ന്യൂഡൽഹി | ഹണി ട്രാപ്പിൽ പെട്ട് സുപ്രധാന പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ വ്യോമസേനാ വിംഗ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടന ഒരുക്കിയ ഹണി ട്രാപ്പിൽ കുടുങ്ങിയതായാണ് പോലീസിന്റെ കണ്ടെത്തൽ. ഉദ്യോഗസ്ഥനെതിരെ ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു.പടിഞ്ഞാറൻ അതിർത്തിയിലെ ഫീൽഡ് യൂനിറ്റിൽ പ്രവർത്തിക്കുന്നതിനിടെ ഉദ്യോഗസ്ഥൻ വ്യോമസേന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ ഒരു സ്ത്രീയുമായി നടത്തിയ ഇടപെടലുകൾ സംശയാസ്പദമാണെന്ന് കണ്ടതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ ഏജൻസികളെ അറിയിക്കുകയായിരുന്നു. വിംഗ് കമാൻഡർ ചില വ്യക്തിപരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് സാമൂഹിക മാധ്യമങ്ങൾ വഴി യുവതിയെ പരിചയപ്പെടുന്നത്. ഈ യുവതിയുടെ ആവശ്യപ്രകാരം പ്രതിരോധ രഹസ്യങ്ങൾ കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.സൈനിക വിവരങ്ങൾ ശേഖരിക്കുന്നതിനായി തന്റെ സഹപ്രവർത്തകന്റെ ഫോണിൽ ഡാറ്റ മോഷണത്തിനുള്ള സോഫ്റ്റ്‌വെയർ വിംഗ് കമാൻഡർ സ്ഥാപിച്ചിരുന്നതായും പോലീസ് കണ്ടെത്തി. സൈനിക യൂനിറ്റുകളുടെ വിന്യാസമുൾപ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയത്. വിപുലമായ ചാരശൃംഖലയുടെ ഭാഗമായുള്ള ഓപറേഷനായിരുന്നു ഇതെന്നാണ് സംശയിക്കുന്നത്. മേയ് 30നാണ് അറസ്റ്റ് ചെയ്തതെങ്കിലും ഇപ്പോഴാണ് വിവരങ്ങൾ പുറത്തുവിടുന്നത്. അന്വേഷണം പൂർത്തിയാക്കി ജൂലൈ 30ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. Content Highlights:Delhi Police arrested an IAF Wing Commander caught in a Pakistani honeytrap for leaking sensitive defense secrets. A chargesheet was filed following an investigation into espionage and data theft. The official remains charged under the Official Secrets Act.