ഡൽഹിയും മുഗൾ രാജവംശവും ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ചിത്രം ജുമാ മസ്ജിദാണ്. ഒരു നഗരം എങ്ങനെ പള്ളി കേന്ദ്രീകൃതമായി വികസിക്കുന്നു എന്നതിന്റെ നേർച്ചിത്രം. അത്തരം പള്ളികളാണ് കെരാതോൺ ഗ്രാൻഡ് മസ്ജിദുകൾ. രാജഭരണം നിലനിന്നിരുന്ന പ്രധാന നഗരങ്ങളിൽ കെരാതോൺ പള്ളികൾ കാണാം. രാജ കൊട്ടാരങ്ങളുടെ നിറവും രൂപവും ഒരുമിക്കുന്ന പ്രൗഢമായ നിർമിതികൾ. ജാവ പ്രദേശങ്ങൾ ഭരിച്ചിരുന്ന മതാറം രാജവംശം കർത്തസൂരയിൽ നിന്നും ഭരണ തലസ്ഥാനം സുരകാർത്ത (സോളോ) യിലേക്ക് മാറ്റിയപ്പോൾ നിർമിച്ചതാണ് സോളോയിലെ കെരാതോൺ ഗ്രാൻഡ് മസ്ജിദ്. ഇന്തോനേഷ്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് സോളോ അറിയപ്പെടാൻ ഈ ഭരണ മാറ്റവും മസ്ജിദ് നിർമാണവും ഹേതുകമായെന്ന് ചരിത്രം.മതാറം രാജാവ് ബുവോനോ മൂന്നാമന്റെ നിർദേശപ്രകാരമാണ് പണി ആരംഭിക്കുന്നത്. മുന്തിയ ഇനം തേക്ക് കൊണ്ടാണ് നിർമാണം. പൂർണമായും മരം ഉപയോഗിച്ചുണ്ടാക്കിയ മസ്ജിദ് പൊന്നാനി മഖ്ദൂം പള്ളിയെ അനുസ്മരിപ്പിക്കും. ഓൾഡ് ജാവനീസ്, ഡച്ച് ആർക്കിടെക്ചറുകൾ അവലംബിച്ച് വികസിപ്പിച്ച നിർമിതിയിൽ കാലിഗ്രഫിക്ക് പുറമേ ചുവരുകളിൽ സ്വർണ നിറത്തിലുള്ള പൂക്കളും കൊത്തിവെച്ചിട്ടുണ്ട്. ഏഴ് കിലോ തങ്കം ഉപയോഗിച്ചാണ് ഈ കൊത്തുപണികൾ ചെയ്തതെന്ന് പറയപ്പെടുന്നു. ഖുബ്ബക്ക് പകരം മുകളിലോട്ട് ഉയർന്ന് നിൽക്കുന്ന മുസ്തഖ (മേൽക്കൂര) ഇന്തോനേഷ്യൻ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം അകം പള്ളിയിൽ ചൂട് തിങ്ങി നിൽക്കുന്നത് കുറക്കാനും സഹായകമാണ്.നാഗൂർ, മുത്തുപേട്ട തുടങ്ങി ദക്ഷിണേന്ത്യൻ മസാറുകളിൽ കാണപ്പെടുന്ന നഗാര ഇവിടെയുമുണ്ട്. ഇന്നും അഞ്ച് നേരവും ബാങ്കിന് തൊട്ട് മുമ്പ് ഒരു മിനുട്ടോളം തുടർച്ചയായി ശബ്ദമുണ്ടാക്കും. കിയായ് തെങ്കോരോ എന്നാണ് ബഹാസയിൽ ഇതിന്റെ പേര്. ഖുബ്ബ ഇല്ലെങ്കിലും പതിനാറ് മീറ്ററോളം നീളമുള്ള ജോഗോസ്വോരോ (മിനാരം) തെക്ക് ഭാഗത്തായി പള്ളിയോട് വേറിട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഏറെ ദൂരത്തേക്ക് ബാങ്ക് കേൾക്കാൻ സഹായകമാകുന്നു. ഡൽഹി ജുമാ മസ്ജിദ് പോലെ മുഴുവൻ സമയവും സന്ദർശകരെത്തുന്ന ഇടമായത് കൊണ്ട് തെരുവ് കച്ചവടവും തകൃതിയായി നടക്കുന്നു. വ്യത്യസ്ത ഇനം ഭക്ഷണങ്ങൾ, പാനീയങ്ങൾ, കരകൗശല വസ്തുക്കൾ എല്ലാം സുലഭം.റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് ആദ്യമായി മസ്ജിദ് സന്ദർശിക്കുന്നത്.മീലാദിന്റെ ചീരണി നാസിയും (വെള്ളച്ചോറ്) മധുരപലഹാരങ്ങളും പുറംപള്ളിയിൽ തെക്കേ വശത്ത് സജ്ജീകരിച്ചിട്ടുണ്ട്. വൈകിയത് കൊണ്ട് ഏറെക്കുറെ തീർന്ന് പോയിരുന്നു. ചതുരാകൃതിയിലുള്ള മരത്തിന്റെ മൂടിവെച്ച പാത്രത്തിലാണ് അവ സൂക്ഷിച്ചുവെക്കുന്നത്. പുറം പള്ളിയിൽ സ്ത്രീകളും കുട്ടികളും ഇരിക്കുന്നുണ്ടെങ്കിലും അകത്തെ പള്ളിയിൽ പുരുഷന്മാർ മാത്രം നിസ്‌കരിക്കുന്നു. അസർ നിസ്‌കാരത്തിൽ പങ്കെടുത്ത് അൽപ്പം ചിത്രങ്ങൾ പകർത്തി പുതുമയുള്ള ചില തെരുവ് ഭക്ഷണങ്ങൾ പരീക്ഷിച്ച് തിരിച്ചു. മിക്കവാറും മൗലിദ്, മദ്ഹ് സദസ്സുകൾ സംഘടിപ്പിക്കുക ഈ പള്ളികളിലോ അല്ലെങ്കിൽ ഗ്രാൻഡ് മസ്ജിദ് എന്ന് വിളിക്കപ്പെടുന്ന ഗവൺമെന്റിന് കീഴിലുള്ള പള്ളികളിലോ ആണ്. ഈ രണ്ട് വിഭാഗം പള്ളികളും സുന്നി ആദർശത്തിനു കീഴിലായിരിക്കും എന്നതാണ് കാരണം. ഓരോ നാടിന്റെ നോമ്പനുഭവങ്ങൾക്കും കെരാതോൺ പള്ളികളുമായി അഭേദ്യമായ ബന്ധമുണ്ടാകും.Content Highlights:Surakarta Keraton Grand Mosque in Solo, Indonesia, built under King Buwono III, stands as a symbol of Javanese Islamic heritage. Made with fine teak wood and unique architecture, it blends royal history, unique traditions like the nagara, and vibrant community life centered around the mosque.