യു എസില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍

Wait 5 sec.

അമേരിക്കയില്‍ നിന്ന് ആവേശകരമായ രണ്ട് വാര്‍ത്തകളുണ്ട്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പ്രൈമറികള്‍ നടക്കുകയാണ് യു എസിലിപ്പോള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയിലും നടക്കുന്ന ഈ ഉള്‍പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിന്നാണ് പ്രതീക്ഷയുണര്‍ത്തുന്ന രണ്ട് വാര്‍ത്തകളും പിറന്നിരിക്കുന്നത്.ആദ്യത്തേത് ആന്‍ഡി ഓഗള്‍സിന്റെ പരാജയമാണ്. ഡൊണാള്‍ഡ് ട്രംപ് നേരിട്ട് പിന്തുണച്ച സ്ഥാനാര്‍ഥിയാണ് ഓഗള്‍സ്. ഒന്നാന്തരം വംശീയവാദിയാണ് രണ്ട് തവണ കോണ്‍ഗ്രസ്സ് അംഗമായ ഇദ്ദേഹം. ട്രംപിന്റെ എല്ലാ തീവ്രവലതുപക്ഷ ഭ്രാന്തിനെയും അതിനേക്കാള്‍ ഭ്രാന്തമായി പിന്തുണക്കുന്നയാള്‍. “മുസ്്ലിംകള്‍ക്ക് അമേരിക്കന്‍ സമൂഹത്തില്‍ സ്ഥാനമില്ല; ബഹുസ്വരത ഒരു അസത്യമാണ്’ എന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ എക്‌സില്‍ കുറിച്ചിരുന്നു. ഇസ്‌ലാമോഫോബിക് ആക്രോശങ്ങളാണ് ഓഗള്‍സിനെ കുപ്രസിദ്ധനാക്കിയത്. ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നുതള്ളുന്നതിനെക്കുറിച്ച് വാര്‍ത്താ ലേഖകന്‍ ചോദിച്ചപ്പോള്‍ “അവരെയെല്ലാം കൊന്നൊടുക്കണം’ എന്ന് പറയാന്‍ മാത്രം ക്രൗര്യം നിറഞ്ഞ വംശീയവാദിയാണ് അയാള്‍.അങ്ങനെയൊരാളെ ട്രംപ് പിന്തുണച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അമേരിക്കന്‍ മുസ്‌ലിംകളുടെ കൂട്ടായ്മയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് ഇയാളെ വിശേഷിപ്പിച്ചത് “ആന്റി- മുസ്‌ലിം എക്‌സ്ട്രിമിസ്റ്റ്’ എന്നാണ്. കുടിയേറ്റവിരുദ്ധതയും മുസ്‌ലിംവിരുദ്ധതയും സമം ചേര്‍ന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ പോലും ഓഗള്‍സിനെപ്പോലെ ഒരു വര്‍ഗീയവാദിക്ക് ഇടമില്ലെന്നുവരുന്നത് പ്രതീക്ഷയുടെ നേരിയ വെളിച്ചമല്ലേ?ടെന്നസി റിപബ്ലിക്കന്‍ പ്രൈമറിയിലാണ് ആന്‍ഡി ഓഗള്‍സ് അപ്രതീക്ഷിത തോല്‍വി നേരിട്ടത്. ചാര്‍ളി ഹാച്ചറായിരുന്നു എതിരാളി. ഓഗള്‍സിന് 46.8 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ടെന്നസിയിലെ മുന്‍ കാര്‍ഷിക കമ്മീഷണറായ ഹാച്ചര്‍, കാര്‍ഷിക വികസന വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രചാരണം നടത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ചാള്‍സ് മോള്‍ഡറെയാകും ഹാച്ചര്‍ നേരിടുക. ഓഗള്‍സിന്റെ പരാജയം മാത്രം മുന്‍നിര്‍ത്തി റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ വന്‍ നയംമാറ്റം സംഭവിക്കുന്നുവെന്നൊന്നും വിലയിരുത്താനാകില്ല. എങ്കിലും ട്രംപിന്റെ എടുത്തുചാട്ടങ്ങളോടും തീവ്രനിലപാടുകളോടും എതിര്‍പ്പുള്ള മിതവാദിനിര റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ രൂപപ്പെടുന്നുവെന്നത് ഒരു വസ്തുതയാണ്. ട്രംപിന്റെ പിന്തുണയുള്ള രണ്ടാമത്തെ സ്ഥാനാര്‍ഥിയാണ് ഈ ആഴ്ച തോല്‍വി രുചിക്കുന്നത്.