മണ്‍സൂണ്‍ മഴയുടെ സ്വന്തം ദേശത്ത് മഴയുടെ സ്വഭാവമാകെ മാറിപ്പോയി. മഴയുടെ രൂപത്തിലും ഭാവത്തിലും ഉണ്ടായ ഏറ്റക്കുറച്ചിലുകള്‍ മലയാളിയുടെ ഉറക്കം കെടുത്തുകയാണ്. ചെറിയ സ്ഥലത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ പെരുത്ത മഴയെന്നതാണ് പുതിയ രീതി. ആഗോളതാപനവും ഹരിതഗൃഹപ്രഭാവവും കാലാവസ്ഥയെയാകെ മാറ്റി മറിച്ചു. നിശ്ചിത ഇടവേളകളില്‍ സ്ഥിരമായി സംഭവിച്ചിരുന്ന കാലാവസ്ഥാ വ്യതിയാനം അനിശ്ചിതമായ കാലാവസ്ഥാ മാറ്റമെന്ന പുതിയ അര്‍ഥതലങ്ങളിലേക്ക് മാറുകയാണ്. മനുഷ്യ ഇടപെടലുകള്‍ കുറഞ്ഞിരുന്ന കാലഘട്ടത്തിലും ഭൂമിയുടെ താപനില ഉയരുകയും വളരെ താഴ്ന്ന് പോകുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥയെ പ്രതിരോധിക്കാനാകാതെ ദിനോസറുകളുള്‍പ്പെടെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. കേരളത്തിലെ കാലാവസ്ഥയിലും വലിയ മാറ്റമാണ് കാണുന്നത്. 1700കള്‍ മുതല്‍ മനുഷ്യ പ്രേരിതമായ കാരണങ്ങള്‍ കൊണ്ടും കാലാവസ്ഥ മാറുന്നു.മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുംപരന്നൊഴുകിയിരുന്ന മഴമേഘങ്ങള്‍ സംവഹനമഴയെന്ന വിഭാഗത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് മഴ ലഭിച്ചിരുന്നത്. അന്തരീക്ഷപടലമായ ട്രോപ്പോസ്ഫീയറിലാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എട്ട് മുതല്‍ 12 കിലോമീറ്റര്‍ വരെ ഉയരമുള്ള ഈ പടലത്തില്‍ വെച്ചാണ് മഴമേഘങ്ങള്‍ ഖനീഭവിച്ച് മഴ പെയ്തിരുന്നത്. ആ രീതിയാകെ മാറി. മേഘങ്ങളുടെ ഒന്നിച്ചുള്ള വരവിനെ മേഘവിസ്ഫോടനമെന്ന് പറയാം. കേരളത്തില്‍ ലഘുമേഘവിസ്ഫോടനങ്ങളുടെ എണ്ണം കൂടി വരികയാണ്.വര്‍ധിച്ച തോതിലെത്തുന്ന മഴയെ ഉള്‍ക്കൊള്ളാന്‍ ഭൗമോപരിതലത്തിന് കഴിയാതെ വരുമ്പോള്‍ മിന്നല്‍ പ്രളയമുണ്ടാകും. ഡാമുകള്‍ അശാസ്ത്രീയമായി തുറക്കുന്നതും മിന്നല്‍ പ്രളയത്തിന്റെ ആക്കം കൂട്ടും. മുന്‍കാലങ്ങളില്‍ വരുന്ന മഴയുടെ ശക്തി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബഹുനില, ബഹുതല സസ്യ, വൃക്ഷ വ്യവസ്ഥ വനങ്ങളിലുണ്ടായിരുന്നു. ഏറ്റവും പൊക്കമുള്ള വൃക്ഷത്തലപ്പുകളിലാണ് ആദ്യം മഴവെള്ളം വീഴുന്നത്. തുടര്‍ന്ന് ഇടത്തരം, താഴ്ന്ന പൊക്കമുള്ളവയിലും പിന്നെ മുള്‍ച്ചെടികളിലും. അവസാനം പുല്‍ച്ചെടികളിലെത്തുമ്പോള്‍ ശക്തി നന്നായി കുറയും. ഒരു ഹെക്ടര്‍ വനം 32,000 ഘന കിലോമീറ്റര്‍ പ്രദേശത്തെ മഴയെ ഉള്‍ക്കൊള്ളും. കേരളത്തില്‍ 75 ശതമാനം വനമായിരുന്നു. നിലവില്‍ 30 ശതമാനത്തിന് താഴെയാണ്. വന ആവാസ വ്യവസ്ഥയിലെ മാറ്റമാണ് വന്യമൃഗങ്ങളെ നാട്ടിലെത്തിക്കുന്നത്.ഇല്ലാതായ മഴ സംഭരണികള്‍പത്ത് സെന്റ് വയല്‍ 1,60,000 ലിറ്റര്‍ മഴവെള്ളത്തെ ഉള്‍ക്കൊള്ളും. 1980കളില്‍ എട്ട് ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ചെയ്തിരുന്ന വയല്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒന്നരലക്ഷം ഹെക്ടര്‍ ആയി മാറി. മലനാട്ടിലെ കാടിനുണ്ടായ മാറ്റമനുസരിച്ച് അതിവേഗം ഇടനാട്ടിലും തീരദേശത്തുമെത്തുന്ന മഴവെള്ളത്തിന് കെട്ടിക്കിടക്കാനാവശ്യമായ വയലുകളും അവയോടൊപ്പമുണ്ടായിരുന്ന കുളങ്ങളും വ്യാപകമായി ഇല്ലാതാക്കി.1980കള്‍ മുതല്‍ കേരളത്തിലെത്തിയ വിദേശ പണവും റബ്ബര്‍, ശമ്പള പരിഷ്‌കരണം എന്നിവയിലൂടെ നേടിയ സമ്പാദ്യവും പ്രധാനമായും ഉപയോഗിച്ചത് കെട്ടിടനിര്‍മാണത്തിനും റിയല്‍ എസ്റ്റേറ്റിനും വേണ്ടിയാണ്. ചെറുകിട വ്യവസായ സംരംഭങ്ങളോ തൊഴില്‍ സ്ഥാപനങ്ങളോ ആരംഭിക്കാന്‍ നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, തൊഴിലാളി സാഹചര്യം അനുവദിച്ചില്ല. ചുവപ്പുനാടയുടെ അതിപ്രസരം കൂടിയപ്പോള്‍ എല്ലാ പണവും നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കുപോയി. അതനുസരിച്ച് പാറ, മണല്‍, ചുടുകല്ല്, തടി എന്നിവയുടെ ആവശ്യങ്ങളും വര്‍ധിച്ചു. കാട്ടിലാകെ ക്വാറികള്‍, നാട്ടിലാകെ ഇഷ്ടിക ചൂളകള്‍, പുഴയിലെ മണലാകെ ഊറ്റല്‍, മരങ്ങള്‍ വ്യാപകമായി മുറിക്കല്‍ തുടങ്ങി എല്ലാം കൊണ്ടും പ്രകൃതി വിഭവങ്ങളും അവയുടെ തനതായ സ്വഭാവവും കളം മാറി കഴിഞ്ഞു. ഭൂമി തുണ്ടുവത്കരിച്ച് മതിലുകള്‍ കൂടിയായപ്പോള്‍ ഡ്രൈനേജ് സംവിധാനവും താറുമാറായി. കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും വര്‍ധന കൂടിയായപ്പോള്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉള്‍പ്പെടെയുള്ളവയുടെ അളവും ഉയര്‍ന്നു. കേരളത്തിന്റെ സൂക്ഷ്മ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടായി. സ്ഥൂലകാലാവസ്ഥ ഒരു ആഗോളപ്രതിഭാസമാകുമ്പോള്‍ സൂക്ഷ്മ കാലാവസ്ഥ രൂപപ്പെടുന്നതില്‍ മനുഷ്യന്റെ പങ്കും നിര്‍ണായകമാണ്.