“ഉരത്ത് യാ മൗലൽ ഉറുബാ ഉശിർ യെങ്കൾ യാ ഹബീബാഉദിമങ്കും ത്വാബ ത്വാബ യാ റസൂലുല്ലാ…ഫെരിയോൻ ഉമയ് ഇറക്കയ് ഫേശും ജിൻ ഇൻസ് ഇടക്കയ്ഫിരിശം റസൂലാക്കയ് യാ സ്വഫിയള്ളാ…ബരിശയ് റഹ്‌മത്തിനല്ല ബഅസാക്കിയുള്ളദല്ലാഹ്…’അക്ഷരങ്ങളിൽ പ്രണയവും ഇശലുകളിൽ വിപ്ലവവും കോർത്തിണക്കിയ മഹാകവി മോയിൻകുട്ടി വൈദ്യർ, മരുഭൂമിയിലെ ധീരതയുടെയും പ്രണയത്തിന്റെയും കഥ പറഞ്ഞിട്ട് ഒന്നര നൂറ്റാണ്ട്! കാലം ഒന്നര നൂറ്റാണ്ടിന്റെ തിരശ്ശീല താഴ്ത്തിയിട്ടും, അറബിമലയാള സാഹിത്യത്തിന്റെ ആകാശത്ത് ഇന്നും മാറ്റൊലി കൊള്ളുന്നത് അനശ്വരമായ അനുരാഗ സംഗീതമാണ്. പ്രവാചക അനുരാഗവും (ഇശ്ഖ്) പോരാട്ടവീര്യവും ഒരേ താളത്തിൽ സമന്വയിപ്പിച്ച മഹാകവി മോയിൻകുട്ടി വൈദ്യരുടെ “ബദ്ർ കിസ്സപ്പാട്ട്’ പിറവി കൊണ്ടിട്ട് 150 വർഷങ്ങൾ തികയുകയാണ് (1876–2026). കേവലം വാക്കുകളുടെ കൂട്ടിച്ചേർക്കലല്ല, മറിച്ച് മലയാള കാവ്യലോകത്തെ തന്നെ പിടിച്ചുലച്ച വിപ്ലവകരമായ ഒരു സംഗീത പ്രവാഹത്തിന്റെ തുടക്കമായിരുന്നു അത്. ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും ആ വരികളിലെ രൗദ്രവും വീരവും ഭക്തിയും ചോർന്നുപോയിട്ടില്ലെന്ന് മാത്രമല്ല, പുതിയ കാലത്തും അത് കൂടുതൽതെളിച്ചത്തോടെ കേൾവിക്കാരെ ആവേശഭരിതരാക്കിക്കൊണ്ടിരിക്കുന്നു.മുകളിൽ ഉദ്ധരിച്ച ആ ഈരടികൾ വെറുമൊരു പ്രകീർത്തനമല്ല; പകരം സർവലോകർക്കും അനുഗ്രഹമായി അവതരിച്ച കാരുണ്യത്തിന്റെ പെരുമഴയോടുള്ള ആത്മാവിന്റെ സമർപ്പണമാണ്. “ഉരത്ത് യാ മൗലൽ ഉറുബാ…’ എന്ന് തുടങ്ങുമ്പോൾ, അവിടെ അറബിയിലെ ആഴമുള്ള പ്രവാചക പ്രകീർത്തനവും തമിഴ്-മലയാള ഇശലുകളുടെ ദ്രുതതാളവും ഒന്നായി അലിയുന്നു. “ഫെരിയോൻ’ (സ്രഷ്ടാവായ അല്ലാഹു) പ്രപഞ്ചത്തിനാകെ അനുഗ്രഹമായി നൽകിയ പ്രവാചകരോട്, “ജിൻ-ഇൻസ്’ (മനുഷ്യരും ജിന്നുകളും) ഇടയിൽ അവിടുന്ന് ചൊരിഞ്ഞ അനന്തമായ സ്നേഹത്തിന്റെ അനുഭൂതിയാണ് വൈദ്യർ തന്റെ വരികളിലൂടെ വരച്ചുകാട്ടുന്നത്.ഏറനാടിന്റെ രാജശിൽപ്പിയും അമരകാവ്യവുംമലബാറിന്റെ കവിതാ സാഹിത്യത്തിന് കൃത്യമായ ഒരു അടിത്തറയും ഘടനയും നൽകിയ രാജശിൽപ്പിയാണ് മഹാകവി മോയിൻകുട്ടി വൈദ്യർ. 1852ൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മേലങ്ങാടിയിൽ ഓട്ടുപാറക്കുഴി ആലുങ്ങൽകണ്ടി തറവാട്ടിൽ ഉണ്ണിമമ്മദ് വൈദ്യർ – കുഞ്ഞാമിന ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്.