മനാമ: ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക രചനാ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലെ എ.കെ.ജി ഹാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ മുൻ എം.എൽ.എയും കേരള ബാങ്ക് വൈസ് ചെയർമാനുമായ ടി.വി. രാജേഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു.മണ്മറഞ്ഞ പ്രശസ്ത നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ നാമധേയത്തിലാണ് ഈ പുരസ്കാരം നൽകിവരുന്നത്. 2024-ലെ പുരസ്‌കാരം ‘റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകം അല്ല’ എന്ന കൃതിയിലൂടെ ഡോ. ചന്ദ്രദാസും, 2025-ലെ പുരസ്‌കാരം ‘തീമാടൻ’ എന്ന കൃതിയിലൂടെ രാജ്മോഹൻ നീലേശ്വരവും ഏറ്റുവാങ്ങി. ഇരുപത്തിയയ്യായിരം രൂപയും വെങ്കല ശില്പവുമടങ്ങുന്ന പുരസ്കാരം ടി.വി. രാജേഷും കരിവെള്ളൂർ മുരളിയും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു. അവാർഡ് ഫലകം രൂപകല്പന ചെയ്ത പ്രവീൺ രുഗ്മയ്ക്കുള്ള ഉപഹാരം കലാ വിഭാഗം സെക്രട്ടറി ഷിജു പിണറായി കൈമാറി.പ്രതിഭ രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.വി. നാരായണൻ സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗം മിജോഷ് മൊറാഴ നന്ദിയും പറഞ്ഞു. കരിവെള്ളൂർ മുരളി ആശംസ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വൈസ് പ്രസിഡന്റ് റീഗ പ്രദീപ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.2021-ൽ ‘ഭഗവാന്റെ പള്ളി നായാട്ട്’ എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് പ്രഥമ പുരസ്കാരത്തിന് അർഹനായത്. രണ്ടാമത്തെ അവാർഡ് ‘ബ്ലാക്ക് ബട്ടർഫ്ലൈസ്’ എന്ന നാടകത്തിലൂടെ സതീഷ് കെ. സതീഷും നേടിയിരുന്നു. പ്രതിഭ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.The post ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക രചനാ പുരസ്കാരങ്ങൾ വിതരണം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.