ന്യൂഡല്‍ഹി | രാജ്യത്ത് നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നതിനായി കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പൊതുപരീക്ഷാ ഭേദഗതി ബില്‍, 2026 ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ടി വന്ന നീറ്റ് പരീക്ഷാ വിവാദങ്ങള്‍ക്കും വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കും പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ അടിയന്തര ഭേദഗതി നിയമനിര്‍മ്മാണം സഭയില്‍ കൊണ്ടുവന്നത്.ലോക്സഭ കടന്ന ബില്‍ ഇനി രാജ്യസഭയുടെ അംഗീകാരത്തിന് ശേഷമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഒപ്പുവെക്കലിനായി സമര്‍പ്പിക്കുക.ജയിൽ ശിക്ഷ കടുപ്പിക്കുക, പിഴത്തുക വർദ്ധിപ്പിക്കുക, അന്വേഷണങ്ങൾക്കും വിചാരണകൾക്കും കൃത്യമായ സമയപരിധി നിശ്ചയിക്കുക എന്നിവയാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.2024 ഫെബ്രുവരിയില്‍ പാര്‍ലമെന്റ് പാസാക്കുകയും ജൂണില്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത മൂലനിയമത്തിലാണ് അടിയന്തര ഭേദഗതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ്.2024-ലെ നിയമവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദഗതി ബില്ലില്‍ കൊണ്ടുവന്നിട്ടുള്ള പ്രധാന മാറ്റങ്ങള്‍ ഇനി പറയുന്നവയാണ്.മത്സരപരീക്ഷകളില്‍ ക്രമക്കേടുകളോ തട്ടിപ്പുകളോ നടത്തുന്ന വ്യക്തികള്‍ക്കുള്ള തടവുശിക്ഷയിലും സാമ്പത്തിക പിഴയിലും വന്‍ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. 2024-ലെ നിയമപ്രകാരം തട്ടിപ്പ് നടത്തുന്ന വ്യക്തികള്‍ക്ക് 3 മുതല്‍ 5 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ വരെ പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ പുതിയ 2026 ഭേദഗതി ബില്ലില്‍ കുറഞ്ഞ തടവുശിക്ഷ 5 വര്‍ഷമായി ഉയര്‍ത്തി. പരമാവധി ശിക്ഷ 10 വര്‍ഷം വരെ ലഭിക്കാം. കൂടാതെ, പിഴ തുക 5 ഇരട്ടിയാക്കി പരമാവധി 50 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. അതേസമയം കേസില്‍ ഉള്‍പ്പെടുന്ന പരീക്ഷാര്‍ത്ഥികളെ മുന്‍ നിയമത്തിലെന്നപോലെ തന്നെ ശിക്ഷാ നടപടികളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ്, ചോദ്യപേപ്പര്‍ അച്ചടി, സാങ്കേതിക സഹായം എന്നിവ നിര്‍വ്വഹിക്കുന്ന സേവനദാതാക്കളായ ഏജന്‍സികള്‍ തട്ടിപ്പില്‍ പങ്കാളികളായാല്‍ നേരിടേണ്ടി വരുന്ന നടപടികളിലും മാറ്റമുണ്ട്. 2024 നിയമപ്രകാരം അഴിമതിയില്‍ പങ്കാളികളാകുന്ന ഏജന്‍സികള്‍ക്ക് പരമാവധി 1 കോടി രൂപ വരെ പിഴയും 4 വര്‍ഷത്തെ വിലക്കുമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ 2026-ലെ ഭേദഗതിയില്‍ ഏജന്‍സികള്‍ക്കുള്ള പിഴ തുക 5 കോടി രൂപയായി ഉയര്‍ത്തി. ഇതിനുപുറമെ, ഇത്തരം ഏജന്‍സികളെ പൊതുപരീക്ഷാ ചുമതലകളില്‍ നിന്ന് വിലക്കുന്ന കാലയളവ് 4 വര്‍ഷത്തില്‍ നിന്ന് 8 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തു.വ്യക്തികളും സ്ഥാപനങ്ങളും ഏജന്‍സികളും ചേര്‍ന്ന് നടത്തുന്ന സംഘടിത പരീക്ഷ തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷയാണ് ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2024 ആക്റ്റില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. 2026 ഭേദഗതി ബില്ലില്‍ കുറഞ്ഞ തടവുശിക്ഷ 7 മുതല്‍ 10 വര്‍ഷം വരെയായി ഉയര്‍ത്തി. പിഴ തുക കൃത്യമായി 10 കോടി രൂപയായി നിശ്ചയിക്കുകയും ചെയ്തു.കേസന്വേഷണങ്ങള്‍ അനിശ്ചിതമായി നീണ്ടുപോകുന്നത് തടയാന്‍ പുതിയ നിയമത്തില്‍ അന്വേഷണ സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. 2024-ലെ മൂലനിയമത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിരുന്നില്ല, പൊലീസിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ ആയിരുന്നു അന്വേഷണ ചുമതല. എന്നാല്‍ 2026 ഭേദഗതി ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ കേസ് റഫര്‍ ചെയ്യുന്ന തീയതി മുതല്‍ 2 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വ്യക്തമാക്കുന്നു (സെക്ഷന്‍ 12അ, 12ആ). കൂടാതെ അടിയന്തര അന്വേഷണങ്ങള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.2024-ലെ നിയമത്തില്‍ സവിശേഷമായ ഫാസ്റ്റ് ട്രാക്ക് കോടതി വ്യവസ്ഥകളോ വിചാരണയ്ക്കുള്ള കൃത്യമായ സമയപരിധിയോ ഉണ്ടായിരുന്നില്ല. എന്നാല്‍ 2026 ഭേദഗതിയില്‍ ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും ഹൈക്കോടതിയുമായി ആലോചിച്ച് സെഷന്‍സ് കോടതികളെ നിര്‍ബന്ധമായും ഫാസ്റ്റ് ട്രാക്ക് കോടതികളായി ചുമതലപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ദിനംപ്രതിയുള്ള വിചാരണയിലൂടെ കുറ്റപത്രം സമര്‍പ്പിച്ച് 3 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. ഇതിനുപുറമെ, ഫാസ്റ്റ് ട്രാക്ക് കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. ഹര്‍ജി സ്വീകരിച്ച് 3 മാസത്തിനകം ഹൈക്കോടതി അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും പുതിയ ഭേദഗതി വ്യക്തമാക്കുന്നു.Content Highlights: The Lok Sabha passed the Public Examinations Amendment Bill 2026 to curb paper leaks and cheating in competitive exams. The revised law increases minimum imprisonment for fraudsters to five years and imposes heavier financial penalties on service providers. Special fast track courts will decide cases within three months.