യു എസിൽ പഠനശേഷം ജോലി ചെയ്യാൻ 1,00,000 ഡോളർ ഫീസ്? ഇന്ത്യൻ വിദ്യാർഥികൾക്ക് വൻ തിരിച്ചടി

Wait 5 sec.

ന്യൂഡൽഹി | അമേരിക്കയിൽ ഉന്നതപഠനം പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടിയാകുന്ന പുതിയ നിർദ്ദേശം ട്രംപ് ഭരണകൂടം പരിഗണിക്കുന്നു. എഫ് 1 വിസയിൽ പഠനം പൂർത്തിയാക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള തൊഴിൽ പെർമിറ്റായ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (Optional Practical Training – OPT) പ്രോഗ്രാമിന് 1,00,000 ഡോളർ ഫീസ് ചുമത്താനാണ് യു എസ് അധികൃതർ ആലോചിക്കുന്നത്. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് 95 ലക്ഷത്തിലധികം രൂപ വരും ഇത്.വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്ത ഈ വാർത്ത ഇതിനകം തന്നെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും വൈറ്റ് ഹൗസ് ഇതിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വേറെ തൊഴിൽ വിസ ഇല്ലാതെ തന്നെ ഒരു വർഷം വരെ യു എസിൽ ജോലി ചെയ്യാൻ ഒ പി ടി അവസരമൊരുക്കുന്നുണ്ട്. സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് ഉൾപ്പെടുന്ന സ്റ്റെം (STEM) മേഖലകളിലെ ബിരുദധാരികൾക്ക് അധികമായി രണ്ട് വർഷം കൂടി ഇളവ് ലഭിക്കും. അതായത് ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദധാരിക്ക് ഒ പി ടി വഴി മാത്രം മൂന്ന് വർഷം വരെ ജോലി ചെയ്യാം. തുടർന്ന് എച്ച് 1ബി വിസയിലേക്ക് കടക്കാനുള്ള പ്രധാന പാലമായാണ് വിദ്യാർത്ഥികൾ ഇതിനെ കാണുന്നത്.എച്ച് 1ബി വിസ അപേക്ഷകൾക്ക് മുൻപ് ട്രംപ് ഭരണകൂടം ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയിരുന്നുവെങ്കിലും ബോസ്റ്റണിലെ ഫെഡറൽ അപ്പീൽ കോടതി ഇത് തടഞ്ഞിരുന്നു. ഐ ടി കമ്പനികളുടെയും ടെക് മേഖലയിലെ പ്രമുഖരുടെയും എതിർപ്പിനെ തുടർന്നായിരുന്നു കോടതി നടപടി. ഇതിന് പിന്നാലെയാണ് OPT പ്രോഗ്രാം വഴി വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള പുതിയ പ്ലാൻ തയാറാക്കുന്നത്. ഒ പി ടി സംവിധാനം വിസ തട്ടിപ്പുകൾക്കും വിസ കാലാവധി കഴിഞ്ഞുള്ള നിയമവിരുദ്ധ താമസത്തിനും ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ വാദം.അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. 2024-25 ഓപ്പൺ ഡോർസ് റിപ്പോർട്ട് പ്രകാരം 3.63 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് യു എസിൽ പഠിക്കുന്നത്. യു എസിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ 40 ശതമാനത്തോളം പേരും ഒ പി ടി സൗകര്യം ഉപയോഗപ്പെടുത്തുന്നുമുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കാനെത്തുന്ന മലയാളി വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ പഠിതാക്കൾക്ക് പഠനശേഷമുള്ള തൊഴിൽ നേട്ടം ഇല്ലതാകുന്നതോടെ യു എസ് പഠനം ഉപേക്ഷിച്ച് കാനഡ, യുകെ, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ സാധ്യതയേറെയാണ്.Content HighlightsThe Trump administration is reportedly considering a $100,000 fee for international graduates seeking post-study OPT work permits in the US. This proposal comes after court setbacks on new H-1B visa application fees. The proposed rule could severely impact over 3.63 lakh Indian students by blocking affordable pathways to US employment and driving future applicants toward alternative global study destinations.