴിക്കോട് | ഇസ്‌ലാമിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട്, സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവര്‍ നടത്തിയ പ്രസ്താവനക്ക് പിന്തുണയുമായി ഇ കെ വിഭാഗം നേതാക്കൾ. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നതും ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അത് അനുവദനീയമല്ലെന്നുമായിരുന്നു പ്രസ്താവന. ഇസ്‌ലാമിക ആഘോഷങ്ങൾ അതിരുകടക്കരുതെന്നും മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.ഇ കെ വിഭാഗം യുവജന സംഘടനാ സംസ്ഥാന സെക്രട്ടറിമാരായ നാസർ ഫൈസി കുടത്തായിയും മുസ്തഫ മുണ്ടുപാറയുമാണ് ഫേസ്ബുക്കിലൂടെ പിന്തുണ വ്യക്തമാക്കിയത്. മതവിധി ബോധ്യപ്പെടുത്താനും പറഞ്ഞുകൊണ്ടേയിരിക്കാനുമാണ് മതം പഠിച്ച പണ്ഡിതന്മാർ. ബഹുമാനപ്പെട്ട കാന്തപുരത്തിനും അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീപുരുഷ അണികളോട് മതവിധി പറയാനുള്ള അവകാശവും ബാധ്യതയുമുണ്ട്.അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീകൾ പൊതുഇടങ്ങളിൽ എങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന് പറയാം. അംഗീകരിക്കാത്തവർക്ക് തള്ളാം. പക്ഷേ പറയാൻ പാടില്ലെന്ന തിട്ടൂരം അദ്ദേഹത്തോട് മാത്രമല്ല, ഒരു മതപണ്ഡിതനോടും വേണ്ടെന്നായിരുന്നു നാസർ ഫൈസിയുടെ ഇതു സംബന്ധിച്ച പോസ്റ്റ്. മഹല്ലുകളിലെ വിശ്വാസിസമൂഹത്തോട് അടിസ്ഥാനപരമായ വിശ്വാസകാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നതിനെ വലിയ കുറ്റമായി കാണുന്നവരോട് സഹതപിക്കാനേ നിർവാഹമുള്ളൂവെന്ന് മുസ്തഫ മുണ്ടുപാറ പ്രതികരിച്ചു.വിശ്വാസിയായ മുസ്‍ലിമിന്റെ ജീവിതത്തിന് ഇസ്‍ലാം നിർദേശിക്കുന്ന ചില വ്യവസ്ഥകളും ചിട്ടകളുമുണ്ട്. സമയാസമയങ്ങളിൽ പണ്ഡിതനേതൃത്വവും സംഘടനാ സംവിധാനവും ഇക്കാര്യം ഉണർത്താറുണ്ട്. ഇസ്‌ലാമിന്റെ വ്യവസ്ഥകൾ പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനത്തിൽ ഇത് ഉണർത്തുക സ്വാഭാവികമാണ്. ദീനിന്റെ കാര്യങ്ങൾ പണ്ഡിതന്മാർ പറഞ്ഞുകൊണ്ടേയിരിക്കും. ആർക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും. അത് അവരുടെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.Content Highlights: EK group leaders Nasar Faisi Koodathayi and Mustafa Mundupara backed the statement by Samastha leaders regarding Islamic celebrations. The statement urged mahallu leaders to ensure events follow Islamic principles without un-Islamic practices. Leaders stated scholars have a duty to guide the community.