അബ്ദുര്‍റഹ്മാന്‍ അല്‍ സഈദ്ട്രംപിന്റെ ആശീര്‍വാദത്തോടെ വിദ്വേഷം തുപ്പിയ ഓഗള്‍സിന്റെ പരാജയമാണ് ടെന്നസിയില്‍ കണ്ടതെങ്കില്‍ മിഷിഗണില്‍ ചരിത്രത്തിലാദ്യമായി മുസ്‌ലിം സ്ഥാനാര്‍ഥി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയൊരുങ്ങുകയാണ്. ഫലസ്തീന്‍ പ്രക്ഷോഭത്തിന് ശക്തമായ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയും ഇസ്‌റാഈലിന്റെ ചോരക്കളിക്ക് ട്രംപ് ഭരണകൂടം നല്‍കുന്ന പിന്തുണയെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത ഡോ. അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് അല്‍ സഈദ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം നേടിയിരിക്കുന്നു. ഡെമോക്രാറ്റിക് പ്രൈമറിയില്‍ അദ്ദേഹം നേടിയ വിജയം യു എസ് പോളിറ്റിയില്‍, പ്രത്യേകിച്ച് ജ്യൂയിഷ് കമ്മ്യൂണിറ്റിയില്‍, ശക്തമായി വരുന്ന ഫലസ്തീന്‍ അനുകൂല സമീപനത്തിന്റെ തെളിവാണ്. അമേരിക്കയില്‍ ഈ നിശബ്ദ വിപ്ലവം ഈയിടെ കൂടുതല്‍ തുറസ്സിലേക്ക് വരികയാണ്. ന്യൂയോര്‍ക്ക് മേയറായി സുഹ്‌റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടത് ഈ വിപ്ലവത്തിന്റെ ഏറ്റവും ആധികാരികമായ പ്രതിഫലനമായിരുന്നു.“ഞാനൊരു മുസ്‌ലിമാണ്, ഞാനതില്‍ അഭിമാനം കൊള്ളുന്നു. ഞാനൊരു കുടിയേറ്റക്കാരനാണ്, അതിലും അഭിമാനം കൊള്ളുന്നു’വെന്ന് പ്രഖ്യാപിച്ച മംദാനി ആയിരക്കണക്കിന് അമേരിക്കക്കാരെ ആലസ്യത്തില്‍ നിന്നുണര്‍ത്തുകയായിരുന്നു. സയണിസ്റ്റ് ലോബിയുടെ എല്ലാ കുത്തിത്തിരിപ്പുകളെയും മറികടക്കാന്‍ ശരിയായ രാഷ്ട്രീയത്തിന് സാധിക്കുമെന്ന് മംദാനി കാണിച്ചുതന്നു. വിദ്വേഷക്കാര്‍ പ്രചരിപ്പിക്കുന്നത് പോലെ മുസ്‌ലിം വോട്ടുകളോ കുടിയേറ്റക്കാരുടെ വോട്ടുകളോ അല്ല മംദാനിയെ ജയിപ്പിച്ചത്. മറിച്ച് ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ ഫലസ്തീന്‍ അനുകൂല ജ്യൂയിഷ് സംഘങ്ങളുടെ നിലപാടും നിര്‍ണായകമായിരുന്നു. ഈ വോട്ടിംഗ് പാറ്റേണ്‍ തന്നെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് അല്‍ സഈദിന്റെ കാര്യത്തിലുമുണ്ടായത്. നാല് തവണ കോണ്‍ഗ്രസ്സ് അംഗമായിരുന്ന ഹേലി സ്റ്റീവന്‍സിനെയാണ് ഡോ. സഈദ് പരാജയപ്പെടുത്തിയത്. ഇസ്‌റാഈല്‍ അനുകൂല സംഘടനയായ പൊളിറ്റിക്കല്‍ ആക്്ഷന്‍ കമ്മിറ്റിയെ പിന്തുണക്കുന്നയാളാണ് സ്റ്റീവന്‍സ്.2018ല്‍ മിഷിഗണ്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തില്‍ ഡോ. സഈദ് മത്സരിച്ചിരുന്നെങ്കിലും രണ്ടാമതാണെത്തിയത്. