അങ്കാറ | തുർക്കിയ തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ വധശ്രമത്തിൽ നിന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപോർട്ട്. ട്രംപ് എവിടെയെന്നുവരെ ഇറാൻ ഏജന്റുമാർ കൃത്യമായി മനസ്സിലാക്കിയെന്നും ഇതേത്തുടർന്ന് അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് അദ്ദേഹത്തെ അങ്കാറയിൽ നിന്ന് മാറ്റിയതെന്നും റിപോർട്ടിൽ പറയുന്നു.ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിനു നേരെ മിസൈൽ ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യ വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ, ട്രംപിന്റെ നീക്കങ്ങൾ ഇറാൻ നിരീക്ഷിക്കുന്നുണ്ടെന്ന വിവരം യു എസ് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. അങ്കാറയിൽ ട്രംപ് താമസിച്ച സ്ഥലത്തെ കുറിച്ചും ഏത് കെട്ടിടത്തിലെ ഏത് നിലയിലാണ് അദ്ദേഹം ഉള്ളതെന്നും ഇറാൻ ഏജന്റുമാർക്ക് അറിവുണ്ടായിരുന്നു.ട്രംപിന്റെ വിമാനത്തെ ഒരു കിലോമീറ്റർ പരിധിയിൽ നിന്ന് തോളിൽ വെച്ച് വിക്ഷേപിക്കാവുന്ന മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമിച്ചേക്കുമെന്നായിരുന്നു ഇസ്റാഈൽ മുന്നറിയിപ്പ്. ഇസ്റാഈൽ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യു എസ് സുരക്ഷാ വിഭാഗം ട്രംപിന്റെ വിമാനം മാറ്റാൻ തീരുമാനിച്ചത്. ഖത്വർ വിട്ടുനൽകിയ മറ്റൊരു വിമാനത്തിലാണ് ട്രംപ് അങ്കാറയിലെത്തിയതെങ്കിലും മിസൈലുകൾ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അതിൽ പൂർണമല്ലാതിരുന്നതും വിമാനം മാറ്റാൻ കാരണമായി.ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ നാടകീയ നീക്കങ്ങളാണ് പിന്നീട് അങ്കാറ വിമാനത്താവളത്തിൽ നടന്നത്. നാറ്റോ ഉച്ചകോടി കഴിഞ്ഞ് മടങ്ങാൻ ജൂലൈ എട്ടിന് വിമാനത്താവളത്തിലെത്തിയ ട്രംപ്, ക്യാമറകൾക്ക് മുന്നിൽ വെച്ച് എയർഫോഴ്സ് വൺ വിമാനത്തിൽ കയറി. എന്നാൽ, ആരും കാണാതെ അദ്ദേഹത്തെ രഹസ്യമായി പുറത്തെത്തിച്ച് സമീപം സജ്ജമാക്കിയ കാറ്ററിംഗ് ട്രക്കിൽ കയറ്റി സി- 32എ എന്ന ചെറുസൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. മാധ്യമപ്രവർത്തകരോ വൈറ്റ് ഹൗസ് ജീവനക്കാരോ ഈ വിമാനമാറ്റം അറിഞ്ഞിരുന്നില്ല. യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ട്രംപിനൊപ്പം രഹസ്യമായി ചെറുവിമാനത്തിലാണ് യാത്ര തിരിച്ചത്.ഇസ്റാഈൽ മുന്നറിയിപ്പ് വ്യാജമാണെന്ന് തുർക്കിയയുടെ രഹസ്യാന്വേഷണ വിഭാഗം ആദ്യം സംശയിച്ചിരുന്നുവെന്നും റിപോർട്ടിൽ പറയുന്നുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്റാഈൽ സർക്കാർ മനഃപൂർവം വ്യാജവിവരം നൽകിയതാകാമെന്നാണ് തുർക്കിയ കരുതിയത്. ഇറാനുമായുള്ള ട്രംപിന്റെ ചർച്ചകൾ തകർക്കുക, ട്രംപും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും തമ്മിലുള്ള ബന്ധം വഷളാക്കുക, തുർക്കിയക്ക് അമേരിക്കയിൽനിന്ന് എഫ്- 35 യുദ്ധവിമാനങ്ങൾ ലഭിക്കുന്നതിനുള്ള നീക്കം തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലെന്നും അവർ സംശയിച്ചതായി ദി വീക്കിന്റെ റിപോർട്ടിൽ പറയുന്നു. എന്നാൽ, നെതന്യാഹുവോ ഇസ്റാഈലോ ഇത്തരത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം സ്ഥിരീകരിച്ചിട്ടില്ല. Content Highlights:US President Donald Trump escaped a potential assassination attempt by Iranian agents during the NATO summit in Ankara. Israeli intelligence warned of a missile threat targeting Air Force One, prompting US agents to secretly evacuate Trump using a C-32A aircraft under high-security protocols.