മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Wait 5 sec.

വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ, വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ അഡ്വ. സണ്ണി ജോസഫ്, എസ്.സി/എസ്.ടി, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ എന്നിവരാണ് ആറളം ഫാം സന്ദർശിക്കുന്നത്. സെക്രട്ടറിയേറ്റിൽ വനം വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ കൂടിയ മന്ത്രിതല യോഗത്തിലാണ് തീരുമാനം.ആറളം ഫാമിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ആനമതിൽ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കാനും മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗം വിലയിരുത്താനും യോഗം നിർദ്ദേശം നൽകി. ആനമതിൽ നിർമ്മാണം സാധ്യമല്ലാത്ത പ്രദേശങ്ങളിൽ ശക്തമായ മറ്റു പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തും. അടിക്കാട് വെട്ടുന്നതിന്റെയും വിസ്ത ക്ലിയറൻസിന്റെയും പുരോഗതി യോഗം വിലയിരുത്തി. ആറളം ഫാമിലെ പുനരധിവാസം പ്രദേശവാസികളുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കും. ആറളം ഫാമിന് ചുറ്റും പ്രതിരോധ സംവിധാനങ്ങൾ തീർക്കുമ്പോൾ മറ്റ് ജനവാസ മേഖലകളിലേക്ക് ആനകൾ ഇറങ്ങാതിരിക്കാനുള്ള മാർഗങ്ങളും യോഗം വിലയിരുത്തി.യോഗത്തിൽ മന്ത്രിമാരായ ഷിബു ബേബിജോൺ, അഡ്വ. സണ്ണി ജോസഫ്, കെഎ തുളസി എന്നിവരും വനം, പരിസ്ഥിതി, റവന്യു, പൊതുമരാമത്ത്, എസ്.സി/എസ്.ടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.