ന്യൂഡൽഹി | ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കേസെടുക്കപ്പെട്ട പെൺകുട്ടി മാപ്പപേക്ഷയുമായി രംഗത്തെത്തി. തനിക്ക് 15 വയസ്സ് മാത്രമേയുള്ളൂവെന്നും വികാരാധീനയായാണ് സംസാരിച്ചതെന്നും വ്യക്തമാക്കുന്ന വീഡിയോ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.താൻ കുറ്റം ചെയ്തതായി പെൺകുട്ടി വീഡിയോയിൽ സമ്മതിച്ചു. അന്ന് താൻ പെട്ടെന്നുണ്ടായ വികാരത്താൽ സംസാരിച്ചതാണെന്നും തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും പെൺകുട്ടി പറഞ്ഞു. തന്നോട് ക്ഷമിക്കണമെന്നും ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.നോയിഡയിലെ സെക്ടർ 126 പോലീസ് സ്റ്റേഷനിൽ ബി എൻ എസ് ലെ 196, 352, 353 (2) വകുപ്പുകൾ പ്രകാരമാണ് പെൺകുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിന്റെ തുടർനടപടികൾക്കായി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് സീറോ എഫ് ഐ ആർ കൈമാറി. പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെതിരെയും അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചു എന്നാണ് ആരോപണം.ജന്തർ മന്തർ സമരത്തിനിടെ തന്നെ അധിക്ഷേപിച്ചവർക്ക് മാപ്പ് നൽകുന്നതായി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അധിക്ഷേപങ്ങൾ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ലെന്നും തെറ്റായ വഴിയിൽ പോയ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം ശരിയായ പാതയിലേക്ക് നയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സമൂഹത്തോട് അഭ്യർത്ഥിച്ചു. ഇതിനു പിന്നാലെയാണ് പെൺകുട്ടിയുടെ വീഡിയോ സന്ദേശം വൈറലാകുന്നത്.Content Highlights:A 15-year-old girl booked by Noida police for using abusive language against PM Modi at the Jantar Mantar protest issued a video apology. She confessed her mistake and sought forgiveness, stating she acted emotionally. Police transferred the zero FIR to Delhi’s Parliament Street police station.