മാറുന്ന കുടുംബബന്ധങ്ങളും ധാര്‍മികച്യുതിയും

Wait 5 sec.

മനുഷ്യബന്ധങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത തകര്‍ച്ചയിലേക്കും ധാര്‍മിക അധഃപതനത്തിലേക്കും വിരല്‍ചൂണ്ടുന്നതാണ് ഹരിയാനയിലെ സോണിപേട്ടില്‍ നിന്ന് അടുത്ത ദിവസം പുറത്തുവന്ന വാര്‍ത്ത. വൃദ്ധ സദനത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ അന്ത്യശ്വാസം വലിച്ച എഴുപതുകാരനായ പിതാവിന്റെ വിയോഗവാര്‍ത്തയറിഞ്ഞിട്ടും ഓടിയെത്താനോ അന്ത്യകര്‍മച്ചടങ്ങുകളില്‍ പങ്കുകൊള്ളാനോ ഉത്തര്‍പ്രദേശിലും മുംബൈയിലും നേപ്പാളിലുമായി ജോലി ചെയ്യുന്ന മക്കള്‍ക്ക് മനസ്സുണ്ടായില്ല. ‘സംസ്‌കാരച്ചടങ്ങിന് നേരിട്ടെത്താന്‍ സമയമില്ല, ചടങ്ങുകള്‍ വീഡിയോയിലൂടെ കണ്ടുകൊള്ളാ’മെന്നായിരുന്ന വൃദ്ധസദന നടത്തിപ്പുകാരനോട് മക്കള്‍ അറിയിച്ചത്.ഫോണിലൂടെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കെ, ചിത വേഗത്തില്‍ കത്തിത്തീരാത്തതില്‍ മക്കള്‍ കാണിച്ച അക്ഷമയും അമര്‍ഷവും അവരുടെ മനസ്സാക്ഷി മരവിപ്പിന്റെ കാഠിന്യം വ്യക്തമാക്കുന്നതായിരുന്നു. ‘ചിത കത്തിത്തീരാന്‍ ഇനിയും എത്ര സമയമെടുക്കും? ഞങ്ങള്‍ക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുള്ളതാണ്’ എന്ന് യാതൊരു സങ്കോചവുമില്ലാതെ വീഡിയോ കോളിലൂടെ മക്കള്‍ പറയുമ്പോള്‍, യഥാര്‍ഥത്തില്‍ അവിടെ കത്തിയമര്‍ന്നത് പിതാവിന്റെ മൃതശരീരം മാത്രമായിരുന്നില്ല, മക്കളില്‍ അവശേഷിക്കേണ്ടിയിരുന്ന കരുണ, സ്നേഹം, ആദരവ് തുടങ്ങിയ ധാര്‍മിക മൂല്യങ്ങള്‍ കൂടിയായിരുന്നു.ഹരിയാനയിലെ ഒരു കുടുംബത്തിന്റെ മാത്രം കഥയല്ലിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. സ്വത്ത് സ്വന്തം പേരില്‍ എഴുതി വാങ്ങിയ ശേഷം മാതാപിതാക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിടുന്നവര്‍, ചികിത്സ കഴിഞ്ഞിട്ടും ആശുപത്രികളില്‍ നിന്ന് തിരികെ കൊണ്ടുപോകാതെ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങള്‍, വൃദ്ധസദനങ്ങളില്‍ വര്‍ഷങ്ങളായി മക്കളുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്ന മാതാപിതാക്കള്‍, ജീവനാംശത്തിന് സ്വന്തം മക്കള്‍ക്കെതിരെ ട്രൈബ്യൂണലുകളെയും കോടതികളെയും സമീപിക്കുന്നവര്‍ തുടങ്ങിയവയൊന്നും അപൂര്‍വ വാര്‍ത്തകളല്ല. സ്വാര്‍ഥതയുടെയും ആധുനികതയുടെയും പേരില്‍ പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുകയും അവരെ ഒരു ഭാരമായി കാണുകയും ചെയ്യുന്ന സമൂഹത്തിന്റെ പ്രതിനിധാനമാണ് ഇവര്‍.സമൂഹത്തിന്റെ ഏറ്റവും വലിയ കരുത്ത് ബന്ധങ്ങള്‍ ഊഷ്മളമായ കുടുംബമായിരുന്നു. മൂന്നും നാലും തലമുറകള്‍ ഒരുവീട്ടില്‍ താമസിച്ചു. കുട്ടികളെ വളര്‍ത്തുന്നതില്‍ നിന്ന് തുടങ്ങി വയോജനങ്ങളെ പരിപാലിക്കുന്നതു വരെയുള്ള ഉത്തരവാദിത്വങ്ങള്‍ കുടുംബം തന്നെ ഏറ്റെടുത്തിരുന്നു. വാര്‍ധക്യം അന്ന് ഒറ്റപ്പെടലിന്റെ പര്യായമായിരുന്നില്ല. ജീവിതം മുഴുവന്‍ മക്കള്‍ക്കായി ഉഴിഞ്ഞുവെച്ച, മക്കള്‍ക്കായി വിയര്‍പ്പൊഴുക്കിയ മാതാപിതാക്കള്‍ക്ക് അവരുടെ അവസാന കാലത്ത് ലഭിച്ചിരുന്നത് സാമ്പത്തിക സുരക്ഷയേക്കാള്‍ വലിയ മറ്റൊരു സമ്പത്തായിരുന്നു- മക്കളുടെ സാമീപ്യവും സ്നേഹവും.ഇന്ന് ചിത്രം മാറി. അണുകുടുംബങ്ങളുടെ വ്യാപനം, തൊഴിലാ വശ്യാര്‍ഥം വിദേശങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റം, മത്സരാധിഷ്ഠിത ജീവിത ശൈലി, വ്യക്തിജീവിതത്തിന് നല്‍കുന്ന അമിത സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം കുടുംബ ജീവിതങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു. വിദേശത്ത് ജോലി ചെയ്യുന്നതോ മറ്റൊരു നഗരത്തില്‍ താമസിക്കുന്നതോ അല്ല പ്രശ്നം; ഭൂമിശാസ്ത്രപരമായ അകല്‍ച്ച വൈകാരികമായ അകല്‍ച്ചയായി മാറുന്നതാണ്. ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയായിട്ടും ദിവസവും മാതാപിതാക്കളുമായി സംസാരിക്കുന്ന, പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന മക്കളുണ്ട്. പ്രശ്നം ദൂരമല്ല, മനസ്സുകളുടെ അകലവും മാതാപിതാക്കളെ സാമ്പത്തിക ബാധ്യതയായി കാണുന്ന സമീപനവുമാണ്. കുടുംബ ബന്ധങ്ങളുടെ സ്ഥാനത്ത് സാമ്പത്തികമായ കണക്കുകൂട്ടലുകള്‍ കടന്നു വരുമ്പോള്‍ സ്നേഹവും കടമയും പിന്തള്ളപ്പെടുന്നു.കരിയറും പണവും സുഖസൗകര്യങ്ങളും മാത്രം ലക്ഷ്യമിട്ട് ഓടുമ്പോള്‍, മാതാപിതാക്കള്‍ക്ക് മുമ്പില്‍ സമയവും സമ്പത്തുമെല്ലാം കൊട്ടിയടയ്ക്കുകയാണ്. സാങ്കേതികവിദ്യ പ്രപഞ്ചത്തിന്റെ അകലങ്ങളെ നമ്മുടെ വിരല്‍തുമ്പിലെത്തിച്ചപ്പോഴും, അരികിലുള്ളവരുടെ നെഞ്ചിടിപ്പുകള്‍ കേള്‍ക്കാനാകാത്ത വിധം നമ്മുടെ ഹൃദയങ്ങള്‍ കല്ലായി മാറി. മാതാപിതാക്കള്‍ മക്കള്‍ക്കായി ചെലവഴിച്ചത് കേവലം പണം മാത്രമല്ല, അവരുടെ ആരോഗ്യം, സമയം, സന്തോഷങ്ങള്‍ എന്നല്ല അവരുടെ ജീവിതം തന്നെയാണ്. ഇതിനു പകരം നല്‍കാന്‍ മക്കളുടെ സ്നേഹത്തിനും സാമീപ്യത്തിനുമല്ലാതെ മറ്റൊന്നിനുമാകില്ല. മാതാപിതാക്കളുടെ മൃതദേഹ സംസ്‌കാര ചടങ്ങുകള്‍ പോലും സുഖകരമായ ജീവിതത്തിന് തടസ്സമാണെന്നു കരുതുന്ന ഒരു തലമുറയെയാണോ വളര്‍ത്തിയെടുക്കുന്നതെന്ന് ഓരോ കുടുംബവും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സര്‍ക്കാറിനും സമൂഹത്തിനും ഇവിടെ വലിയ ഉത്തരവാദിത്വമുണ്ട്. വയോജന സംരക്ഷണ നിയമങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണം. സ്വത്ത് തട്ടിയെടുത്ത് മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കും പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. വളരുന്ന തലമുറക്ക് വിദ്യാഭ്യാസത്തിനൊപ്പം കുടുംബ ഉത്തരവാദിത്വത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ട്. പുതുതലമുറ ഇന്ന് മാതാപിതാക്കളോട് കാണിക്കുന്ന സമീപനമാണ് നാളെ സ്വന്തം മക്കളില്‍ നിന്ന് തിരിച്ചു കിട്ടാന്‍ സാധ്യതയെന്ന ബോധം വളര്‍ത്തിയെടുക്കുകയും വേണം. ഒരു നിയമബാധ്യതയോ സാംസ്‌കാരിക ആചാരമോ അല്ല മാതാപിതാക്കളുടെ സംരക്ഷണം, മനുഷ്യന്റെ അടിസ്ഥാനപരമായ ധാര്‍മികതയും നന്ദിയുടെ ഏറ്റവും ലളിതമായ പ്രകടനവുമാണ്.