മലയാള മണ്ണിനകത്തും പുറത്തും അതിവിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും എങ്ങുമെങ്ങുമെത്താതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന തിരോധാന കേസുകൾ… സംഭവങ്ങൾ… അലാവുദ്ദീന്റെ അത്ഭുത കഥകൾ പോലെ, ഡ്രാക്കുളയിലേയും കൊഹറയിലേയും അപസർപ്പക കഥാപാത്രങ്ങൾ പോലെ കേരളത്തിലിന്ന് ഇത് പുതിയ വാർത്ത അല്ലാതായിക്കൊണ്ടിരിക്കുന്നു. കുട്ടികളെ വീട്ടിലാക്കി ഒരു ഹർത്താൽ ദിവസം വൈകിട്ട് ഭക്ഷണം വാങ്ങാൻ കടയിലേക്കു കാറിൽപോയ, മടങ്ങിവരാതിരുന്ന കോട്ടയത്തെ ഹാശിം- ഹബീബ ദമ്പതികൾ…, കൂട്ടുകാരുമൊത്തു കളിക്കുന്നതിനിടയിൽ കാണാതായ അന്നത്തെ നാല് വയസ്സുകാരൻ ആലപ്പുഴയിലെ രാഹുൽ…, സുഹൃത്തിന്റെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ കോളജ് വിദ്യാർഥിനി പത്തനംതിട്ടയിലെ ജസ്‌ന… അങ്ങനെ പോകുന്നു കാണാതായവരുടെ നീണ്ടനിര. അതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ആദ്യ പേരുകാരനായി സുകുമാരക്കുറുപ്പ് മാറിയപ്പോൾ അതിനു പിന്നിൽ കൊലചെയ്യപ്പെട്ട ഒരു യുവാവിന്റെ രക്തഗന്ധവുമുണ്ട്.“സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ, അതോ മരണപ്പെട്ടോ’?“അതു പറയാൻ ഞാനാളല്ല. ജീവിച്ചിരിപ്പുണ്ടാകാം. ഇല്ലായിരിക്കാം. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ എവിടെയാണയാൾ? മരണപ്പെട്ടെങ്കിൽ എന്ന്? എവിടെ വെച്ച് എങ്ങനെ മരിച്ചു? അയാളുടെ കുഴിമാടമെവിടെ? മരണാനന്തര ചടങ്ങുകൾ നടന്നിട്ടുണ്ടോ…? ഇതിനെല്ലാം ഉത്തരം കണ്ടുപിടിക്കേണ്ടതും പറയേണ്ടതും പോലീസാണ്…’തുടർന്ന് എന്തോ ആലോചിച്ചെന്ന പോലെ സംസാരം ഒന്നു നിർത്തി, ദീർഘമായി ശ്വാസം വലിച്ചുവിട്ടതിനു ശേഷം റിട്ട. സബ് ഇൻസ്‌പെക്ടർ ആലപ്പുഴ പല്ലന അലി അക്ബർ തുടർന്നു. “1984 ജനുവരി 21ന് പുലർച്ചെ മൂന്നോടെയാണ് സംഭവം നടക്കുന്നത്. അന്ന് ഞാൻ സർവീസിൽ കയറിയിട്ടില്ല. പിന്നീട് 2017ൽ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് എന്നെയും മറ്റൊരു ഉദ്യോഗസ്ഥനെയും അന്നത്തെ ക്രൈം ബ്രാഞ്ച് എ ഡി ജി പി ആയിരുന്ന നിതിൻ അഗർവാൾ ഈ കേസിന്റെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്.