ലോക മുസ്ലിംകള്‍ക്ക് ആത്മീയ ഉണര്‍വ് നല്‍കി വീണ്ടുമൊരു റബീഉല്‍ അവ്വല്‍ കൂടി സമാഗതമാകുകയാണ്. അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ) തങ്ങളുടെ ജീവിതചര്യകള്‍ പിന്‍പറ്റാനും അവിടുത്തോടുള്ള സ്‌നേഹം നെഞ്ചിലേറ്റാനും എല്ലാ കാലത്തും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ആ സ്‌നേഹപ്രകടനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്ന സവിശേഷമായ ഒരു കാലമാണ് റബീഉല്‍ അവ്വല്‍ മാസം. പ്രപഞ്ചത്തിന് കാരുണ്യമായി തിരുനബി (സ) ഭൂജാതരായ ഈ മാസത്തെ അങ്ങേയറ്റത്തെ ആദരവോടെയും പരിഗണനയോടെയുമാണ് വിശ്വാസി സമൂഹം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.ഇശ്ഖിന്റെ ഇരമ്പല്‍പ്രവാചകരോ(സ)ടുള്ള സ്നേഹവും അനുധാവനവുമാണ് ഇസ്ലാമിന്റെ അടിത്തറ. അവിടുന്ന് അല്ലാഹുവിന്റെ ദൂതരാണെന്ന് മനസ്സറിഞ്ഞ് സാക്ഷ്യപ്പെടുത്തുന്നവര്‍ക്ക് മാത്രമേ മുസ്ലിം എന്ന മേല്‍വിലാസത്തിന് പോലും അവകാശമുള്ളൂ. വിശ്വാസവും കര്‍മവും സംസ്‌കരണവുമെല്ലാം തിരുനബി(സ) പഠിപ്പിച്ച പാഠങ്ങള്‍ക്ക് വിധേയമായാണ് ഒരു മുസ്ലിമില്‍ ക്രമപ്പെടുന്നത്. ഈ ആശയത്തിന്റെ അകം പരതുമ്പോള്‍ തിരുനബി(സ)യോടുള്ള പ്രണയത്തില്‍ ഒരാള്‍ അലിഞ്ഞില്ലാതാകുന്നത് കാണാം. കാരണം തിരുനബി(സ) പ്രകാശിപ്പിച്ച വഴിയില്‍ പ്രവേശിക്കാന്‍ സാധ്യമാകുക വഴി ആത്യന്തിക ലോകത്തെ ശാശ്വതമായ വിജയമാണ് ഒരാള്‍ സ്വന്തമാക്കുന്നത്.ഈ ലോകത്തെ പരിമിതമായ സമയത്തെ പരീക്ഷണങ്ങള്‍ അതിജയിക്കാനായാല്‍ ആ അനന്തതയുടെ ചക്രവാളങ്ങള്‍ ഒരാളുടേതായി മാറുന്നു. പിന്നെ ആനന്ദത്തിന്റെ അനുഭവങ്ങള്‍ മാത്രം. അധ്വാനവും പണച്ചെലവുമില്ല. ശത്രുവും അസ്വസ്ഥതയുമില്ല. രോഗവും ബാധ്യതകളുമില്ല. ഈ രഹസ്യങ്ങള്‍ ഹൃദയത്തില്‍ സന്നിവേശിപ്പിക്കാന്‍ വന്നണഞ്ഞവരോടുള്ള ബന്ധം വിശ്വാസത്തിന്റെ ഔദ്യോഗികതയില്‍ അവസാനിക്കുന്നതെങ്ങനെയാണ്? ആ അനുഗ്രഹത്തെ അനാവരണം ചെയ്തുതരാന്‍ അവര്‍ അനേകം പീഡന പര്‍വങ്ങള്‍ താണ്ടിക്കടന്നിട്ടുണ്ടെന്ന് കൂടിയറിയുമ്പോള്‍ വിശേഷിച്ചും. വിശ്വാസവും കടപ്പാടും സ്നേഹവും പ്രണയവും കഴിഞ്ഞ് മറ്റാര്‍ക്കും പകുത്തു നല്‍കാത്ത ഒരു വികാരമായി അത് വികസിക്കുന്നതും മദീനയില്‍ ചെന്ന് വിലയം പ്രാപിക്കുന്നതും നാം കാണുകയാണ്.