ആയുർവേദ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹത്തെ ഒരു ചികിത്സകനാക്കാനായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും, തന്റെ ജീവിതം ഇശലുകളുടെ മാസ്മരിക ലോകത്തിന് സമർപ്പിക്കാനായിരുന്നു വൈദ്യർക്ക് താത്പര്യം. ഓത്തുപള്ളിയിൽ നിന്ന് ഖുർആനും മതവിജ്ഞാനവും നേടിയ അദ്ദേഹം, വേലു എഴുത്തച്ഛനിൽ നിന്ന് മലയാളവും, പിതാവിൽ നിന്ന് സംസ്കൃതവും (ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, ശ്രീരാമോദന്തം മുതലായവ) ചുള്ളിയൻ വീരാൻകുട്ടിയിൽ നിന്ന് തമിഴും അഭ്യസിച്ചു. തുടർന്ന് ചരകം, ശുശ്രുതം, അഷ്ടാംഗഹൃദയം തുടങ്ങിയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചു.അബൂബക്കർ പുലവർ, ഹംസ ലബ്ബ, അബ്ദുൽ മജീദ്, ഗുണംകുടി മസ്താൻ, അബ്ദുൽ ഖാദർ മസ്താൻ തുടങ്ങിയ ആന്ധ്രദേശക്കാരായ കവികളുടെ രചനകളും മഹാഭാരതം, രാമായണം, കൃഷ്ണഗാഥ, തുള്ളൽകൃതികൾ, കൂടാതെ പ്രാചീന മാപ്പിളപ്പാട്ടുകളായ കച്ചോടപ്പാട്ട്, നൂൽമദ്ഹ്, കപ്പപ്പാട്ട് എന്നിവയും അദ്ദേഹം സശ്രദ്ധം പഠിച്ചു. അറബി, സുറിയാനി, തെലുങ്ക്, പേർഷ്യൻ, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങി നിരവധി ഭാഷകളിൽ അപാരമായ പാടവം അദ്ദേഹം നേടി.കേവലം 16-ാം വയസ്സിൽ 95 ഇശലുകളുള്ള സലീഖത്ത് പടപ്പാട്ട് രചിച്ച് സാഹിത്യലോകത്തെ അമ്പരപ്പിച്ച വൈദ്യർ, ഇരുപതാം വയസ്സിൽ പ്രണയകാവ്യമായ “ബദറുൽ മുനീർ ഹുസ്നുൽ ജമാൽ’ (1872) പുറത്തിറക്കി. തുടർന്ന് സലാസീൽ, ഉഹ്ദ് പടപ്പാട്ട്, മലപ്പുറം പട, എലിപ്പട തുടങ്ങി നിരവധി അതിബൃഹത്തായ കൃതികൾ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു. എങ്കിലും അറബിമലയാളത്തെ പ്രൗഢമായ ഒരു സാഹിത്യ ശാഖയായി ഉയർത്തുകയും അദ്ദേഹത്തെ “മഹാകവി’ എന്ന പദവിയിലേക്ക് നയിക്കുകയും ചെയ്തത് 1876ൽ തന്റെ 24-ാം വയസ്സിൽ പുറത്തിറക്കിയ “ബദ്ർ കിസ്സപ്പാട്ട്’ തന്നെയാണ്.