അക്കാലത്തുണ്ടായ പല പ്രധാനപ്പെട്ട കേസുകളുടേയും അന്വേഷണത്തിൽ മികവ് പുലർത്തിയതുകൊണ്ടാകാം ഒരുപക്ഷേ ചുമതലയേൽപ്പിച്ചത്. സുകുമാരക്കുറുപ്പ് എവിടെ, ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ കണ്ടുപിടിക്കുക തുടങ്ങി ആ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനായിരുന്നു ഉത്തരവ്. കേസ് ഇപ്പോഴും അന്വേഷണത്തിലായതിനാൽ കൂടുതലൊന്നും എനിക്ക് പറയാനാകില്ല. എങ്കിലും ചിലത് പറയാനുണ്ട്’. അദ്ദേഹം തന്റെ അന്വേഷണ ഓർമകൾ അയവിറക്കുമ്പോൾ എന്തൊക്കെയോ പറയാനുള്ള വ്യഗ്രതയും ഒപ്പം ജാഗ്രതയും മുഖത്ത് പ്രകടമാകുന്നതു കാണാം.“ഒരു കാര്യം ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കൊലപാതക സംഭവം അറിഞ്ഞതിനു ശേഷമുള്ള ഏതാനും മണിക്കൂറുകൾ, അല്ലെങ്കിൽ ആദ്യത്തെ ഏതാനും ദിവസങ്ങൾ പ്രതി രക്ഷപ്പെടാതിരിക്കാനുള്ള ജാഗ്രതക്കുറവ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പത്രവാർത്തകൾക്കൊപ്പം പോലീസ് സജീവമായപ്പോഴേക്കും അയാൾ രക്ഷപ്പെട്ടു കഴിഞ്ഞു. വലിയ സാമ്പത്തിക ശേഷിയും സഹായിക്കാൻ കുടുംബ ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവുമുള്ള ആളായിരുന്നു സുകുമാരക്കുറുപ്പ്. അയാളെ സംരക്ഷിക്കാൻ എല്ലാ ഭാഗത്തു നിന്നുമുള്ള സഹായം കിട്ടിയിരിക്കണം എന്ന കാര്യത്തിൽ സംശയമില്ല.. അത് കേരളത്തിനകത്തും പുറത്തുനിന്നും മാത്രമല്ല, രാജ്യത്തിന് പുറത്തു നിന്നും അയാൾക്ക് ലഭിച്ചിട്ടുണ്ടാകണം. അന്വേഷണത്തിന്റെ ഭാഗമായുള്ള ഏതാനും മാസത്തെ വിപുലമായ യാത്രയിൽ, തിരച്ചിലിൽ, അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും അല്ലാത്തവരുമായ പലരുമായും ബന്ധപ്പെട്ടപ്പോൾ അതെനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആ കേസിന്റെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.അന്വേഷണം നടക്കട്ടെ. സാക്ഷികളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി അന്നത്തെ ആളുകളിൽ പലരും ഒരു പക്ഷേ ഇപ്പോൾ മരണപ്പെട്ടിരിക്കാം. എങ്കിലും സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം കുറ്റാന്വേഷണ രീതികൾ, സംവിധാനങ്ങൾ, വിവര സാങ്കേതിക വിദ്യകൾ മുമ്പത്തേക്കാൾ എത്രയോ വികസിതമായിക്കഴിഞ്ഞു ഇന്ന്. ഒരു മുടിനാരിഴയിൽ നിന്നും പ്രതിയിലേക്കടുക്കാൻ അക്കാലത്തുണ്ടായിരുന്നതിനേക്കാൾ എത്രയോ എളുപ്പമാണിന്ന്. അന്വേഷണ രീതികൾ തന്നെ മാറിയില്ലേ. എവിടെ ആരൊളിച്ചാലും കണ്ടുപിടിക്കാൻ മൊബൈൽ ഫോണും ലൊക്കേഷനും സി സി ടി വി ദൃശ്യങ്ങളും ഇന്ന് ഏറെ സഹായകമാകുന്നത് ഒരു ഉദാഹരണം മാത്രം.’ ഇതുപറയുമ്പോൾ താൻ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് അറിയിച്ചും അറിയിക്കാതെയുമുള്ള വിവിധ വേഷങ്ങളിൽ, ഭാഷകളിൽ ഒട്ടേറെ യാത്ര ചെയ്ത അലി അക്ബറിന്റെ മുഖത്ത് അന്നത്തെ അന്വേഷണ ത്വര വീണ്ടും മിന്നിമറയന്നതും കാണാം.സുകുമാരക്കുറുപ്പ് വീണ്ടും ചർച്ചയിൽ42 വർഷത്തിന് ശേഷം ക്രൈം ബ്രാഞ്ച് ഈ കേസ് വീണ്ടും അന്വേഷണത്തിനെടുക്കുമ്പോൾ ഒരു അപസർപ്പക കഥപോലെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഇതിന്റെ അന്ത്യം എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് സമൂഹം. ഒരുപാട് ചർച്ച ചെയ്യപ്പെട്ട ജിജ്ഞാസയുളവാക്കിയ ഈ സംഭവം എന്തായിരുന്നുവെന്ന് ഒരു പക്ഷേ പുതുതലമുറക്ക് അറിവുണ്ടാകണമെന്നില്ല. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ താൻ മരണപ്പെട്ടതായി രേഖയുണ്ടാക്കി ബന്ധപ്പെട്ടവരെ അറിയിക്കാൻ അബൂദബിയിൽ ജോലിയുണ്ടായിരുന്ന സുകുമാരക്കുറുപ്പ് നടത്തിയതായി പറയുന്ന അതിക്രൂരമായ കൊലപാതകം. ഇതിനായി വിദേശത്തും സ്വദേശത്തും ഗൂഢാലോചന.ഒടുവിൽ നാടകം പാളിയപ്പോൾ എവിടെയോ ഒളിച്ചു. സർവ സന്നാഹങ്ങളുമായി എല്ലാ കഴിവുകളും ഉപയോഗിച്ചു പോലീസ് രാജ്യത്താകമാനവും പുറത്തും അന്വേഷണം നടത്തി. അതിനായി അതിവിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥരെ തന്നെ നിയമിച്ചിട്ടും ഫലം ഒന്നുമുണ്ടായില്ല. നീണ്ട 42 വർഷത്തിനിടയിൽ ഒരുപാട് ഊഹാപോഹങ്ങൾ പരന്നു. വേഷവും പേരും മാറ്റി ഇപ്പോഴും കുറുപ്പ് ജീവനോടെ ദുബൈയിലുണ്ട്. അതല്ലാ, ഝാർഖണ്ഡിലാണ്. സ്വന്തം നാടായ ചെങ്ങന്നൂർ ചെറിയനാട്ടെ വീട്ടിൽ ഇടക്കിടെ വന്നുപോകുന്നു. ബന്ധുവീടുകളിൽ കല്യാണത്തിന് പങ്കെടുക്കുന്നു. താമസിക്കുന്നു. അങ്ങനെ പോകുന്നു അത്തരം കഥകൾ. ഈ കഥകൾക്കു പിന്നാലെ യാഥാർഥ്യങ്ങൾ അന്വേഷിച്ച് പോലീസ് പോയെങ്കിലും അതെല്ലാം വെറും ഭാവനകളാണെന്ന നിഗമനത്തിലാണ് എത്തിയത്. എന്നാൽ അതിൽ എന്തെങ്കിലും യാഥാർഥ്യങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം അതീവ രഹസ്യവുമാണ്.ഏറ്റവുമൊടുവിൽ ബൊക്കാറോയിലെ ആശുപത്രിയിൽ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടതായി ബൊക്കാറോ ജനറൽ ആശുപത്രിയിൽ 1989ൽ നഴ്‌സായി വിരമിച്ച കായംകുളം ചിങ്ങോലി സ്വദേശി രത്‌നമ്മ ശിവരാജൻ ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയതായി വാർത്തകളിൽ വന്നിരുന്നു. അന്ന് ജോഷി എന്ന പേരിലാണ് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയതെന്നും 18 ഭാഷകൾ അയാൾക്ക് അറിയാമെന്നും