മൂന്ന് പതിറ്റാണ്ടുകളോളംഎവറസ്റ്റിന്റെ വഴികാട്ടിയായ 'ഗ്രീൻ ബൂട്സ്'

Wait 5 sec.

"പല ദിവസങ്ങളിലും ഞാൻ ഉറങ്ങുന്നതിന് മുൻപ് എന്റെ വാതിലിൽ ഒരു മുട്ട് കേട്ടിരുന്നെങ്കിൽ....ഞാനാ വാതിൽ തുറക്കുമ്പോൾ അദ്ദേഹം മുന്നിൽ വന്നുനിന്നിരുന്നെങ്കിൽ എന്ന എന്റെ ചിന്തകൾക്ക് അവസാനമായിരിക്കുന്നു "30 വർഷമായി മരിച്ചിട്ടും മരിക്കാതെ എവറസ്റ്റ് കൊടുമുടിയുടെ ഉയരങ്ങളിൽ പർവതാരോഹകർക്ക് വഴികാട്ടുന്ന 'ഗ്രീൻ ബൂട്സ്' എന്ന് ലോകം വിശേഷിപ്പിച്ച ഡോർജെ മൊറുപ്പിന്റെ ഭാര്യയുടെ വാക്കുകളാണിത്. 1996ൽ എവറസ്റ്റിലെ ‘ഡെത്ത് സോണ്‍’ എന്ന് വിളിക്കപ്പെടുന്ന ഉയരത്തില്‍ വെച്ച്‌ മരണപ്പെട്ട മൊറുപ്പ്, എവറസ്റ്റ് കീഴടക്കാൻ ശ്രമിച്ച 6 അംഗ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP) പർവ്വതാരോഹ സംഘത്തിലെ ഒരാളായിരുന്നു.സാധാരണ എല്ലാവരേയും പോലെ നേപ്പാൾ സൈഡിൽ നിന്നും എവറസ്റ്റ് കയറുന്നതിനുപകരം അതിസാഹസികവും അപകടകരവുമായ ചൈനീസ് ഭാഗത്തുനിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ ദൗത്യസംഘമായി ചരിത്രത്താളുകളിൽ ഇടംനേടാൻ ആയിരുന്നു മൊറുപ്പും സംഘവും ആഗ്രഹിച്ചത്. കമാൻഡന്റ് മൊഹീന്ദർ സിംഗായിരുന്നു ഈ പർവ്വതാരോഹണ സംഘത്തെ നയിച്ചിരുന്നത്. എന്നാൽ കനത്ത മഞ്ഞുവീഴ്ച അവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും തിരിച്ചടിയായി. കൂടെയുണ്ടായിരുന്ന ആറ് പേരിൽ മൂന്ന് പേർ യാത്രാമദ്ധ്യേ പിന്തിരിഞ്ഞു. ചൈനീസ് ഭരണകൂടം പിന്നീട് നൽകിയ സമ്മിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം, 1996 മേയ് 10 വൈകുന്നേരം 5.30-ഓടെ മൊറുപ്പ് അടക്കം മൂന്നുപേർ‌ 8,849 മീറ്റർ ഉയരമുള്ള കൊടുമുടിയിലെത്തി. ആ വിജയാഘോഷത്തിന് പക്ഷേ അധികം ആയുസ്സുണ്ടായില്ല. മലയിറങ്ങുന്നതിനിടെ കടുത്ത മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും അകപ്പെട്ട് മൂന്ന് പേർക്കും ജീവൻ നഷ്ടമായി.1922ന് ശേഷം അതായത്, എവറസ്റ്റിൽ മരണപ്പെട്ടവരുടെ കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയതിനു ശേഷം ജീവൻ നഷ്‌ടമായ മുന്നൂറിലധികം മൃതദേഹങ്ങളുടെ വിധി തന്നെയായിരുന്നു മൊറുപ്പിനും സംഘത്തിനും ഉണ്ടായത്. ഇവരുടെ മൃതദേഹങ്ങളും മലനിരകളിൽത്തന്നെ അവശേഷിച്ചു. സെവാങ് സ്‌മാൻല, സെവാങ് പാൽജോർ എന്നിവരായിരുന്നു മറ്റ് രണ്ടുപേർ. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ മൊറുപ്പിനെ കൊടുമുടിയിലേക്കുള്ള വഴിയിൽ ഒരു പാറയ്ക്കടുത്ത് മഞ്ഞിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. കാല് മഞ്ഞിൽ പുതഞ്ഞ നിലയിൽ കാണപ്പെട്ട ഗ്രീൻ ബൂട്സ്, പിൽക്കാലത്ത് പർവ്വതാരോഹകർക്ക് അടയാളമായി മാറി. 