ദുബൈ| യു എ ഇയിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, മാളുകൾ, ഫിറ്റ്നസ് സെന്ററുകൾ തുടങ്ങി വാണിജ്യാവശ്യങ്ങൾക്ക് സംഗീതം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ഫീസ് നിർബന്ധമാക്കി യു എ ഇ സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയം. ഇതിനായുള്ള “കലക്ടീവ് മാനേജ്മെന്റ് ഇൻ മ്യൂസിക് ഗൈഡ്’ മന്ത്രാലയം പുറത്തിറക്കി. 2026 ഡിസംബർ മുതലാണ് ഫീസ് പിരിച്ചുതുടങ്ങുക.മന്ത്രാലയത്തിന്റെ അംഗീകാരമുള്ള എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ, മ്യൂസിക് നേഷൻ എന്നീ രണ്ട് സ്ഥാപനങ്ങൾക്കാണ് ഫീസ് പിരിച്ചെടുക്കാനുള്ള ചുമതല. സ്ഥാപനത്തിന്റെ വലുപ്പവും സംഗീതം ഉപയോഗിക്കുന്ന രീതിയും അനുസരിച്ചാണ് ഫീസ് നിരക്ക് നിശ്ചയിക്കുക. ഈ ലൈസൻസുകൾക്ക് ഒരു വർഷത്തെ കാലാവധിയുണ്ടാകും.അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, ദേശീയ ആഘോഷങ്ങൾ, വ്യക്തിഗതവും വാണിജ്യപരമല്ലാത്തതുമായ ചടങ്ങുകൾ എന്നിവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഗീത മേഖലയിലെ പകർപ്പവകാശ ലംഘനങ്ങൾ തടയാനും കലാകാരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പുതിയ നിയമമെന്ന് സാമ്പത്തിക, വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. ലഭിക്കുന്ന ഫീസിന്റെ 10 ശതമാനം തുക സംഗീത മേഖലയിലെ പുതിയ പ്രതിഭകളെയും പ്രാദേശിക കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള “കൾച്ചറൽ സപ്പോർട്ട് ഫണ്ടിലേക്ക്’ മാറ്റും.നിയമപാലനം ഉറപ്പാക്കാൻ ലൈസൻസുള്ള സ്ഥാപനങ്ങളിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നേരിട്ടുള്ള പരിശോധനകളും സാമ്പത്തിക-സാങ്കേതിക രേഖകളുടെ അവലോകനവും നടപ്പിലാക്കും. പകർപ്പവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കലാകാരന്മാരുടെയും മറ്റ് അവിഭാജ്യ കക്ഷികളുടെയും പരാതികൾ പരിഹരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം ലൈസൻസ് വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ മന്ത്രാലയത്തിന് പൂർണ അധികാരമുണ്ടായിരിക്കും.Content Highlights:The UAE Ministry of Economy and Tourism made music licensing mandatory for commercial entities from December 2026. Emirates Music Rights Association and Music Nation will collect the fees. Ten percent of fees will support local artists through a Cultural Support Fund.