മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്‌കാരങ്ങളുമായി എൻ ബി ഇ എം എസ്

Wait 5 sec.

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും പ്രവേശന നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനുമായി നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ ബി ഇ എം എസ്) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. അംഗീകൃത ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കുമുള്ള അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പുതുക്കിയതോടൊപ്പം, വിവിധ മെഡിക്കൽ സ്പെഷ്യാലിറ്റികളിൽ 11 പുതിയ ബിരുദാനന്തര, ഫെലോഷിപ്പ് കോഴ്സുകൾക്കും അനുമതി നൽകി.പുതിയ നിർദേശങ്ങൾ പ്രകാരം, എല്ലാ അംഗീകൃത ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ “എൻ ബി ഇ എം എസിന്റെ നിർദേശങ്ങൾ’ എന്ന പ്രത്യേക വിഭാഗം ഒരുക്കണം. പരിശീലന സൗകര്യങ്ങൾ, അധ്യാപകരുടെ വിവരങ്ങൾ, രോഗികളുടെ എണ്ണം, ക്ലിനിക്കൽ ജോലിഭാരം, കിടക്കകളുടെ ഉപയോഗ നിരക്ക്, സ്‌റ്റൈപെൻഡ് തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണ്. ഈ വിവരങ്ങൾ ഓരോ മാസത്തെയും ആദ്യ ആഴ്ചയിൽ പുതുക്കണമെന്നും എൻ ബി ഇ എം എസ് നിർദേശിച്ചിട്ടുണ്ട്.നിർദേശങ്ങൾ പാലിക്കാത്തതോ, തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതോ അക്രഡിറ്റേഷൻ പുതുക്കൽ, പുതിയ അംഗീകാരം, കേന്ദ്രീകൃത കൗൺസലിംഗ് വഴി സീറ്റുകൾ അനുവദിക്കൽ എന്നിവയെ ബാധിക്കുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി. നിലവിലുള്ളതും പുതുതായി അംഗീകാരം ലഭിച്ചതുമായ സ്ഥാപനങ്ങൾ മൂന്ന് മാസത്തിനകം ഈ നിബന്ധനകൾ പാലിക്കണമെന്നും വ്യക്തമാക്കി.പ്രവേശന നടപടികളിലും എൻ ബി ഇ എം എസ് കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒ പി ജെ ആർ സംവിധാനത്തിലൂടെ പ്രവേശനം നൽകുന്നതിന് മുമ്പ് ഓരോ വിദ്യാർഥിയുടെയും യോഗ്യതയും അസ്സൽ രേഖകളും കൃത്യമായി പരിശോധിക്കണമെന്ന് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിശോധന നടത്താതെ പ്രവേശനം നൽകുകയോ വ്യാജമോ തെറ്റായതോ ആയ രേഖകൾ സ്വീകരിക്കുകയോ ചെയ്താൽ ഓരോ വിദ്യാർഥിക്കും ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തുമെന്നും ബോർഡ് അറിയിച്ചു. ഒ പി ജെ ആർ, എം സി സി പോർട്ടലുകളിലെ രജിസ്ട്രേഷനും രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള സമയപരിധി കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.ഇതോടൊപ്പം വിവിധ മെഡിക്കൽ സ്പെഷ്യാലിറ്റികളിലായി 11 പുതിയ ബിരുദാനന്തര, ഫെലോഷിപ്പ് കോഴ്സുകളും എൻ ബി ഇ എം എസ് ആരംഭിച്ചു. ഓരോ കോഴ്സിന്റെയും യോഗ്യത, പഠനകാലാവധി, ഫാക്കൽറ്റി മാനദണ്ഡങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, രോഗികളുടെ എണ്ണം, അക്രഡിറ്റേഷൻ വ്യവസ്ഥകൾ എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിൽ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.അക്രഡിറ്റേഷൻ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡി എൻ ബി, പോസ്റ്റ് എം ബി ബി എസ്, ഡിപ്ലോമ കോഴ്സുകൾക്കുള്ള നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റമില്ലെങ്കിലും, ഡി ആർ എൻ ബി, എഫ് എൻ ബി കോഴ്സുകൾക്ക് അക്രഡിറ്റേഷൻ തേടുന്ന ആശുപത്രികൾക്ക് ഇനി കൂടുതൽ കർശന വ്യവസ്ഥകൾ പാലിക്കേണ്ടിവരും. പുതിയ ചട്ടമനുസരിച്ച്, അപേക്ഷിക്കുന്ന ആശുപത്രി കുറഞ്ഞത് മൂന്ന് വർഷമായി ക്ലിനിക്കൽ സ്ഥാപനമായി പ്രവർത്തിച്ചിരിക്കണം. കൂടാതെ അക്രഡിറ്റേഷനായി അപേക്ഷിക്കുന്നതിന് മുമ്പ് രണ്ട് വർഷത്തെ ക്ലിനിക്കൽ പ്രവർത്തന പരിചയവും നിർബന്ധമാക്കിയിട്ടുണ്ട്.Content Highlights:The National Board of Examinations in Medical Sciences issued new guidelines to boost medical education standards and introduced 11 new PG and fellowship courses. Accredited hospitals must display operational data monthly on their sites. Strict penalties apply for invalid admission documents.