ന്യൂഡല്‍ഹി| പെട്രോളില്‍ എത്ര ശതമാനം എഥനോളുണ്ടെന്ന് ഇന്ധന പമ്പുകളിലെ നോസിലുകളിലും ബില്ലുകളിലും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീംകോടതി.ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. വിഷയത്തില്‍ പരാതിയുണ്ടെങ്കില്‍ ഹരജിക്കാരനായ അഡ്വക്കേറ്റ് എന്‍.കെ. ഗോസ്വാമിക്ക് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.വാങ്ങുന്ന ഇന്ധനത്തില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് അറിയാനുള്ള അവകാശം രാജ്യത്തെ ഓരോ ഉപഭോക്താവിനുമുണ്ടെന്ന് ഹരജിക്കാരന്‍ വാദിച്ചു. ഇന്ധനം അടിച്ച ശേഷം നല്‍കുന്ന രസീതുകളില്‍ എവിടെയും എഥനോളിന്റെ അനുപാതം രേഖപ്പെടുത്തുന്നില്ല. ഇത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതില്‍ വ്യക്തമായ ഉറപ്പ് വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.പഴയ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന തോതിലുള്ള എഥനോള്‍ ഇന്ധനം ദോഷകരമാകുന്നതിനാല്‍, ഓരോ വാഹന മോഡലിനും അനുയോജ്യമായ എഥനോള്‍ മിശ്രിതം കണ്ടെത്താന്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന ഡാറ്റാബേസ് തയ്യാറാക്കണം. വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ദ്ധരുടെയും സമിതി രൂപീകരിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഹരജിയെ ശക്തമായി എതിര്‍ത്തു. ഇതൊരു പ്രോക്‌സി ഹരജിയാണെന്നും അദ്ദേഹം വാദിച്ചു. സമാനമായ ഒരു ഹരജി കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി തള്ളിക്കളഞ്ഞ കാര്യവും അറ്റോര്‍ണി ജനറല്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച ബെഞ്ച്, ഉചിതമായ നിയമ നടപടികള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കി കേസ് അവസാനിപ്പിക്കുകയായിരുന്നു.Content Highlights:The Supreme Court dismissed a petition seeking mandatory display of ethanol percentage on petrol pump nozzles and receipts. A bench of Justices MM Sundresh and Prasanna B Varale stated the petitioner could approach the High Court. The AG opposed the plea calling it a proxy petition.