പല പേരില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോഴും പൂര്‍ണത ലഭിക്കാത്ത ആ വൈകാരികത പിന്നീട് പ്രവാചകര്‍ നടന്ന വഴിയില്‍, ആ ബീജം പേറിയ മുതുകുകളില്‍, ഏറ്റുവാങ്ങിയ ഗര്‍ഭപാത്രങ്ങളില്‍, ചേര്‍ന്നു ജീവിച്ച പത്നിമാരില്‍, പരമ്പരയായി വന്ന സന്താന തുടര്‍ച്ചയില്‍, പലായന വഴി താണ്ടിയ മണല്‍ പരപ്പില്‍, ഹിറായില്‍, സൗറില്‍, ഖുബയില്‍, റൗളയില്‍ എന്നിങ്ങനെ ആ നൂറിന്റെ പ്രയാണ വഴികളിലെല്ലാം സഞ്ചരിച്ച് അവിടങ്ങളിലെല്ലാം ആ സാന്നിധ്യം അനുഭവിക്കുകയും അതിനെയെല്ലാം ഹൃദയമറിഞ്ഞ് പ്രണയിക്കുകയും ചെയ്യുകയാണ്.തിരുനബിയെ കണ്ടവരെ കണ്ട കണ്ണിനോട് പ്രണയം, ശത്രുവിനെ അകറ്റാന്‍ ഗുഹാമുഖത്ത് മുട്ടയിട്ടടയിരുന്ന പ്രാവിന്റെ പരമ്പരയോട് പ്രിയം, ഒട്ടകത്തെ കാണുമ്പോള്‍ ഖസ്വയുടെ മുഖഛായ പരതുന്ന ഇഷ്ടം.. അവിടുത്തോട് ചേര്‍ത്തു പറയാനാകുന്നതിനെല്ലാം പ്രാധാന്യമുണ്ട്. ആ പ്രാധാന്യമാണ് തിരുപ്പിറവിയുടെ മുഹൂര്‍ത്തമൊരുക്കി കാത്തിരുന്ന റബീഉല്‍ അവ്വലിനുമുള്ളത്. ആ തങ്കത്തിളക്കമാണ് തിങ്കളാഴ്ചകളുടെ പെരുമയാകുന്നത്.ഇശ്ഖിന്റെ ഇരമ്പലുള്ള ഹൃദയങ്ങള്‍ എക്കാലത്തും ആ പ്രണയത്തിന്റെ വഴിയില്‍ സഞ്ചരിക്കും. കാലദേശങ്ങളുടെ അതിരുകളില്‍ അത് അടങ്ങിയൊതുങ്ങില്ല. പ്രവാചക പഠന സംഗമങ്ങള്‍, സ്വലാത്ത് സദസ്സുകള്‍, പ്രകീര്‍ത്തന വേദികള്‍, ഹദീസ് ചര്‍ച്ചകള്‍ എല്ലാം എക്കാലത്തും നടക്കുന്നു. എന്നാല്‍ റബീഇന്റെ അമ്പിളി ആകാശത്തില്‍ വെളിച്ചക്കീര്‍ വരച്ചുകഴിഞ്ഞാല്‍ വിശ്വാസിയുടെ പ്രമേയം തിരുനബി(സ) മാത്രമായി ചുരുങ്ങുന്നു. ഹൃദയങ്ങളില്‍ ഒരു നനവ് ഉറവയെടുക്കുന്നു. ആ പാഠങ്ങള്‍ പഠിക്കാനും ആ ഇഷ്ടത്തില്‍ ലയിക്കാനും പല സുകൃതങ്ങളിലും ഓരോരുത്തരും ഭാഗമാകുന്നു. ഹൃദയവും പ്രമാണങ്ങളും ഒരേ ദിശയിലേക്ക് വഴികാട്ടുന്നു. മഹാരഥന്മാരായവരെല്ലാം ഈ വസന്തത്തിന്റെ സുകൃതങ്ങളില്‍ ആനന്ദക്കണ്ണീരൊഴുക്കുന്നു. അവരെ മുന്നില്‍ നിര്‍ത്തി ചരാചരങ്ങളെല്ലാം ഈ മാസത്തിന്റെ മഹിമയില്‍ അലിയുന്നു.