പി എം ശ്രീ: നിസ്സഹായമായി മുസ്‌ലിം ലീഗ്

Wait 5 sec.

മലപ്പുറം | പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യു ഡി എഫ് തീരുമാനമെടുത്തതോടെ വെട്ടിലായത് മുസ്ലിം ലീഗ്. പി എം ശ്രീക്കെതിരെ പാര്‍ട്ടിക്കകത്ത് എതിര്‍സ്വരങ്ങള്‍ ശക്തമാണെങ്കിലും യു ഡി എഫ് യോഗത്തില്‍ എതിര്‍ത്തുനില്‍ക്കാന്‍ പാര്‍ട്ടിക്കായില്ല. സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട പദ്ധതിയായിട്ടും മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതിയുമായി മുന്നോട്ടെന്ന നിലപാട് കര്‍ക്കശമാക്കിയപ്പോള്‍ തിരിച്ചൊന്നും പറയാനാകാതെ തീര്‍ത്തും നിസ്സഹായമായി പാര്‍ട്ടി. പറഞ്ഞതെല്ലാം വിഴുങ്ങി, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ രൂക്ഷമായി എതിര്‍ത്ത പദ്ധതിയെ സ്വീകരിക്കുന്നതിനെതിരെ എം എസ് എഫും യൂത്ത് ലീഗും പാര്‍ട്ടിയിലെ ഒരുവിഭാഗവും രംഗത്തെത്തിയിരുന്നെങ്കിലും എല്ലാം ജലരേഖയായി.യു ഡി എഫ് അധികാരമേറ്റ ഉടനെ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന പ്രതീതിയുണ്ടായപ്പോള്‍ എം എസ് എഫ് പാര്‍ട്ടി നേതൃത്വത്തെ പ്രതിഷേധമറിയിച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ലീഗിലെ ഒരുവിഭാഗം നേതാക്കളും പദ്ധതി നടപ്പാക്കുന്നതിനെതിരെ രംഗത്തുവന്നു. പാര്‍ട്ടി മന്ത്രിമാര്‍ പി എം ശ്രീക്ക് അനുകൂലമായി സംസാരിച്ചപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അടക്കമുള്ളവര്‍ മന്ത്രിമാരെ തിരുത്തുകയും ഉപസമിതി തീരുമാനം വരുന്നതു വരെ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍, എല്ലാ നിലപാടുകളും മുഖ്യമന്ത്രിക്ക് മുന്നില്‍ പാര്‍ട്ടി അടിയറവ് വെച്ചെന്നും യുവജന സംഘടനകളുടെ പ്രതിഷേധത്തിന് വിലയുണ്ടായില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്.പി എം ശ്രീ വഴി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും കേന്ദ്രത്തിന്റെ കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നും ഒരു ചര്‍ച്ചയും കൂടാതെ പദ്ധതി നടപ്പാക്കാന്‍ പാടില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തണമെന്നും എം എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് ആവശ്യപ്പെട്ടിരുന്നു. യൂത്ത് ലീഗ് വള്ളിക്കുന്ന്് മണ്ഡലം കമ്മിറ്റി ഇതിനെതിരെ പ്രമേയം പാസ്സാക്കി. തിരഞ്ഞെടുപ്പ് കാലത്ത് പി എം ശ്രീ ആയുധമായി ഉപയോഗിക്കുകയും സംഘ്പരിവാര്‍ ബന്ധം പറഞ്ഞ് വോട്ട് ചോദിക്കുകയും ചെയ്ത് അധികാരത്തിലെത്തിയപ്പോഴുള്ള നിലപാട് മാറ്റം അംഗീകരിക്കാനാകില്ലെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. എതിര്‍ശബ്ദങ്ങളെയെല്ലാം അവഗണിച്ചാണ് നേതൃത്വം പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണമടക്കം പ്രധാനമായ കാര്യങ്ങളില്‍ സര്‍ക്കാറിന് നിയന്ത്രണം വേണമെന്നതടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ച് മാത്രമേ സര്‍ക്കാര്‍ പി എം ശ്രീയുമായി മുന്നോട്ടു പോകാന്‍ പാടുള്ളൂവെന്നും ഇക്കാര്യം മന്ത്രിമാര്‍ ഉറപ്പ് വരുത്തണമെന്നതടക്കമുള്ള നിലപാടുകള്‍ നേതൃത്വം കൈക്കൊണ്ടിരുന്നു. എന്നാല്‍, ഈ ഉറപ്പൊന്നും ലഭിക്കാതെയാണ് യു ഡി എഫിന്റെ ഈ തീരുമാനത്തെ പാര്‍ട്ടി പിന്തുണച്ചിരിക്കുന്നത്.Content Highlights:The Muslim League finds itself in a tough spot regarding the implementation of the PM Shri school scheme in Kerala. Internal opinions remain divided as religious bodies and political factions debate its educational implications. The decision continues to spark significant political discussion across the state.