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇതിനിടെ മിഷിഗണില്‍ നിന്നുള്ള നിലവിലെ സെനറ്റര്‍ ഗാരി പീറ്റേഴ്സ് വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് അല്‍ സഈദിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. പ്രചാരണത്തിനിടെ, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിച്ചിരുന്ന സ്റ്റേറ്റ് സെനറ്റര്‍ മല്ലറി മക്മോറോ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതോടെ അല്‍ സഈദും ഹേലി സ്റ്റീവന്‍സും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുകയായിരുന്നു. പ്രൈമറിയില്‍ തന്നെ സഈദിനെ തോല്‍പ്പിക്കാന്‍ ജൂത ലോബി മൂന്ന് കോടി ഡോളര്‍ മുടക്കിയെന്ന് റിപോര്‍ട്ടുണ്ട്. യു എസ് സെനറ്റില്‍ മുസ്്ലിം അംഗം എത്തുന്നത് അവര്‍ക്ക് സഹിക്കാനാകില്ലല്ലോ. ട്രംപ് ഡോ. സഈദിനെതിരെ ഡോഗ് വിസില്‍ മുഴക്കിക്കഴിഞ്ഞു. ഈജിപ്ഷ്യന്‍ വംശജനായ അല്‍ സഈദ് ജൂതവിദ്വേഷിയാണെന്നും ആന്റി സെമിറ്റിക് ആണെന്നും ചാപ്പ കുത്തിയിരിക്കുകയാണ് ട്രംപ്.മാറ്റം സാധ്യമാണ്വൈറ്റ് ഹൗസില്‍ ഡെമോക്രാറ്റുകള്‍ വന്നാലും റിപബ്ലിക്കന്‍സ് വന്നാലും ഇസ്‌റാഈല്‍ അനുകൂല നിലപാടില്‍ മാറ്റം വരാറില്ലെന്ന ദീര്‍ഘകാല പതിവ് മാറുന്നുവെന്നാണ് ഓഗള്‍സിന്റെ പരാജയവും സഈദിന്റെ വിജയവും വ്യക്തമാക്കുന്നത്. ഏപ്രിലില്‍ പുറത്തിറങ്ങിയ പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേ പ്രകാരം, യു എസിലെ മുതിര്‍ന്നവരില്‍ 60 ശതമാനം പേരും ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണങ്ങളോടും അതിന് യു എസ് നല്‍കുന്ന സമ്പൂര്‍ണ പിന്തുണയോടും വിയോജിപ്പുള്ളവരാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരായ അമേരിക്കക്കാര്‍ക്കിടയില്‍ ഈ മനോഭാവം പ്രകടമാണ്. ഫലസ്തീന്‍ അവകാശങ്ങളെ പിന്തുണക്കുന്നതിലേക്കുള്ള സമ്പൂര്‍ണ മാറ്റമായി ഈ പ്രവണതയെ പരാവര്‍ത്തനം ചെയ്യാനാകില്ലെങ്കിലും ഇസ്‌റാഈലിനെ എക്കൈാലവും പിന്തുണച്ചുകൊള്ളണമെന്ന ദീര്‍ഘകാല രാഷ്ട്രീയം ദുര്‍ബലമാകുന്നുവെന്ന് ഉറപ്പിച്ചുപറയാം.പരമ്പരാഗത ഇസ്‌റാഈല്‍ അനുകൂല മണ്ഡലങ്ങളിലും ഈ മാറ്റം പ്രകടമാണ്. മാര്‍ച്ചില്‍ ജെ സ്ട്രീറ്റ് നടത്തിയ സര്‍വേ, ഇസ്‌റാഈലിന് നിരുപാധിക സൈനിക, സാമ്പത്തിക സഹായം നല്‍കുന്നതിനെ 70 ശതമാനം അമേരിക്കന്‍ ജൂതന്മാരും എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു.ഇടതുപക്ഷം എന്നോ, ട്രംപിന്റെ ഭാഷയില്‍ കമ്മ്യൂണിസ്റ്റ് എന്നോ വിശേഷിപ്പിക്കാവുന്ന ആശയഗതികള്‍ക്ക് ട്രംപ് വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത കൂടുന്നുവെന്ന തരത്തിലുള്ള സര്‍വേകളും പുറത്തുവരുന്നുണ്ട്. സഈദിനെപ്പോലുള്ളവരുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കരുത്തുപകരുന്നത് ഈ രാഷ്ട്രീയമാറ്റമാണ്. റോയിട്ടേഴ്‌സ്/ഇപ്‌സോസ് ദേശീയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത സ്വതന്ത്ര വോട്ടര്‍മാരില്‍ 64 ശതമാനം പേരും കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കുമുള്ള നികുതി വര്‍ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് രേഖപ്പെടുത്തിയത്. 