ചരിത്രത്തിന്റെ തണലിൽ പിറന്ന അതിജീവന ഗാഥ1876ൽ (ഹിജ്റ 1293) “ബദ്ർ കിസ്സപ്പാട്ട്’ എന്ന ഈ കാവ്യം രചിക്കപ്പെടുമ്പോൾ മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിന് എൺപത്തഞ്ചാണ്ട് പഴക്കമുണ്ടായിരുന്നു. കൊളോണിയൽ ആധിപത്യത്താലും ജന്മികുടിയാൻ ചൂഷണങ്ങളാലും മലബാർ തിളച്ചുമറിയുന്ന കാലം. അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന് ആത്മവീര്യവും പ്രതിരോധ ബോധവും പകരേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു.313 ആളുകൾ, എട്ട് വാൾ, ഒമ്പത് കുന്തം, ഒമ്പത് പടയങ്കി, അഞ്ചു കുതിരകൾ എന്നീ പരിമിതമായ പടക്കോപ്പുകളുമായി, ആയിരത്തോളം വരുന്ന സർവായുധ വിഭൂഷിതരോട് പോരാടി അത്ഭുത വിജയം നേടിയ ബദ്ർ യുദ്ധത്തിന്റെ കഥ വൈദ്യർ തിരഞ്ഞെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന ഒരു ജനതക്ക് “സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി പോരാടുന്നത് ദൈവനിശ്ചയമാണ്, ചുമതലാബോധത്തോടെ അനീതിക്കെതിരെ പൊരുതുന്നവർക്ക് പരാജയമില്ല, ഒന്നുകിൽ വിജയം അല്ലെങ്കിൽ രക്തസാക്ഷിത്വം’ എന്ന വീരസന്ദേശമാണ് വൈദ്യർ നൽകിയത്.രചനാ സൗന്ദര്യവും ശൈലികളുംനൂറ്റിയാറ് ഇശലുകളുള്ള ബദ്ർ കിസ്സപ്പാട്ട്, ഹിജ്റ 1204ൽ (ക്രി: 1788) ജനിച്ച കൈപറ്റ എ പി ഏനികുട്ടി മുസ്‌ലിയാരുടെ മകൻ കാമ്പ്രവൻ മൊയ്തീൻ കുട്ടി മുസ്‌ലിയാർ രചിച്ച “അൻവാറുൽ ബസ്വർ ബി അഖ്ബാരിൽ ബദ്ർ’ എന്ന അറബി കാവ്യത്തെ അവലംബമാക്കിയാണ് വൈദ്യർ രചിച്ചിട്ടുള്ളത്. 2021 ബൈത്തുകളുള്ള അൻവാറുൽ ബസ്വറിന്റെ അതേ ചരിത്രഘടന തന്നെയാണ് വൈദ്യരും പിന്തുടർന്നത്.പ്രവാചകന്റെ ഹിജ്റ മുതൽ ബദ്ർ യുദ്ധത്തിന്റെ പൂർണ ചരിത്രവും അതിലെ മാനസികാവസ്ഥകൾക്കൊത്ത ഇശലുകളിലൂടെ വൈദ്യർ ആവിഷ്കരിക്കുന്നു. യുദ്ധരംഗങ്ങൾ വിവരിക്കുമ്പോൾ താളത്തിന്റെ വേഗത കൂട്ടിയും സങ്കടരംഗങ്ങളിൽ താളം കുറച്ചും വായനക്കാരനിൽ വാങ്മയ ചിത്രം സൃഷ്ടിക്കാൻ കവിക്ക് സാധിച്ചു. യുദ്ധ പോരാട്ടത്തിൽ 10 മുതൽ 40 തരം വാദ്യോപകരണങ്ങൾ അണിനിരത്തിയ ഓർക്കസ്ട്രയുടെ ശബ്ദപ്രവാഹമാണ് കവി ഇശലുകളിൽ ഒളിപ്പിച്ചുവെച്ചത്.തിരുനബി(സ)യോടുള്ള അനുചരന്മാരുടെ അഗാധമായ പ്രണയം വൈദ്യർ അതിമനോഹരമായി വർണിക്കുന്നുണ്ട്. സ്വഹാബിവര്യനായ സവാദ് (റ) വിന്റെ പ്രണയാതുരമായ രംഗവും, ഉക്കാശത്തുബ്നു മുഹ്സിൻ (റ) വിന്റെ വാൾ പോരാട്ടത്തിനിടെ മുറിഞ്ഞപ്പോൾ പ്രവാചകൻ നൽകിയ മരക്കൊമ്പ് മൂർച്ചയുള്ള വാളായി മാറിയ അത്ഭുത