നാല് പതിറ്റാണ്ടുകളുടെ സജീവ പ്രവർത്തനപാരമ്പര്യമുള്ള ഒരു സംഘാടകന്റെ ഹൃദയത്തിൽ നിന്നുള്ള തുറന്നെഴുത്താണ് “ഓർമായനം.’ എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറിയും സംഘാടകനുമായ മജീദ് പുത്തൂർ, പ്രസ്ഥാനത്തിന്റെ പ്രതീക്ഷകളും വെല്ലുവിളികളും വിജയങ്ങളും ഇഴചേർത്ത് നെയ്തെടുത്ത ഈ ചരിത്രഗ്രന്ഥം കേവലം ഒരു ആത്മകഥയല്ല; ജീവിക്കുന്ന ഒരുപാട് സംഭവങ്ങളുടെ ചരിത്രരേഖ കൂടിയാണ്.ആമുഖത്തിൽ ഗ്രന്ഥകാരൻ തന്നെ കുറിക്കുന്നതുപോലെ “കൈയിൽ പൂമാലകളും ചുണ്ടിൽ പൂപുഞ്ചിരിയുമായി കാത്തിരിക്കുന്ന അനുയായികൾക്കിടയിലേക്കല്ല ഒരു സംഘാടകൻ പിറകൊള്ളുന്നത്. അനേകം മുൾക്കിരീടങ്ങളാണ് ഒരേ സമയം അയാളുടെ തലയിൽ ചൂടേണ്ടിവരുന്നത്.’ വിയർപ്പിന്റെയും വേദനയുടെയും അനുഭവങ്ങളാൽ മിനുക്കപ്പെട്ട ഒരു പ്രവർത്തകജീവിതത്തിന്റെ ആത്മകഥനമാണ് ഇതെന്ന് ഈ വരികൾ തന്നെ വിളിച്ചുപറയുന്നു. ഉരുകിയ കാൽപ്പാദങ്ങളോടെ പിന്നിട്ട വഴികളാണ് ഒരു പ്രവർത്തകന്റേതെന്നും ആ ഉരുകലിന്റെ ചൂടിലാണ് ഒരു പ്രവർത്തകൻ ജീവിതപാഠങ്ങളാൽ പാകപ്പെടുന്നതെന്നും ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു.പുസ്തകത്തിന് അവതാരിക എഴുതിയ ഡോ. എ പി മുഹമ്മദ് അബ്ദുൽഹകീം അസ്ഹരി, മജീദ് പുത്തൂരുമായുള്ള തന്റെ ദീർഘകാല സൗഹൃദാനുഭവങ്ങൾ പങ്കുവെക്കുന്നു. ദർസിൽ പഠിക്കുമ്പോഴും മതരംഗത്ത് സേവനം ചെയ്യുമ്പോഴും പിന്നീട് കച്ചവട മേഖലയിൽ സജീവമായപ്പോഴുമെല്ലാം ഒരേ ആവേശവും പ്രതിബദ്ധതയും കാത്തുസൂക്ഷിച്ച ആത്മസുഹൃത്തിനെ അദ്ദേഹം ഓർത്തെടുക്കുന്നു. 2006ൽ ബംഗളുരുവിൽ മജീദ് പുത്തൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വിപുലമായ പ്രഭാഷണപരമ്പരയും, മലയാളികൾക്കു പുറമെ വലിയൊരു ഹനഫി സമൂഹവും പങ്കെടുത്ത അപൂർവമായ അനുഭവവും അസ്ഹരി അനുസ്മരിക്കുന്നുണ്ട്. ആദ്യമായി ദേശീയ എസ് എസ് എഫ് അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ച് അതിന്റെ ചെയർമാനായി ഡോ. ഹകീം അസ്ഹരിയും കൺവീനറായി മജീദ് പുത്തൂരുമാണ് പ്രവർത്തിച്ചത്. തുടർന്ന് നടത്തിയ ബംഗളൂരു, ഹൈദരബാദ്, മുംബൈ സമ്മേളനങ്ങളും ദേശീയ രംഗത്ത് എസ് എസ് എഫിന് വലിയ തുടക്കമായെന്ന് ഡോ. അസ്ഹരി അവതാരികയിൽ വിശദീകരിക്കുന്നു.“പടച്ചവൻ കല്ലാണ് പടച്ചത്; അതിനെ കണ്ണാടിയാക്കുന്നത് മനുഷ്യനാണ്’ എന്ന അല്ലാമാ ഇഖ്ബാലിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ജീവിതസംഘർഷങ്ങളുടെ ഫലമായി കൈവന്ന രൂപഭംഗിയാണ് ഈ ആത്മകഥയുടെ സൗന്ദര്യമെന്ന് എഡിറ്റർ നിരീക്ഷിക്കുന്നു. വായിച്ചുതുടങ്ങിയാൽ പാതിവഴിയിൽ മടക്കിവെക്കാകാത്ത വിധം പ്രചോദനാത്മകമായ ഊർജമാണ് ഈ പുസ്തകം വായനക്കാരന് പകരുന്നത്. തളർന്നുപോയ ജീവിതങ്ങളെ പുതുജീവിതത്തിലേക്ക് നയിക്കാനുള്ള ശേഷിയും ഈ കൃതിക്കുണ്ട്.ചുരുക്കത്തിൽ, തന്നെ മാത്രം കേന്ദ്രീകരിച്ച് പറയുന്നതിനുപകരം തന്റെ ചുറ്റുപാടുകളെയും സഹയാത്രികരെയും കാലഘട്ടത്തെയും കൂടി രേഖപ്പെടുത്തുന്ന വിശാലമായ ആഖ്യാനശൈലിയാണ് ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നത്.സുന്നി പ്രസ്ഥാനത്തിന്റെ ബാല്യകാലസ്മരണകളിൽ തുടങ്ങി കനൽപഥങ്ങളിലൂടെ വർത്തമാനകാലത്തേക്ക് എത്തുന്ന ഈ എഴുത്ത് സംഘശക്തിയുടെ മഹത്വവും പ്രസ്ഥാനത്തിന്റെ ആഴവും വായനക്കാരെ ബോധ്യപ്പെടുത്തുന്നു. പ്രതിബന്ധങ്ങളെ പ്രതികാരത്തിന്റെ കണ്ണിലൂടെ അല്ല, അനുഭവപാഠങ്ങളുടെ വെളിച്ചത്തിൽ കാണുന്ന ഒരു യഥാർഥ പ്രവർത്തകന്റെ ജീവിതദർശനവും പോരാട്ടവീര്യവുമാണ് ഓരോ താളിലും തെളിഞ്ഞുകാണുന്നത്.“ഓർമായനം’ ഒരു വ്യക്തിയുടെ സ്വകാര്യ ഓർമക്കുറിപ്പല്ല; ഒരു പ്രസ്ഥാനത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. പുതുതലമുറക്ക് പ്രചോദനത്തിന്റെ വഴികാട്ടിയായും പഴയ തലമുറക്ക് ഇന്നലെകളെ ഓർത്തെടുക്കാനുള്ള മികച്ച റഫറൻസായും ഈ കൃതി നിലനിൽക്കും. മലൈബാർ പ്രസ്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ 49 അധ്യായങ്ങൾ ഉണ്ട്. പേജ്: 328. വില: 450 രൂപ.Content Highlights:Former SSF state secretary Majeed Puthoor releases his historical autobiography titled Ormayanam. The book captures four decades of organizational struggles, leadership insights, and Sunni movement history. Published by Malabar Press, the 328-page work features an introduction by Dr. Hakeem Azhari.