അയാൾ കൊടുത്ത മേൽവിലാസത്തിൽ പുണെയാണ് സ്വദേശമെന്നും അവർ പറഞ്ഞതായാണ് പത്രവാർത്ത. ഒന്നും അറിയാത്ത മട്ടിൽ താൻ അയാളോടു സംസാരിക്കുകയും ആലപ്പുഴയിലാണ് വീടെന്ന് പറഞ്ഞപ്പോൾ താൻ അവിടെയൊക്കെ വരാറുണ്ടെന്ന് “സുകുമാരക്കുറുപ്പ്’ പറഞ്ഞതായും ചെറിയനാട്ട് പുത്തൻവീട്ടിൽ ശിവരാമക്കുറുപ്പിന്റെ വീടിനടുത്താണ് തന്റെ വീടെന്ന് പറഞ്ഞപ്പോൾ അയാളുടെ മുഖഭാവം മാറിയതായും രത്‌നമ്മ ശിവരാമൻ ക്രൈം െബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. ഇത്തരം വാർത്തകൾ വന്നതിന് പിന്നാലെയാണ് സുകുമാരക്കുറുപ്പ് കേസ് ഇപ്പോൾ സജീവമായിരിക്കുന്നത്.ആ കഥ ഇങ്ങനെസുകുമാരക്കുറുപ്പ് തന്റെ ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബൂദബിയിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് പണക്കാരനാകാനുള്ള വ്യാമോഹത്താൽ ലക്ഷങ്ങളുടെ ഇൻഷ്വറൻസ് പോളിസി എടുക്കുകയും തുടർന്ന് കാറപകടത്തിൽ താൻ കൊല്ലപ്പെട്ടെന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താനായി അയാൾ തീരുമാനിച്ചു. അതിനായി സുകുമാരക്കുറുപ്പിന്റെ അളിയനും വിശ്വസ്തനുമായ ഡ്രൈവറും അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും ഗൂഢാലോചന നടത്തി. കൊല നടത്താനായി ആലപ്പുഴ മെഡിക്കൽ കോളജ് ലബോറട്ടറിയിൽ നിന്ന് അൽപ്പം “ഈതർ’ കൈക്കലാക്കി.. 1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും കൂട്ടുപ്രതികളും തിരുവനന്തപുരത്തെത്തി പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. അങ്ങനെ അവർ തോട്ടപ്പള്ളി കൽപകവാടിയിൽ ഒത്തുചേർന്നു. സുകുമാരക്കുറുപ്പ് തന്റെ അംബാസഡർ കാറിലും മറ്റുള്ളവർ മറ്റൊരു കാറിലുമാണ് എത്തിയത്.തുടർന്ന് ദേശീയപാതയുടെ തെക്കുഭാഗത്തേക്ക് യാത്ര തിരിച്ചു. സുകുമാരക്കുറുപ്പിനോട് രൂപ, വലിപ്പ സാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 23 കി. മീറ്ററിലധികം സഞ്ചരിച്ച് ഓച്ചിറ വരെ പോയെങ്കിലും അങ്ങനെയൊരാളെ കണ്ടെത്താൻ കഴിയാതെ തിരികെ വരുന്നവഴി കരുവാറ്റയിലെത്തിയപ്പോൾ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ ഇവരുടെ കാറിന് കൈകാണിച്ചു. സുകുമാരക്കുറുപ്പും കൂട്ടരും മനസ്സിൽ കണ്ട രൂപസാദൃശ്യമുള്ള ആളായതിനാൽ അയാൾക്ക് ലിഫ്റ്റ് നൽകി യാത്ര തുടർന്നു. ഇതിനിടയിൽ ചാക്കോക്ക് കുടിക്കാൻ എന്തോ നൽകിയെങ്കിലും കുടിക്കാൻ അയാൾ തയ്യാറാകാതിരുന്നതോടെ നിരന്തരമായി നിർബന്ധിച്ച്, ഈതർ കലർത്തിയ പാനീയം ബലമായി കുടിപ്പിക്കുകയും നിമിഷങ്ങൾക്കകം ഒരാൾ ചാക്കോയുടെ കഴുത്തിൽ ഷാൾ മുറുക്കി കഴുത്ത് ഒടിക്കുകയുമായിരുന്നു. തുടർന്ന് മൃതേദഹം സുകുമാരക്കുറുപ്പിന്റെ വീടായ ചെറിയനാട്ടെ സ്മിത ഭവനിലേക്ക് കൊണ്ടുപോയി.