മദ്യവും ലഹരിയും പൈശാചിക പ്രവൃത്തിയിലെ മാലിന്യങ്ങളാണെന്നാണ് മനുഷ്യരെ വിശുദ്ധ ഖുർആൻ പഠിപ്പിച്ചത്. പൈശാചിക പ്രവൃത്തികളൊക്കെ മനുഷ്യർ അടുക്കാൻ പാടില്ലാത്തതായിരിക്കെ അതിൽ തന്നെ ഏറ്റവും മ്ലേഛമായതിനോട് എത്രയധികം അകലം പാലിക്കണം. മദ്യോപയോഗം മനുഷ്യന്റെ ആന്തരികാവയവങ്ങൾ നശിപ്പിക്കുമെന്നും ചിന്താശേഷിയടക്കം ശാരീരിക പ്രവർത്തനങ്ങളെ മുച്ചൂടും അവതാളത്തിലാക്കുമെന്നും അനുഭവങ്ങളുടെ ധാരാളിത്തം കൊണ്ടും ശാസ്‌ത്രീയ നിരീക്ഷണങ്ങൾ കൊണ്ടും മനുഷ്യർക്കറിയാവുന്ന വസ്തുതയാണ്. എന്നിട്ടും അടുക്കരുതേ.. തൊടരുതേ.. എന്ന് വിളിച്ചാർക്കുന്ന സ്റ്റിക്കൊറിട്ടിച്ച് ഇളിച്ച് നിൽക്കുന്ന മദ്യക്കുപ്പികൾ അവർ വിൽക്കുന്നു, വാങ്ങുന്നു.അവിവേകമാണ് മനുഷ്യനെ വീണ്ടും വീണ്ടും പരാജയത്തിലേക്ക് നയിക്കുന്നത്. കാശ് കൊടുത്ത് നാശം വാങ്ങുന്നവർ, അപരന്റെ കുടലു കരിച്ച് കീശ നിറയ്ക്കുന്നവർ, ഈ ചീഞ്ഞളിഞ്ഞ സമ്പാദ്യം കൊണ്ട് ജീവിതം പടുക്കുന്നവർ… സർവം വിഷമയം!! അവഗണനയുടെ വിഴുപ്പുഭാരവും വ്രണമായി പഴുത്ത ബന്ധങ്ങളും കത്തിത്തീരുന്ന ജീവിതത്തിന്റെ ചാരവും പുകയുമായി അങ്ങനെയെത്ര പേർ? കുടിയന്റെ ഭാര്യ, കഞ്ചാവിന്റെ മകൻ, MDMA യുടെ മരുമകൾ ഇങ്ങനെ ചെയ്യാക്കുറ്റത്തിന്റെ അമിതവിലാസം പേറേണ്ടി വരുന്ന പാവങ്ങൾ വേറെയും. പൈശാചിക ബോധം എത്ര മനുഷ്യരിലാണ് നീചമായ അടയാളങ്ങളിട്ട് പോകുന്നത്.സർവ ലഹരിയും നിഷിദ്ധമെന്നാണ് തിരുനബി(സ) പഠിപ്പിച്ചത്. (ബുഖാരി, മുസ്‌ലിം) വിശ്വാസി സമൂഹത്തോട് ഇങ്ങനെ കൂടി ഓർമപ്പെടുത്തി “വ്യഭിചാരി വ്യഭിചരിക്കുന്ന വേളയിൽ അവൻ വിശ്വാസിയല്ല തന്നെ, മദ്യം കുടിക്കുന്നവൻ ആ നേരത്ത് വിശ്വാസിയല്ല, മോഷ്ടിക്കുന്നവൻ മോഷണം നടത്തുന്ന സമയം വിശ്വാസിയല്ല’ (ബുഖാരി) ഒരു നിമിഷവും നഷ്‌ടപ്പെടാതെ ഏറ്റവും കരുതലോടെ കാത്തുസൂക്ഷിക്കേണ്ട കാര്യമാണ് വിശ്വാസം. അത് തച്ച് കെടുത്തുന്ന പ്രവർത്തനം അതിമാരകമാണ്. ഒരിക്കലും പാടില്ലാത്തത്. വല്ലവനും മദ്യം കഴിച്ചാൽ വിശ്വാസത്തിന്റെ ശോഭ അവനിൽ നിന്ന് പുറത്ത് പോകുമെന്നാണ് ഹദീസ് പാഠം (ത്വബ്റാനി)ആത്മാർഥമായി ഖേദിച്ചുമടങ്ങാതെ മരണമടഞ്ഞ മദ്യപാനി