15 ശതമാനം പേര്‍ മാത്രമാണ് ഇതിനെ എതിര്‍ത്തത്. സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യ പരിരക്ഷാ സംവിധാനം എല്ലാ അമേരിക്കക്കാര്‍ക്കും ലഭ്യമാക്കണമെന്ന ആശയത്തെ 60 ശതമാനം സ്വതന്ത്ര വോട്ടര്‍മാരും പിന്തുണച്ചു. “മെഡികെയര്‍ ഫോര്‍ ആള്‍’ എന്ന മുദ്രാവാക്യം അല്‍ സഈദ് ഉയര്‍ത്തുന്നത് നിഷ്പക്ഷ വോട്ടര്‍മാരിലെ ഈ “കമ്മ്യൂണിസ്റ്റ്’ ചായ്‌വ് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്. സെനറ്റിലെ ആധിപത്യം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നതും കടുത്ത മത്സരം പ്രതീക്ഷിക്കുന്നതുമായ പോരാട്ടത്തില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്‌സിനെയാണ് സഈദ് നേരിടേണ്ടത്. കഴിഞ്ഞ മൂന്ന് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകളില്‍ രണ്ടിലും ട്രംപ് വിജയിച്ച സ്റ്റേറ്റാണിത്.ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ട്രംപിനെ വിറളിപിടിപ്പിക്കുന്നുണ്ട്. ഇവരെ കമ്മ്യൂണിസ്റ്റുകള്‍ എന്ന് ട്രംപ് വിളിക്കുന്നത് അധിക്ഷേപം എന്ന നിലയില്‍ തന്നെയാണ്. ശീത സമരകാലത്തെ കമ്മ്യൂണിസ്റ്റ് വിരോധം ഓര്‍മിപ്പിച്ച് പരമ്പരാഗത വോട്ടുകളുടെ ഒഴുക്ക് തടയുകയാണ് ലക്ഷ്യം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്ക (ഡി എസ് എ) എന്ന കൂട്ടായ്മയില്‍ അബ്ദുര്‍റഹ്മാന്‍ അല്‍ സഈദ് അംഗമല്ല. ഈ ഗ്രൂപ്പുമായി നേരിട്ട് ബന്ധം പുലര്‍ത്താന്‍ അദ്ദേഹം മടിക്കുന്നു. “കമ്മ്യൂണിസ്റ്റു’കളെ തൊടാതിരിക്കുകയെന്ന അടവ് നയം തന്നെ. എന്നാല്‍ മംദാനിയെപ്പോലെ, ബേണി സാന്‍ഡേഴ്‌സിനെപ്പോലെയുള്ള ഡി എസ് എക്കാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. അവരുടെ പിന്തുണയുമുണ്ട്.സ്‌കൂളിലും ആശുപത്രിയിലും തെലുവിലും തോക്കുമായി അലഞ്ഞ് കൂട്ടക്കൊല നടത്തുന്ന യു എസ് കൗമാരം തീവ്രവലതുപക്ഷ യുക്തിക്ക് കീഴ്‌പ്പെടുമ്പോഴും വൈറ്റ് സൂപ്രമാസിസം (വെള്ളക്കാരുടെ മേധാവിത്വം) ട്രംപിസത്തിന് വെള്ളവും വളവും നല്‍കുമ്പോഴും അമേരിക്കന്‍ പോളിറ്റിയില്‍ മംദാനിയും ഡോ. സഈദുമുണ്ടാകുന്നുവെന്നത് ആശാവഹമാണ്; ആ മാറ്റം എത്ര മൃദുവാണെങ്കിലും. Content Highlights:The US midterm primaries recorded major political shifts with anti-Muslim Republican representative Andy Ogles losing his bid in Tennessee. Meanwhile Dr Abdul El Sayed secured the Democratic nomination in Michigan highlighting changing dynamics regarding Gaza and Palestine policies.