8500 മീറ്റർ ഉയരത്തിൽ മഞ്ഞിൽ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഉറഞ്ഞുപോയ വഴികാട്ടി.തണുത്തുറഞ്ഞ അവശിഷ്ടങ്ങളിൽ കാണുന്ന ലൈം പച്ച നിറത്തിലുള്ള കോഫ്ലാക്ക് (Koflach) ബൂട്ടുകൾ കാരണമാണ് മൊറുപ്പിന്റെ മൃതദേഹത്തെ പർവതാരോഹകർ ഗ്രീൻ ബൂട്സ് എന്ന് വിളിച്ചത്. എവറസ്റ്റിന്റെ 'ഫസ്റ്റ് സ്റ്റെപ്പിന്' താഴെയുള്ള ചുണ്ണാമ്പുകല്ല് ഗുഹയിൽ (limestone alcove) ഏകദേശം 8,500 മീറ്റർ ഉയരത്തിലാണ് ഈ ഭൗതികശരീരം കിടക്കുന്നത്. 1996 മുതൽ നോർത്ത് റിഡ്ജ് വഴി കൊടുമുടി കയറാൻ ശ്രമിച്ച നൂറുകണക്കിന് ആളുകൾ ഇതിലൂടെ കടന്നുപോയിട്ടുണ്ട്; കൊടുമുടിയിലേക്കുള്ള തങ്ങളുടെ യാത്രയുടെ പുരോഗതി അളക്കുന്നതിനുള്ള ഒരു ലാൻഡ്‌മാർക്കായി ഭയത്തോടെയും പലപ്പോഴും വിഷമത്തോടെയുമാണ് പലരും ​ഗ്രീൻ ബൂട്ട്സിനെ അടയാളപ്പെടുത്തിയത്.വർഷങ്ങളായി 'ഗ്രീൻ ബൂട്ട്സിന്റെ' (Green Boots) വ്യക്തിത്വം തർക്കവിഷയമായിരുന്നു. ഭൂരിഭാഗം റിപ്പോർട്ടുകളും കൈചൂണ്ടിയത് 1996 മെയ് മാസം ഉണ്ടായ മഞ്ഞുവീഴ്ചയിൽ മരണപ്പെട്ട ഐടിബിപി (ITBP) ഹെഡ് കോണ്‍സ്റ്റബിൾ സെവാങ് പാൽജോറിലേക്ക് (Tsewang Paljor) ആയിരുന്നു. എന്നാൽ 1997ൽ പർവ്വതാരോഹകനായ പി. എം. ദാസ് ആണ് ഈ മൃതദേഹം ലാൻസ് നായിക് ദോർജെ മൊറുപ്പിന്റേതാണ് (Dorje Morup) എന്ന സംശയം ഉന്നയിച്ചത്.മഞ്ഞിൽ പുതഞ്ഞ മൃതശരീരങ്ങൾക്ക് ഭാരം കൂടുതലായിരിക്കും. ഈ ബോഡി ഉയരത്തിൽ നിന്ന് താപനില കൂടിയ പ്രദേശത്തേക്ക് എത്തുമ്പോഴേക്കും അഴുകാൻ തുടങ്ങുമെന്നും ഷേർപ്പകൾ പറയുന്നു. ഒരേ സമയം കൂടുതൽ ആളുകൾ മുകളിലെത്തിയാൽ മാത്രമേ ഈ മൃതദേഹം താഴേക്ക് എത്തിക്കാൻ കഴിയൂ. കാലാവസ്ഥ പ്രതികൂലമാവുന്നതിനാലും എവറസ്റ്റിന്റെ ഡെത്ത് സോൺ എന്നുവിളിക്കുന്ന പ്രദേശത്തായതിനാലും ഒന്നിലേറെ ആളുകൾക്ക് ഒരുമിച്ച് കയറിചെല്ലാൻ പറ്റില്ല. എന്നാൽ, ഉയരങ്ങളിൽനിന്ന് ഇത്തരം വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നടത്തി പരിചയമുള്ള വിദഗ്ധസംഘത്തിന്റെ സഹായത്തോടെ സെപ്റ്റംബറിൽ ഡോർജെ മൊറുപ്പിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഐ ടി ബി പി.12.78 ലക്ഷം രൂപ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. ടെണ്ടർ വിളിക്കുന്ന ഏജൻസികൾക്ക് ഈ തുക ലഭിക്കും. കരാറിനായി അപേക്ഷിക്കുന്ന ഏജൻസികൾ, അപകടകരമായ ഉയർന്ന മലനിരകളിലെ വീണ്ടെടുക്കൽ ദൗത്യങ്ങളിൽ പരിചയസമ്പന്നരായ, കുറഞ്ഞത് ആറ് ഷേർപ്പകളെയെങ്കിലും ഉൾപ്പെടുത്തിയുള്ള ടീമിനെ സജ്ജമാക്കേണ്ടതുണ്ട്. ഈ നിർദേശം തന്നെ മുന്നിലുള്ള ദൗത്യം എത്രത്തോളം കഠിനവും ദുർഘടവുമാണെന്നതിന്റെ തെളിവാണ്. എങ്കിലും ഡോർജെ മൊറുപ്പിനെ തിരികെയെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഐ ടി ബി പി.