ന്യൂഡല്‍ഹി| മൗലാനാ ആസാദ് എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ അനുവദിച്ച ബീഗം ഹസ്രത്ത് മഹല്‍ ദേശീയ സ്‌കോളര്‍ഷിപ്പുകളില്‍ 36,612 എണ്ണം ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവ് മൂലം വിതരണം ചെയ്യാനായില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഡോ എം പി അബ്ദുസ്സമദ് സമദാനി എം പിയെ അറിയിച്ചു. മൗലാനാ ആസാദ് എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ നിര്‍ത്തലാക്കിയ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ന്യൂനപക്ഷ ക്ഷേമത്തിനായി കേരളത്തിന് അനുവദിച്ച ഫണ്ടുകള്‍, കുടിശ്ശികയോ തടസ്സപ്പെട്ടതോ ആയ പദ്ധതികളുടെ വിവരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കുടിശ്ശിക, പുതിയ ബദല്‍ കേന്ദ്ര പദ്ധതികള്‍ എന്നിവ സംബന്ധിച്ച് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.2021-22 വര്‍ഷത്തില്‍ കേരളത്തിലെ 54,896 പെണ്‍കുട്ടികള്‍ക്കായി 31.08 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഗുണഭോക്താക്കളുടെ വിവരങ്ങളിലെ സാങ്കേതിക പിഴവുകള്‍ കാരണം വലിയൊരു വിഭാഗം തുക അക്കൗണ്ടുകളില്‍ ക്രെഡിറ്റായിട്ടില്ലെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.എം എ ഇ എഫ് ഔദ്യോഗികമായി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനവും തൊഴിലില്‍ നൈപുണ്യവും ലക്ഷ്യമിട്ട് മറ്റു ബദല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിനായി ‘പ്രധാന്‍മന്ത്രി ജന്‍വികാസ് പ്രധാന്‍മന്ത്രി വിരാസത് കാ സംവര്‍ദ്ധന്‍’ എന്നീ പദ്ധതികളാണ് ന്യൂനപക്ഷ മന്ത്രാലയം നടപ്പിലാക്കി വരുന്നത്. ഇതില്‍ വിദ്യാഭ്യാസ നൈപുണ്യ അടിസ്ഥാന സൗകര്യ വികസനത്തിനായി പി എം ജെ വി കെ യും തൊഴില്‍ നൈപുണ്യത്തിനും സംരക്ഷണത്തിനുമായി പി എം വികാസ് പദ്ധതിയും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി മറുപടിയില്‍ വിശദീകരിച്ചു.Content Highlights:Union Minister Kiren Rijiju informed Samadani MP in Lok Sabha that 36,612 Begum Hazrat Mahal scholarships in Kerala were not credited due to bank errors. Around Rs 31.08 crore was sanctioned for 54,896 girls in 2021-22. Alternative schemes like PMJVK and PM VIKAS are now being implemented.