സുകുമാരക്കുറുപ്പിന്റെ മൃതദേഹമാണെന്ന് വരുത്തിത്തീർക്കാൻ കുറുപ്പിന്റെ ലുങ്കിയും ഷർട്ടും ധരിപ്പിച്ചു. തുടർന്ന് കാറിന്റെ ഡിക്കിയിൽ മൃതദേഹം കയറ്റി സുകുമാരക്കുറുപ്പും കൂട്ടരും രണ്ട് കാറുകളിലായി യാത്ര ആരംഭിച്ചു. കൊല്ലക്കടവ് എന്ന സ്ഥലത്തെത്തിയപ്പോൾ മൃതദേഹം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തിയ ശേഷം സമീപത്തെ നെൽവയലിലേക്കു കാർ തള്ളിയിട്ടു. അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്നതുകാരണം അതിവേഗം കാറിന് തീപ്പിടിച്ചതോടെ കുറുപ്പും സംഘവും മറ്റേകാറിൽ കയറി സ്ഥലം വിടുകയായിരുന്നു. ഇതിനിടയിൽ കുറുപ്പിന് ഒപ്പമുണ്ടായിരുന്നവർക്ക് പൊള്ളലേൽക്കുകയും രക്ഷപ്പെടാനുള്ള തിടുക്കത്തിൽ താഴെ വീണ ഗ്ലൗസ് എടുക്കാൻ വിട്ടുപോകുകയും ചെയ്തു. വെളുപ്പിന് മൂന്ന് മണിയോടടുത്തിരുന്നു ഈ സമയം. പുലർച്ചെ കത്തിക്കൊണ്ടിരുന്ന കാർ സമീപവാസികൾ കാണുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസെത്തി അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഗ്ലൗസ് കണ്ടതോടെ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് സംശയം ഉയർന്നു. തുടർന്ന് കൂട്ടുപ്രതികളെ പോലീസ് പിടികൂടിയെങ്കിലും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സുകുമാരക്കുറുപ്പിനെ കണ്ടെത്താനായിട്ടില്ല.ഇതിനിടയിലാണ് സുകുമാരക്കുറുപ്പ് ഇന്ത്യക്കകത്തും പുറത്തും വെച്ചുമൊക്കെ വേഷവും പേരും മാറ്റി വ്യത്യസ്ത ഭാഷകൾ സംസാരിച്ച് കഴിയുന്നതായി വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആ വാർത്തകളൊക്കെ ശരിയോ തെറ്റോ ആകാമെങ്കിലും പോലീസ് അതീവ ജാഗ്രതയോടെ സത്യം കണ്ടെത്താൻ പിന്നാലെയുണ്ടെന്നുള്ളതാണ് വസ്തുത. അപ്പോഴും കോട്ടയത്ത് നിന്ന് കാണാതായ ഹാശിം- ഹബീബ ദമ്പതികളും പത്തനംതിട്ടയിലെ ജസ്‌നയും ആലപ്പുഴയിലെ രാഹുൽ ഉൾപ്പെടെ എത്രയോ പേർ, ഇപ്പോഴും എവിടെയെന്ന ചോദ്യവും ബാക്കിയാകുന്നു. എങ്കിലും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അലി അക്ബർ പറയുന്നു, “അന്വേഷണം തുടരട്ടെ… സത്യം ഒരിക്കൽ പുറത്തുവരാതിരിക്കില്ല.’