സംഭവവും 69 -ാം ഇശലിൽ വൈദ്യർ പാടുന്നത് ഇങ്ങനെയാണ്:“അന്ദെചേനയിൽ ഉക്കാശത്തിനേ മുഹ്‌സിനെണ്ടവർഅങ്കമിൽ സ്വഖീൽ മുറിന്ത് ബന്ത് ചേതി ചൊന്നതാൽപൊൻ തിരു കരത്തിനാൽ കൊടുത്തതാരു ശാകമിൻപൊളികടൈന്തെ ബാളിലും വിശേഷ യോഗ സൈഫുമായ്…’“നവരത്ന മാല’ എന്ന അക്ഷര അത്ഭുതം കാവ്യരചനയിലെ വൈദ്യരുടെ അസാധാരണമായ വൈഭവത്തിന് മകുടോദാഹരണമാണ്. ബദ്ർ കിസ്സപ്പാട്ടിലെ 89-ാമത്തെ ഇശൽ. സാഹിത്യ ചരിത്രകാരന്മാർ ഇതിനെ വിളിച്ച് പോരുന്നത് “നവരത്ന മാല’ എന്നാണ്. ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത ധീരരായ ശുഹദാക്കളുടെ (രക്തസാക്ഷികളുടെ) നാമങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ഈ ഭാഗം, ഘടന കൊണ്ടും രചനാകൗശലം കൊണ്ടും ലോക സാഹിത്യത്തിൽ തന്നെ അപൂർവമായ ഒന്നാണ്.അറബി അക്ഷരമാലയിലെ (ഹിജാഇയ്യ) 29 അക്ഷരങ്ങളെ കൃത്യമായ ക്രമത്തിൽ (അലിഫ് മുതൽ യാഹ് വരെ) വരികളുടെ തുടക്കമായി നിശ്ചയിച്ച്, ഓരോ അക്ഷരത്തിലും തുടങ്ങുന്ന പ്രവാചക അനുചരന്മാരുടെ പേരുകൾ കോർത്തിണക്കിയാണ് വൈദ്യർ ഈ കാവ്യം ചമച്ചിരിക്കുന്നത്. മാത്രവുമല്ല, ഓരോ വരിയുടെയും അവസാനം അവർക്ക് വേണ്ടിയുള്ള പ്രാർഥനയായ “തർളിയത്ത്’ (റളിയള്ളാഹു അൻഹു) ചേർക്കുകയും ചെയ്യുന്നു. ഭാഷാപരമായ കണിശതയും ആത്മീയ ഭക്തിയും ഒരുപോലെ സമന്വയിക്കുന്ന ഈ ശൈലി കവിയുടെ അതിവിദഗ്ദ്ധമായ പദസമ്പത്തിനെയും ഇശൽ ബോധത്തെയുമാണ് അടയാളപ്പെടുത്തുന്നത്.ഈ ഇശലിന്റെ തുടക്കത്തിൽ വൈദ്യർ കുറിച്ച പ്രശസ്തമായ ഈരടികൾ നോക്കുക:“അരിമ ഫെരിമ ഫെരിയോനെ ഫുരാൻ അഹദുൻ സ്വമദുൻ ഫർദാനെ ഉനൈ അസ്മാഉൽ അളീമുകൾ ഹഖ്‌കളാലെഇലൈക്ക തവസ്സൽനാ അല്ലാഹ്ഇരക്കുന്നടിയൻ വബിജാഹി ഹബീബിക സയ്യിദിനാ അവർ ശംസുൽ ഹുദാ…’ഇവിടെ “അരിമ’ (മനോഹരമായത്), “പെരിമ’ (മഹത്വം) എന്നീ തമിഴ്-മലയാള വാക്കുകളിലൂടെ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ അനാദിയായ (“പുരാൻ’) മഹത്വത്തെയും ഏകത്വത്തെയും (“അഹദ്, സ്വമദ്, ഫർദ്’) വാഴ്ത്തിക്കൊണ്ടാണ് കവി തുടക്കമിടുന്നത്. അല്ലാഹുവിന്റെ തിരുസന്നിധിയിൽ സ്വന്തം പാപങ്ങൾ ഏറ്റുപറഞ്ഞ് യാചിക്കുന്ന ഭക്തന്റെ ആകുലതകളും, പ്രവാചകരുടെയും (സയ്യിദിനാ) അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (റ) തുടങ്ങിയ പ്രധാന സ്വഹാബികളുടെയും മധ്യസ്ഥത (തവസ്സുൽ) തേടുന്ന ആത്മീയ ആതുരതയുമാണ് ഈ വരികളിൽ തുളുമ്പിനിൽക്കുന്നത്. മാപ്പിളപ്പാട്ടിന്റെ ആലാപന മാധുര്യത്തിന് മാറ്റുകൂട്ടുന്ന അക്ഷരപ്രാസവും അനുപ്രാസങ്ങളും ചേർന്ന് വായനക്കാരനെയും കേൾവിക്കാരനെയും ഒരേപോലെ ഭക്തിനിർഭരമായ മറ്റൊരു ലോകത്തേക്ക് ഉയർത്താൻ ഈ വരികൾക്ക് സാധിക്കുന്നു.അച്ചടിയുടെ ചരിത്രവും “പാടിപ്പറയൽ’ കലയുംമലയാളത്തോടൊപ്പം അറബി, തമിഴ്, പേർഷ്യൻ, സംസ്കൃതം, കന്നഡ തുടങ്ങിയ വിവിധ ഭാഷാ പദങ്ങൾ സമർഥമായി കോർത്തിണക്കിയ സങ്കര കാവ്യഭാഷയാണ് ബദ്ർ കിസ്സപ്പാട്ടിൽ വൈദ്യർ ഉപയോഗിച്ചത്. അനുപ്രാസാർഥം ആവർത്തിക്കുന്ന വ്യഞ്ജനാക്ഷരങ്ങൾ ആലാപനസൗഖ്യം വർദ്ധിപ്പിച്ചു. ചില പാട്ടുകളുടെ ആധിക്യവും പ്രചാരവും കാരണം പഴയ ഇശൽ നാമങ്ങൾ വൈദ്യരുടെ പാട്ടുകളുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു!കൈയെഴുത്തു പ്രതികളിലൂടെ പ്രചരിച്ച ബദ്ർ കിസ്സപ്പാട്ട് പിൽക്കാലത്ത് അച്ചടിമഷി പുരണ്ടു. സൈനുദ്ദീൻ ബിൻ അഹ്മദ് കോടഞ്ചേരി പകർത്തിയെഴുതിയ ഈ മഹത്ഗ്രന്ഥം, 1948 ജൂലൈ 25നാണ് (ഹിജ്റ 1367) പൊന്നാനിയിലെ “നൂറുൽ ഹിദായ’ അച്ചുകൂടത്തിൽ നിന്ന് 140 താളുകളുള്ള പുസ്തകമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്.കേവലം പുസ്തകത്താളിനുള്ളിൽ ഒതുങ്ങാതെ, മലബാറിലെ വീടുകളിൽ രാത്രികാലങ്ങളിൽ വിളക്കുവെച്ച് മൂന്നും നാലും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന “ബദ്ർ പാട്ട് പറയൽ’ എന്ന ജനകീയ കലാരൂപത്തിന് ഇത് ജന്മം നൽകി. തുടർച്ചയായി 10 മുതൽ 15 ദിവസങ്ങളെടുത്ത്, കൃത്യമായ ഗുരുശിഷ്യ ബന്ധത്തിലൂടെ അകംപൊരുൾ കൈമാറ്റം ചെയ്യപ്പെട്ട ഈ ആലാപന ശൈലി മാപ്പിള സംസ്കാരത്തിന്റെ നെഞ്ചകമായി മാറി.നെഞ്ചേറ്റിയ ആത്മീയത, തലമുറകളിലേക്ക്തഅ്ജീലുൽ ഫുതൂഹ്, തവസ്സുൽ ബി അസ്ഹാബിൽ ബദ്ർ തുടങ്ങി എഴുപതോളം ബദ്ർ തവസ്സുൽ മൗലിദുകൾ കേരളത്തിലുണ്ടായിട്ടുണ്ടെങ്കിലും, ജനഹൃദയങ്ങളെ ഇത്രമേൽ കീഴടക്കിയ മറ്റൊരു കാവ്യമില്ല. പോരാട്ടവീര്യത്തോടൊപ്പം ആത്മീയമായ തെളിമയും കാരുണ്യവും കണ്ണീരും സമന്വയിച്ച ഈ കൃതി, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ആത്മീയ വിശുദ്ധിയുടെ തണുപ്പായി ഒഴുകിയെത്തുന്നു. കല്യാണപ്പുരകളിലും ആത്മീയ സദസ്സുകളിലും ആവേശം വിതറുന്ന ഈ ഈരടികൾ ഇന്നും മാപ്പിള മനസ്സിന്റെ ഹൃദയമിടിപ്പാണ്.