ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വൈകാരികമായി സംസാരിച്ച് സംവിധായിക ഗീതു മോഹൻദാസ്. ഈ സിനിമയ്ക്ക് ശേഷം തന്റെ വഴി എങ്ങോട്ടാണെന്ന് അറിയില്ലെങ്കിലും, ജീവിതത്തിൽ ഇനി എന്തുണ്ടാക്കിയാലും യഷ് തന്റെയുള്ളിൽ എപ്പോഴും ഉണ്ടായിരിക്കും എന്ന് ഗീതു മോഹൻദാസ് പറഞ്ഞു. ചുറ്റുമുള്ള പലരും തന്റെ കഴിവിൽ സംശയം പ്രകടിപ്പിച്ചപ്പോള്‍ തന്നിൽ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യഷ് മാത്രമാണ് എന്നും ഗീതു പറഞ്ഞു.'യഷ് എനിക്ക് ഒരു മികച്ച നിർമാതാവോ, പ്രതിഭയുള്ള നടനോ, അപാരപ്രതിഭയുള്ള ഒരു കോ റൈറ്ററോ മാത്രമല്ല. എനിക്ക് യഷ് ഒരു വികാരമാണ്, വളരെ ആഴത്തിലുള്ള ഒരു വികാരം. ഈ സിനിമയ്ക്ക് ശേഷം എന്റെ വഴി എന്തായിരിക്കും, ഞാൻ എങ്ങോട്ടാണ് പോകുക എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഞാൻ നിങ്ങളുടെ ഒരു ഭാഗം എന്നോടൊപ്പം കൊണ്ടുപോകും,' ഗീതു മോഹൻദാസ് പറഞ്ഞു.'ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോള്‍ എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു, എന്നും ഗീതു കൂട്ടിച്ചേർത്തു.അതേസമയം കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന 'ടോക്സിക്' ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.