സഊദി- തുർക്കിയ- പാകിസ്താൻ: തൊട്ടാൽ ഒറ്റക്കെട്ട്

Wait 5 sec.

റിയാദ് | പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സഊദി അറേബ്യയും പാകിസ്താനും തുർക്കിയയും മക്കയിൽ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് എന്നിവർ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാർ ഒപ്പുവെച്ചത്. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ശഹബാസ് ശരീഫിനൊപ്പമുണ്ടായിരുന്നു.രാഷ്ട്രീയ സമവാക്യം മാറുംയു എസ് ആക്രമണത്തിന് പിന്നാലെ സഊദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇറാന്റെ പ്രത്യാക്രമണം നേരിടുന്ന സാഹചര്യത്തിലാണ് കരാർ യാഥാർഥ്യമാകുന്നത്. ഏകദേശം ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ അന്തിമഘട്ടത്തിലെത്തിയത്. മേഖലയിൽ സുസ്ഥിരതയും സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ത്രിരാഷ്ട്ര സഖ്യത്തിന്റെ ലക്ഷ്യം. എണ്ണ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നായ സഊദിയും നാറ്റോയിലെ രണ്ടാമത്തെ വലിയ സൈന്യമുള്ള തുർക്കിയയും ആണവായുധ രാജ്യമായ പാകിസ്താനും തമ്മിലുള്ള സഖ്യം മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റുന്നതാണ്.സംയുക്ത സൈനിക അഭ്യാസങ്ങൾ, പ്രതിരോധ- വ്യവസായ ഉത്പാദനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയോടൊപ്പം സാങ്കേതികവിദ്യ കൈമാറ്റത്തിനായുള്ള വ്യവസ്ഥകളും കരാറിലുണ്ടെന്നാണ് വിവരം. ഇറാനെതിരെ യു എസ്- ഇസ്‌റാഈൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇറാനിൽ നിന്നും യമനിലെ ഹൂതി വിമതരിൽ നിന്നും സഊദി ആക്രമണം നേരിടുന്നുണ്ട്. ആഗോള ഊർജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നഹോർമുസ് കടലിടുക്ക് അടച്ചത് സഊദിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.വർഷങ്ങളായി നിലനിൽക്കുന്ന ഉഭയകക്ഷി സൈനിക ബന്ധത്തിന്റെ തുടർച്ചയാണ് പുതിയ സഖ്യം. നേരത്തേ തന്നെ നാറ്റോ മോഡൽ പ്രതിരോധ കരാർ പാകിസ്താനും സഊദി അറേബ്യയും തമ്മിൽ ഒപ്പുവെച്ചിരുന്നു. ദശകങ്ങളായി സഊദി സൈന്യത്തിന് പരിശീലനവും സാങ്കേതിക സഹായവും നൽകുന്നത് പാകിസ്താനാണ്.തുർക്കിയയും പാകിസ്താനും തമ്മിൽ യുദ്ധക്കപ്പലുകളും പരിശീലന വിമാനങ്ങളും കൈമാറുന്ന സൈനിക സഹകരണമുണ്ട്. തുർക്കിയയിൽ നിന്ന് വൻതോതിൽ ഡ്രോണുകൾ വാങ്ങാൻ 2023ൽ സഊദി കരാറിലെത്തിയിരുന്നു.അതേസമയം, സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു. Content Highlights:Saudi Arabia, Pakistan, and Turkey signed a joint defense pact in Makkah amid growing West Asia tensions. The leaders agreed that an armed attack on one nation will be viewed as an attack on all three. India stated it is closely monitoring the geopolitical developments.