അല്ലാഹുവിങ്കലെത്തുക ഒരു ബിംബാരാധകനു സമാനമായിരിക്കുമെന്ന് റസൂൽ (സ) മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിശ്വാസത്തിന്റെ തരിമ്പ് പോലുമില്ലാത്തവരുടെ സങ്കേതം എത്ര ബീഭത്സമാണ്. “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ മദ്യപിക്കരുത്, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ മദ്യം വിളമ്പുന്ന സദ്യയിൽ സംബന്ധിക്കുകയുമരുത്’ (ത്വബ്റാനി) എന്നാണ് നമ്മോടുള്ള നിർദേശം.ഒരു തുള്ളി മദ്യം അകത്തു ചെന്നാൽ മൂന്ന് ദിവസത്തെ ആരാധനകൾ സ്വീകരിക്കപ്പെടില്ലെന്നും ഒരു കോപ്പ കുടിച്ചാൽ നാൽപ്പത് ദിവസത്തെ ആരാധനകൾ നിഷ്ഫലമാകുമെന്നും മദ്യപാനം ശീലമാക്കിയവനെ ഹബാൽ നദിയിൽ നിന്ന് കുടിപ്പിക്കുമെന്നും തിരുനബി(സ) പറഞ്ഞപ്പോൾ അനുചരർ ചോദിച്ചു “റസൂലേ.. ഹബാൽ നദിയെന്നാൽ എന്താണ് ?’“നരകക്കാരുടെ ചീഞ്ചലമാണത്’പ്ഫും..അയ്യേ.. മദ്യം കുടിച്ചതിന്റെ പേരിൽ ദുനിയാവിൽ നിന്ന് കിട്ടിയ ആട്ടും തൂപ്പും പോരാഞ്ഞിട്ട് പരലോകത്തും അവഹേളനങ്ങൾ, കഷ്ടം തന്നെ.മനുഷ്യവംശത്തെ ഭൂമിയിൽ നിയോഗിക്കുന്ന ഘട്ടത്തിൽ മലക്കുകൾ ഉന്നയിക്കുന്ന ആശങ്കയും ഉത്തരവും സൂറ: ബഖറ ഇങ്ങനെ ആവിഷ്കരിക്കുന്നു. “മലക്കുകൾ ചോദിച്ചു: ഭൂമിയില്‍, അതിന്റെ ക്രമം താറുമാറാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ നിശ്ചയിക്കുകയാണോ? ഞങ്ങള്‍ നിന്നെ സ്തുതിച്ചും പ്രകീര്‍ത്തിച്ചും ജപിച്ചുകൊണ്ടിരിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടല്ലോ. അവന്‍ അരുളി: “നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് ഞാന്‍ അറിയുന്നു.’ തുടർന്ന് മനുഷ്യവംശത്തെക്കാൾ സംശുദ്ധ ജീവിതം നയിക്കാൻ സാധിക്കുന്നത് ഞങ്ങൾക്കാണെന്ന മാലാഖമാരുടെ അഭിപ്രായത്തെ അല്ലാഹു പരീക്ഷിച്ചു. ഹാറൂത്ത്, മാറൂത്ത് എന്നീ മലക്കുകൾക്ക് മുമ്പിൽ ദുഷ്കർമങ്ങൾക്കുള്ള സാഹചര്യങ്ങൾ പണിതു. എല്ലാറ്റിനോടും വിസമ്മതിച്ച അവർ ഗതികേടുകൊണ്ട് കുടിക്കേണ്ടിവന്ന മദ്യം കാരണം തെറ്റുകളെല്ലാം ചെയ്തുകൂട്ടിയെന്നാണ് ചരിത്രം. വിശുദ്ധരായ മലക്കുകളെ പോലും അക്രമകാരികളാക്കിയെങ്കിൽ മനുഷ്യരിൽ മദ്യം വരുത്തുന്ന വിനകളെത്രയായിരിക്കും കൂട്ടരേ..