എല്‍ നിനോയും മഴയിലെ മാറ്റവുംപസഫിക് സമുദ്രത്തിലെ പെറുവെന്ന രാജ്യത്തിന്റെ ഭാഗമായുള്ള കടല്‍ ക്രമാതീതമായി ചൂടാകുകയാണ്. ചൂടാകുന്ന പ്രതിഭാസത്തെയാണ് എല്‍ നിനോ എന്ന് പറയുന്നത്. ഇവ മിതമായ തോതില്‍ തുടങ്ങി സൂപ്പര്‍ എല്‍ നിനോ വരെയാകാറുണ്ട്. സൂപ്പറാകുമ്പോള്‍ താപനില വര്‍ധിക്കും. ഈ വര്‍ഷം സൂപ്പര്‍ എല്‍ നിനോയാണ് കാണുന്നത്. അവ 2027 ആദ്യപാദം വരെ പോകാം. അപ്പോള്‍ ശരിക്കും രാജ്യത്ത് മഴ കുറയേണ്ടതാണ്. ഈ വര്‍ഷത്തെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാജ്യത്തും കേരളത്തിലും വലിയ മഴക്കുറവാണുണ്ടായത്. കേരളത്തില്‍ ജൂണ്‍ മാസത്തില്‍ 60 ശതമാനത്തിലും ജൂലൈയില്‍ 30 ശതമാനത്തിലുമധികമാണ് മഴ കുറഞ്ഞത്.കാലാവസ്ഥ മാറിയ ദശകം2016ലെ വരള്‍ച്ച, 2017ലെ ഓഖി, 2018ലെ പ്രളയം, 2024 വരെയുള്ള ഉരുള്‍പൊട്ടലുകള്‍, 2026ലെ വെള്ളപ്പൊക്കം എന്നിവയെല്ലാം കൂടി കഴിഞ്ഞ ഒരു ദശകമായി കേരളത്തിലെ മഴ നമ്മെ പേടിപ്പിക്കുകയാണ്. പ്രളയം, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ തുടര്‍ച്ചയായി സംഭവിക്കുന്ന സ്ഥിതിയാണുള്ളത്. നഗരങ്ങളിലെ വെള്ളക്കെട്ടും പ്രതിസന്ധിയാണ്. മഴ മാറിയാല്‍ വലിയ വരള്‍ച്ചയെന്നതാണ് മറ്റൊരു ഐറണി. എന്തായാലും കേരളത്തിന് ദുരന്തങ്ങള്‍ നോര്‍മലാകുകയാണ് എന്നതാണ് യാഥാര്‍ഥ്യം.മനുഷ്യ ഇടപെടലുകള്‍വന നശീകരണം, വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയിലുണ്ടാകുന്ന കുറവ്, മലിനീകരണം, അശാസ്ത്രീയമായ ക്വാറികള്‍, മണലൂറ്റല്‍, ഭൂപ്രകൃതിയറിയാത്ത ഭൂവിനിയോഗം, മഴയെ കണക്കിലെടുക്കാതെയുള്ള നിര്‍മാണ രീതികള്‍, നീരൊഴുക്കുകളുടെ കൈയേറ്റം, മാലിന്യസംസ്‌കരണത്തിലെ കുറവ് തുടങ്ങിയ വിവിധ മനുഷ്യ നിര്‍മിത കാര്യങ്ങള്‍ കൂടിയായപ്പോള്‍ പ്രശ്നങ്ങളുടെ സങ്കീര്‍ണത വര്‍ധിച്ചു.