ചുരുങ്ങിയ കാലത്തെ ജീവിതത്തിനു ശേഷം നാൽപ്പതാം വയസ്സിൽ (1892ൽ) വിടപറഞ്ഞ ആ മഹാപ്രതിഭയുടെ അവസാന കൃതി “ഹിജ്റ’ ആയിരുന്നു (രോഗബാധിതനായ വൈദ്യരുടെ വേർപാടിനു ശേഷം പിതാവ് ഉണ്ണി മമ്മദാണ് ഇത് പൂർത്തിയാക്കിയത്).ഒരു രചന ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും നെഞ്ചേറ്റപ്പെടുന്നുവെങ്കിൽ അതിന് കാരണം ആ കൃതി സംസാരിക്കുന്ന സാർവത്രികമായ പ്രവാചക അനുരാഗവും നീതിക്ക് വേണ്ടിയുള്ള സന്ദേശവുമാണ്. ആധുനിക വിനോദോപാധികൾ സുലഭമായ ഇക്കാലത്തും “ബദ്ർ പാട്ട് പറയൽ’ പൂർണമായി നിലച്ചിട്ടില്ല എന്നത് ഇതിന്റെ ചിരപ്രതിഷ്ഠ തെളിയിക്കുന്നു. ഭാഷാ ശാസ്ത്രജ്ഞർക്കും സാംസ്കാരിക ഗവേഷകർക്കും വലിയൊരു പഠനമേഖലയായ ഈ കാവ്യം, 150-ാം വർഷത്തിലും (1876-2026) അതിന്റെ പ്രൗഢിയും ആവേശവും ചോരാതെ മലയാള സാഹിത്യത്തിന്റെ അമരത്വമാർന്ന ചരിത്രരേഖയായി നിലനിൽക്കുന്നു.ത്യാഗോജ്ജ്വലമായ ഒരു പോരാട്ട ചരിത്രത്തെ സാഹിത്യ-സാംസ്കാരിക തനിമയോടെ കോർത്തിണക്കിയ ഈ മനോഹര രചന 150 വർഷം പൂർത്തിയാക്കുമ്പോൾ, അതിന്റെ ചരിത്രപ്പൊരുളുകളിലേക്കും രചനാവൈവിധ്യങ്ങളിലേക്കും പുതിയ തലമുറ കടന്നുവരേണ്ടതുണ്ട്. അതിനായുള്ള പഠന പ്രചാരണ പദ്ധതികൾ ഇനിയും വിപുലമായി സമൂഹത്തിന് മുന്നിൽ തുറക്കപ്പെടണം. സർക്കാറും വിവിധ സംഘടനകളും മോയിൻകുട്ടി വൈദ്യരുടെ സംഭാവനകളെ അടയാളപ്പെടുത്താൻ ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഈ 150ാം വാർഷിക വേളയിൽ അദ്ദേഹത്തിന്റെ വിസ്മയ ലോകത്തേക്ക് വെളിച്ചം വീശുന്ന പുതിയ സംരംഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഇശലുകളുടെ ആ മനോഹര താളം വരുംതലമുറകളെയും തഴുകി തലോടിക്കൊണ്ടിരിക്കട്ടെ.Content Highlights:Moyinkutty Vaidyar’s masterpiece Badr Kissappattu completes 150 years of creation from 1876 to 2026. Written at the age of 24, it combined Islamic spirituality, anti-colonial zeal, and unique musical styles. The epic poem remains a cornerstone of Arabimalayalam literature and Malabar’s cultural identity.