ബസുകളില്‍ യാത്രക്കാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സര്‍ക്കാര്‍; മൊബൈല്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെഡ്സെറ്റ് ഉപയോഗിക്കണം

Wait 5 sec.

ചെന്നൈ|സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്നാട്. മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിലാണ് പ്രധാന വിലക്ക്. മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഹെഡ്സെറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് കര്‍ശന നിര്‍ദേശം. ബസുകളില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതിലും വിലക്കുണ്ട്. ഫോണില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ പാട്ട് വയ്ക്കുക, വീഡിയോ കാണുക എന്നിവയ്ക്കും വിലക്കുണ്ട്. മൊബൈല്‍ ഫോണോ മറ്റ് ഓഡിയോ ഉപകരണങ്ങളോ ഉപയോഗിക്കുമ്പോള്‍ അത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ പാടില്ലെന്നതാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്.പൊതുഗതാഗത സംവിധാനത്തില്‍ വലിയ ശബ്ദത്തില്‍ സംസാരിക്കുകയും ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നത് തടയുകയാണ് പെരുമാറ്റച്ചട്ടത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ചെന്നൈ മെട്രോയിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ടുവെക്കുക, സ്പീക്കറില്‍ സംസാരിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 2,500രൂപ പിഴ ഈടാക്കുമെന്നാണ് സിഎംആര്‍എല്‍ അറിയിച്ചിരുന്നത്. പിന്നാലെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ബസുകളിലും പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്.പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് ഗതാഗത വകുപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. ബസില്‍ ഡ്രൈവര്‍മാര്‍ വലിയ ശബ്ദത്തില്‍ പാട്ടുകള്‍ വെക്കരുത്, യാത്രക്കാര്‍ സ്പീക്കറില്‍ ഉറക്കെ സംസാരിക്കരുത്, യാത്രക്കാര്‍ ഉറക്കെ വാര്‍ത്തയും പാട്ടുകളും കേള്‍ക്കരുത്, ബസിലെ ജീവനക്കാര്‍ അവബോധം വളര്‍ത്താന്‍ യാത്രക്കാരോട് സംവദിക്കുക്കുകയും അവബോധ സ്റ്റിക്കറുകള്‍ പതിക്കുകയും വേണമെന്നാണ് ഗതാഗത സെക്രട്ടറി നിര്‍മല്‍ രാജ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, ഓള്‍ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍സ് എന്നിവയുടെ മാനേജിങ് ഡയറക്ടര്‍മാര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.Content Highlights:Tamil Nadu introduces new rules banning loud mobile phone use on government buses. Passengers must use earphones when listening to music or watching videos. Bus drivers and staff are also instructed to avoid loud audio and spread awareness.