പഠിക്കാതെ പോയദുരന്ത ലഘൂകരണംദുരന്ത നിവാരണത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ഓരോ പ്രദേശത്തെയും ഭൗതിക പ്രത്യേകതകളും മഴയുമെല്ലാം കണക്കാക്കി സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുകയെന്നതാണ് ഒന്നാം ഭാഗം. ഇക്കാര്യത്തില്‍ നാം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. ദുരന്തങ്ങള്‍ സംഭവിക്കുന്ന സമയത്തെ ഇടപെടലുകളാണ് രണ്ടാം ഭാഗം. ഇക്കാര്യങ്ങളില്‍ നാം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. ഒരു സംഭവമുണ്ടായാല്‍ സിസ്റ്റത്തിലെ എല്ലാവരും ഉടനെയെത്തും. ദുരന്തങ്ങള്‍ കഴിഞ്ഞുള്ള പുനരധിവാസമാണ് മൂന്നാം ഭാഗം. ഇതിലും നാം വളരെ പിന്നോട്ടാണ്. സമയബന്ധിതവും ശാസ്ത്രീയവും സമഗ്രവുമായ പുനരധിവാസം എങ്ങനെയെന്ന് ഇനിയും നമുക്കറിയില്ലെന്നതാണ് അവസ്ഥ.ഇനിയെന്ത്?സമഗ്രവും ശാസ്ത്രീയവുമായ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ശക്തമായ ദുരന്തലഘൂകരണ, പ്രതിരോധ പ്രതികരണ സംവിധാനമൊരുക്കണം. വലിയ ജനകീയ വിദ്യാഭ്യാസമുണ്ടാകണം. സൗകര്യങ്ങളോടുകൂടിയ സ്ഥിരം ദുരിതാശ്വാസ പുനരധിവാസ സംവിധാനമുണ്ടാകണം. മഴപ്രവചനം യഥാസമയം എല്ലാവരിലും എത്തിക്കാന്‍ സംവിധാനമുണ്ടാകണം. ഭൂജല അവസ്ഥ അറിയാന്‍ ജലസ്്തര സര്‍വേ നടത്തണം. പ്രാദേശിക തലങ്ങളില്‍ മൈക്രോ ദുരന്ത പ്രതികരണ, ലഘൂകരണ പ്ലാനുകളുണ്ടാകണം. ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്തുതല വിഭവ ഭൂപടങ്ങള്‍ ലഭ്യമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ നീര്‍ത്തട പ്ലാനുകളുമുണ്ട്. ഇവയെല്ലാം കാലാനുസൃതമായി പുതുക്കണം.നദികളുടെ പ്രളയതടം പരമാവധി നദികള്‍ക്ക് തന്നെയായി ഒഴിച്ചിടാനുള്ള സാധ്യത വിലയിരുത്തപ്പെടണം. കൈയേറ്റങ്ങളും അനധികൃത നിര്‍മിതികളും ഒഴിവാക്കണം. പാറപൊട്ടിക്കല്‍, മണലെടുപ്പ് എന്നിവക്കായി വിപുലമായ സംവിധാനം സര്‍ക്കാര്‍ തലത്തിലുണ്ടാകണം. ഗ്രാമ പഞ്ചായത്തുകളിലും ദുരന്ത പ്രതികരണ ബ്രിഗേഡ് രൂപവത്കരിക്കണം. മഴവെള്ള സംഭരണം, സോളാര്‍ ഊര്‍ജം എന്നിവയൊക്കെ വിപുലപ്പെടുത്തണം. മുന്നില്‍ പ്രതിസന്ധികള്‍ വരുമെന്ന് കരുതി മുന്നൊരുക്കങ്ങള്‍ വേണം. പരിഹാരമുണ്ട്. മാര്‍ഗങ്ങളും നല്ല മാതൃകകളും മുന്നിലുണ്ട്. വേണ്ടത് കാഴ്ചപ്പാടും കര്‍മപരിപാടികളുമാണ്. അത് ചെയ്യാനുള്ള സംഘടനാ സംവിധാനങ്ങളും പ്രധാനമാണ്. സമഗ്രവും ശാസ്ത്രീയവും പ്രാദേശിക ജന സമൂഹത്തെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതുമായ ബഹുജന പരിപാടിയാണ് വേണ്ടത്. അവ കാലത്തിന്റെ ആവശ്യമാണ്.