* നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോപ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു.സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ ആയി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.അഴിമതിയില്ലാതെ ധൈര്യത്തോടെ മുന്നേറാൻ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ വലിയ ചുവടുവെപ്പാണ് പ്രോജക്ട് സീറോ. പുതിയ തലമുറയ്ക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണിതെന്നും അതിൽ പങ്കാളിയാവുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും നിവിൻ പറഞ്ഞു. തന്റെ ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിലെ നിയമപ്രകാരം പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ അനുസ്മരിച്ച അദ്ദേഹം, നിയമത്തിലുള്ള വിശ്വാസമാണ് ഒരു സമൂഹത്തിന്റെ അടിത്തറയെന്നും ആ വിശ്വാസം നഷ്ടപ്പെട്ടാൽ സമൂഹം തകർച്ചയിലേക്ക് നീങ്ങുമെന്നും പറഞ്ഞു.കൈക്കൂലി വാങ്ങുകയോ നൽകുകയോ ചെയ്യുന്നതു മാത്രമല്ല അഴിമതി. മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും പണത്തിന്റെയോ അധികാരത്തിന്റെയോ സ്വാധീനത്തിൽ അർഹതകളെ മറികടക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഭാഗമാണ്. നേരായ വഴിയിലൂടെ മുന്നേറിയാൽ വിജയിക്കാനാകില്ലെന്ന തെറ്റായ ധാരണ മാറ്റിയെടുക്കാൻ ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിദ്യാർഥികൾ കോപ്പിയടിക്കാതിരിക്കുക, കള്ളം പറയാതിരിക്കുക, മറ്റുള്ളവരുടെ വിജയം അംഗീകരിക്കുക, തെറ്റായ വഴിയിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു വടക്കൻ സെൽഫി’ സിനിമയിലെ സന്ദർഭം ഉദാഹരിച്ച് തെറ്റായ പ്രോത്സാഹനം നൽകുന്ന സുഹൃത്തുക്കളെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.ഇന്നത്തെ യുവതലമുറ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്യുന്നവരാണെന്നും, തന്നോട് കാര്യങ്ങൾ ചോദിക്കുന്ന സ്വന്തം മകന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് നിവിൻ പറഞ്ഞു. ഇത്തരം ചോദ്യംചെയ്യലുകൾ അധികാര സംവിധാനങ്ങളെ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്നും അഴിമതി തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ കാണുന്ന അഴിമതികൾക്കെതിരെ യുവാക്കൾ ധൈര്യത്തോടെ പ്രതികരിക്കണമെന്നും, അതിന് സർക്കാരിന്റെയും പൊലീസിന്റെയും പൂർണ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.