മൗലിദ് രാവുകളുടെ മാസംറബീഉല്‍ അവ്വലില്‍ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കര്‍മങ്ങളിലൊന്നാണ് മൗലിദ് പാരായണങ്ങള്‍. പ്രവാചകരുടെ മദ്ഹുകള്‍ പാടുകയും പറയുകയും ചെയ്ത മഹാന്മാര്‍ ചരിത്രത്തില്‍ എണ്ണിത്തീര്‍ക്കാനാകാത്ത വിധം നിറഞ്ഞുനില്‍ക്കുന്നുണ്ട്. അവരില്‍ സ്വഹാബികള്‍ മുതല്‍ എല്ലാ കാലത്തെയും പണ്ഡിതരുണ്ട്. അത്തരം രചനകളില്‍ മൗലിദ് എന്ന ഗണത്തില്‍ പെടുത്താവുന്നവ തന്നെ ധാരാളമുണ്ട്. മൗലിദുകള്‍ക്ക് ഇസ്ലാമിക ചരിത്രത്തിലും ആത്മീയ ജീവിതത്തിലും വലിയ പ്രാധാന്യമുള്ളതുകൊണ്ടാണ് ലോകം കണ്ട ഏറ്റവും വലിയ പണ്ഡിത മഹത്തുക്കള്‍ അത്തരം രചനകള്‍ നിര്‍വഹിക്കാന്‍ തയ്യാറായത്. സാഹിത്യ സൃഷ്ടികള്‍ എന്നതിലുപരി, അങ്ങേയറ്റത്തെ പ്രവാചകാനുരാഗത്തില്‍ നിന്നാണ് ഈ കാവ്യങ്ങള്‍ പിറവിയെടുത്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന പ്രവാചക പ്രകീര്‍ത്തന കാവ്യമായ ഇമാം ബൂസ്വീരി (റ) രചിച്ച ഖസ്വീദത്തുല്‍ ബുര്‍ദയും കേരളീയ പശ്ചാത്തലത്തില്‍ ഏറെ വേരോട്ടമുള്ള, വിശ്വപ്രസിദ്ധ പണ്ഡിതനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ (റ) രചിച്ച മന്‍ഖൂസ് മൗലിദുമെല്ലാം ഈ പറഞ്ഞ സാഹചര്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. സയ്യിദ് ജഅ്ഫര്‍ ബര്‍സന്‍ജി (റ) രചിച്ച, ലോകമെമ്പാടുമുള്ള മുസ്ലിം ഭവനങ്ങളിലും പള്ളികളിലും നിറഞ്ഞുനില്‍ക്കുന്ന ബര്‍സന്‍ജി മൗലിദും ഇതേ പശ്ചാത്തലത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്.മൗലിദ് സദസ്സുകളുടെ പ്രാധാന്യവും അതിലെ പുണ്യവും മഹാന്മാരായ പണ്ഡിതന്മാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം സുയൂത്വി(റ) ‘ഹുസ്‌നുല്‍ മഖ്‌സ്വിദ് ഫീ അമലില്‍ മൗലിദ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു, ‘ആളുകള്‍ ഒരുമിച്ചുകൂടി ഖുര്‍ആന്‍ പാരായണം ചെയ്യുകയും നബി(സ)യുടെ ജനന സമയത്ത് നടന്ന അത്ഭുത സംഭവങ്ങള്‍ വിവരിക്കുകയും തുടര്‍ന്ന് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുകയും ചെയ്യുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മമാണ്. കാരണം അതില്‍ പ്രവാചകരോടുള്ള ആദരവും അവിടുത്തെ ജനനത്തിലുള്ള സന്തോഷപ്രകടനവും അടങ്ങിയിരിക്കുന്നു.’ ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി (റ) മൗലിദാഘോഷത്തിന് വ്യക്തമായ അടിസ്ഥാനമുണ്ടെന്ന് സമര്‍ഥിച്ചിട്ടുണ്ട്. നബി(സ)യുടെ ജനനമെന്ന വലിയ അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി കാണിക്കാനുള്ള മികച്ച മാര്‍ഗമായാണ് പണ്ഡിതന്മാര്‍ ഇതിനെ കാണുന്നത്.പ്രവാചകരു(സ)ടെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനായി പണ്ട് കാലം മുതല്‍ക്കെ വിശ്വാസികളും ഭരണാധികാരികളും വലിയ തോതില്‍ പണവും സമയവും ചെലവഴിച്ചിരുന്നു. ഇതിന്റെ വൈപുല്യം കൊണ്ട് ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട നാമമാണ് ഇര്‍ബിലിലെ ഭരണാധികാരിയായിരുന്ന സുല്‍ത്വാന്‍ മുളഫ്ഫറുദ്ദീനി(റ)ന്റേത്. ഇബ്‌നു കസീര്‍ അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെ കാണാം, ‘റബീഉല്‍ അവ്വല്‍ മാസത്തില്‍ അതിഗംഭീരമായ രീതിയില്‍ അദ്ദേഹം മൗലിദ് സംഘടിപ്പിക്കാറുണ്ടായിരുന്നു. പണ്ഡിതന്മാരെയും സൂഫികളെയും സാധാരണക്കാരെയും ഒരുമിച്ചുകൂട്ടി അദ്ദേഹം നടത്തിയ മൗലിദ് സദസ്സുകള്‍ക്കും അന്നദാനത്തിനുമായി ലക്ഷക്കണക്കിന് ദീനാറുകള്‍ സന്തോഷത്തോടെ ചെലവഴിച്ചിരുന്നു.’ചുരുക്കത്തില്‍, റബീഉല്‍ അവ്വല്‍ തിരുനബി(സ)യോടുള്ള സ്‌നേഹം ശക്തിപ്പെടുത്താനും ആ ജീവിതം കൂടുതല്‍ അടുത്തറിയാനുമുള്ള ഒരു ഓര്‍മപ്പെടുത്തലാണ്. മഹാന്മാരായ പണ്ഡിതന്മാര്‍ അവരുടെ ജീവിതവും സമ്പത്തും സമയവും വിനിയോഗിച്ച് നമുക്ക് പകര്‍ന്നുനല്‍കിയ മൗലിദുകള്‍ പാരായണം ചെയ്തും അതിലൂടെ ലഭിക്കുന്ന ആത്മീയോര്‍ജം ഉള്‍ക്കൊണ്ട് അവിടുത്തെ സവിശേഷ സ്വഭാവഗുണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തിയും ഈ റബീഉല്‍ അവ്വലിനെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാം. പ്രവാചക സ്‌നേഹം വാക്കുകളിലും സദസ്സുകളിലും മാത്രം ഒതുങ്ങാതെ, നമ്മുടെ കര്‍മങ്ങളിലും സ്വഭാവത്തിലും പ്രതിഫലിക്കുന്ന തരത്തിലുള്ള ഒരു വലിയ മാറ്റത്തിന് ഈ റബീഉല്‍ അവ്വല്‍ നിമിത്തമാകട്ടെ.