കോന്നി | ഉള്‍വനത്തില്‍ നിന്ന് മ്ലാവിനെ വെടിവച്ചു കൊന്ന് ഇറച്ചി വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തിയ നാലംഗ നായാട്ടുസംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കോട്ടയം ചേറാടി സ്വദേശികളായ സുനില്‍ കുമാര്‍ സി ജി, അനില്‍ കുമാര്‍ സി ജി, ഇടുക്കി പാലത്തോട്ടത്തില്‍ അഭിലാല്‍ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്.പ്രതികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ്, ഇരട്ടക്കുഴല്‍ തോക്ക്, മറ്റ് മാരകായുധങ്ങള്‍ എന്നിവ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.കോന്നി വനം ഡിവിഷനിലെ ഞള്ളൂര്‍ നോര്‍ത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച അതുമ്പുംകുളം ആവോലില്‍കുഴി ഭാഗത്താണ് സംഘം മ്ലാവിനെ വെടിവെച്ച് കൊന്നത്. തുടര്‍ന്ന് മ്ലാവിന്റെ ഇറച്ചി വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തിയെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. മ്ലാവിന്റെ തലയും ആന്തരിക അവയവങ്ങളും ആവോലില്‍കുഴി ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ വനപാലകര്‍ കണ്ടെടുത്തു. സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ വീണ്ടും വേട്ടയ്ക്കിറങ്ങിയത്.ഇന്നലെ പയ്യനാമണ്‍ അടുക്കാട് ഭാഗത്ത് വീണ്ടും വേട്ട നടത്താന്‍ ശ്രമിക്കുന്നതിനിടെ വനപാലക സംഘം തന്ത്രപരമായി വളഞ്ഞ് നാലുപേരെയും പിടികൂടുകയായിരുന്നു. അരുവാപ്പുലം സ്വദേശിയായ പ്രശാന്തിന് പന്നിയെ വെടിവെക്കുന്നതിനായി ലഭിച്ച ലൈസന്‍സിന്റെ മറവിലാണ് സംഘം വന്യമൃഗവേട്ട നടത്തിയിരുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശശീന്ദ്രകുമാര്‍ എസ്, നോര്‍ത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി കെ ഹരിദാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സന്തോഷ് ബി, എ എസ് മനോജ്, നജിമുദീന്‍ എ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ശ്രീരാജ് കെ എസ്, ഗോപകുമാര്‍ വി എസ്, ഗോപകുമാര്‍ വി., സെയ്യദ് യൂസഫ് എ, ഷഹനാസ് എം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.Content Highlights: Forest officials arrested a four-member poaching gang in Konni for shooting a sambar deer and selling its meat. The team seized a jeep, double-barrel gun, and weapons used for hunting. The suspects were caught while attempting another hunt in the Payyanamon area and presented before the court.