അബൂദബി|യു എ ഇ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അബൂദബി ഭരണാധികാരിയായി ചുമതലയേറ്റതിന്റെ 60-ാം വാർഷികം രാജ്യം ആഘോഷിച്ചു. 1966 ആഗസ്റ്റ് ആറിനാണ് ശൈഖ് സായിദ് ഭരണം ഏറ്റെടുത്തത്. രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനും 1971ലെ യു എ ഇ രൂപീകരണത്തിനും വഴിയൊരുക്കിയത് ഈ ചരിത്ര നിമിഷമായിരുന്നു. 1918ൽ അബൂദബിയിൽ ജനിച്ച അദ്ദേഹം, മത്സ്യബന്ധനവും മുത്തുച്ചെപ്പുകൾ ശേഖരിക്കലും പ്രധാന ഉപജീവനമാർഗമായിരുന്ന കാലത്താണ് വളർന്നത്. അബൂദബിയിൽ നിന്ന് 1962 ൽ ക്രൂഡ് ഓയിൽ കയറ്റുമതി ആരംഭിച്ചതോടെ, ലഭിച്ച വരുമാനം സ്‌കൂളുകൾ, ആശുപത്രികൾ, പാർപ്പിടങ്ങൾ, റോഡുകൾ എന്നിവ നിർമിക്കാൻ അദ്ദേഹം വിനിയോഗിച്ചു.തുടർന്ന് 1971 ഡിസംബർ രണ്ടിന് ഏഴ് എമിറേറ്റുകളെ സമന്വയിപ്പിച്ച് യു എ ഇ എന്ന യൂണിയന് രൂപം നൽകുകയും രാജ്യത്തിന്റെ ആദ്യ പ്രസിഡന്റാവുകയും ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും മാനവിക മൂല്യങ്ങൾക്കും ഊന്നൽ നൽകിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് യു എ ഇയെ ഇന്നത്തെ വൻശക്തിയാക്കി മാറ്റിയത്.വികസന കുതിപ്പിന് അടിത്തറയിട്ട ചരിത്ര ദിനംസ്ഥാനാരോഹണത്തിന്റെ 60-ാം വാർഷിക വേളയിൽ, രാഷ്ട്രപിതാവ് കാണിച്ചുതന്ന പാതയിലൂടെ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. “യു എ ഇയുടെ വികസന കുതിപ്പിന് തറക്കല്ലിട്ട ചരിത്രപരമായ നിമിഷമാണ് ആഗസ്റ്റ് ആറ്. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ദീർഘവീക്ഷണത്തിൽ അധിഷ്ഠിതമായ ഭരണനേതൃത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തിന്റെ സുസ്ഥിരവും സമൃദ്ധവുമായ ഭാവി നിർമിക്കുന്നതിനായി ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങളുമായി നമ്മൾ മുന്നോട്ട് പോകും.’ പ്രസിഡന്റ് കുറിച്ചു.രാഷ്ട്രത്തെയും ജനങ്ങളെയും പടുത്തുയർത്തിയ യുഗപുരുഷൻഭൗതികമായ വികസനത്തിനപ്പുറം ജനങ്ങളെ പടുത്തുയർത്തുകയും ജനങ്ങളും മാതൃരാജ്യവും തമ്മിൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്ത യുഗപുരുഷനായിരുന്നു ശൈഖ് സായിദെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അനുസ്മരിച്ചു.മഹാനായ ഒരു ചിന്തകൻ കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്ന മഹത്തായ നേതാക്കളുണ്ട്, മനുഷ്യരെ വാർത്തെടുക്കുന്ന ചിന്തകരും പരിഷ്‌കർത്താക്കളുമുണ്ട്. ശൈഖ് സായിദ് ഒരു രാഷ്ട്രത്തെ പടുത്തുയർത്തുകയും അതിലെ ജനങ്ങളെ വാർത്തെടുക്കുകയും ചെയ്തു. ജനങ്ങളും അവരുടെ മാതൃരാജ്യവും തമ്മിൽ ആഴത്തിലുള്ള ബന്ധമാണ് അദ്ദേഹം സ്ഥാപിച്ചെടുത്തത്. അദ്ദേഹം കുറിച്ചു.യു എ ഇയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിലൊന്നാണ് ആഗസ്റ്റ് ആറ് എന്നും ലോകത്തിന് തന്നെ മാതൃകയായ വികസന ഘടനയാണ് ശൈഖ് സായിദ് കെട്ടിപ്പടുത്തതെന്നും വിവിധ നേതാക്കൾ സന്ദേശത്തിൽ പറഞ്ഞു.Content Highlights:The UAE celebrated the 60th anniversary of Sheikh Zayed bin Sultan Al Nahyan taking charge as Abu Dhabi ruler. President Sheikh Mohamed and Sheikh Mohammed bin Rashid paid tribute to his vision that paved the way for UAE’s modern formation, unity, and economic progress.