മദ്യപാനവും മറ്റ് ലഹരികളുടെ ഉപയോഗവും എക്കാലത്തും പ്രതിരോധിക്കേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. അത് മുഖേനയുണ്ടാകുന്ന രോഗങ്ങളും കലഹങ്ങളും അസമാധാനവും മറ്റുള്ളതിനേക്കാൾ ഭീകരമാണ്. മദ്യപാനിയെ കുറ്റവാളിയായാണ് ഇസ്‌ലാമിക കോടതി കണക്കാക്കുന്നത്. അതിന് മാതൃകാപരമായ ശിക്ഷയുമുണ്ട്. ഉപയോഗിക്കാൻ പാടില്ലാത്തത് വിൽപ്പന നടത്തലും ദുഷ്‌കർമമാണെന്ന് പറയേണ്ടതില്ലല്ലോ?ആരെങ്കിലും മദ്യം കുടിച്ചാൽ, അത് കുടിക്കുന്നതിന് മുമ്പായി പാത്രത്തിലേക്ക് മുഖത്തെ മാംസം അടർന്നു വീഴുന്ന വിധത്തിലുള്ള വിഷ സർപ്പങ്ങളുടെ വിഷത്തിൽ നിന്ന് അല്ലാഹു അവന് കുടിക്കാൻ നൽകും. അവൻ അത് കുടിച്ചു കഴിഞ്ഞാൽ അവന്റെ മാംസവും തൊലിയും അടർന്നു വീഴുകയും, അതുമൂലം നരകാവകാശികൾ പോലും ബുദ്ധിമുട്ടിലാവുകയും ചെയ്യും.സുഹൃത്തുക്കളെ…മദ്യം കുടിക്കുന്നവനും നിർമിക്കുന്നവനും അതിന് ആവശ്യപ്പെടുന്നവനും ചുമക്കുന്നവനും അത് എത്തിക്കപ്പെടുന്നവനും അതിന്റെ വില തിന്നുന്നവനും അതിന്റെ പാപത്തിൽ പങ്കാളികളാണ്. പശ്ചാത്തപിക്കുന്നത് വരെ അവരുടെ നിസ്കാരമോ നോമ്പോ ഹജ്ജോ അല്ലാഹു സ്വീകരിക്കുകയുമില്ല.ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ കൊണ്ട്, കൂട്ടുകാരുടെ നിർബന്ധം കൊണ്ട് തൊട്ട് നോക്കി തുടങ്ങിയത് എന്നെന്നേക്കുമായി നമ്മുടെ മൂല്യമിടിക്കുന്ന, നമ്മെ ദുരന്തക്കയത്തിൽ കൊണ്ടിടുന്ന നീചകൃത്യമാണെന്ന് ഇനിയും തിരിച്ചറിയാതിരിക്കരുത്. പെട്ടുപോയവർക്ക് മടങ്ങാനെമ്പാടും മാർഗങ്ങളും സംവിധാനങ്ങളുമുണ്ടല്ലോ. അതിവേഗം അത്തരം വഴികളിലേക്ക് അവരെ നമ്മളെത്തിക്കണം. അവരും രക്ഷപ്പെടട്ടെ.!Content Highlights:The article outlines the strict prohibition of alcohol and intoxicants according to the Holy Quran and Hadith. It details the catastrophic effects of addiction on physical health, family life, and individual spirituality. It emphasizes the need for sincere repentance and social intervention.