കമ്പാല | ഉഗാണ്ടൻ ദേശീയ ഫുട്ബോൾ ടീം അംഗവും പ്രമുഖ ക്ലബ്ബായ സ്പോർട്സ് ക്ലബ്ബ് വില്ലയുടെ (SC Villa) നായകനുമായ ഡേവിഡ് ഒവോറി (David Owori) ആക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ കമ്പാലയിലെ മാക്കിൻഡ്യയിലുള്ള വസതിക്ക് സമീപം വെച്ചാണ് 27 കാരനായ താരം ആക്രമിക്കപ്പെട്ടത്. മൊബൈൽ ഫോണും മറ്റ് വ്യക്തിഗത സാമഗ്രികളും കവരാൻ ശ്രമിച്ച കവർച്ചാ സംഘത്തെ പ്രതിരോധിക്കുന്നതിനിടയിലാണ് ഒവോറിയ്ക്ക് മാരകമായി പരിക്കേറ്റത്.ചൊവ്വാഴ്ച രാത്രി വീടിന് സമീപത്തുവെച്ച് അക്രമികൾ ഒവോറിയെ തടഞ്ഞുനിർത്തുകയും പേവിംഗ് സ്റ്റോണുകൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം വസ്ത്രങ്ങളും സാധനങ്ങളും കവർന്ന സംഘം താരത്തെ ബോധരഹിതനായ നിലയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഉടൻ തന്നെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ജീവൻ രക്ഷിക്കാനായില്ല.സ്പോർട്സ് ക്ലബ്ബ് വില്ലയുടെ റൈറ്റ് ബാക്ക്, മിഡ്ഫീൽഡർ സ്ഥാനങ്ങളിൽ തിളങ്ങിയിരുന്ന ഒവോറി ‘കോൾഗേറ്റ്’ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരു കളിക്കാരനേക്കാൾ ഉപരി മികച്ചൊരു നേതാവിനെയും സഹോദരനെയുമാണ് തങ്ങൾക്ക് നഷ്ടമായതെന്ന് എസ് സി വില്ല വക്താവ് ഹസൻ കാസിംഗ്യ പറഞ്ഞു.മൈതാനത്തിനകത്തും പുറത്തും ഉഗാണ്ടൻ തലമുറയ്ക്ക് പ്രചോദനമായിരുന്ന മഹാനായ നേതാവായിരുന്നു ഒവോറിയെന്ന് ഫെഡറേഷൻ ഓഫ് ഉഗാണ്ട ഫുട്ബോൾ അസോസിയേഷൻസ് (FUFA) അനുശോചിച്ചു. സംഭവം ഉഗാണ്ടയിൽ കടുത്ത ദുഃഖത്തോടൊപ്പം ശക്തമായ ജനരോഷത്തിനും കാരണമായിട്ടുണ്ട്.Content HighlightsUgandan football captain David Owori passed away at age 27 after a violent robbery attack near his Kampala home. The SC Villa star succumbed to severe injuries in the hospital. Football fraternity mourns.