ഗ്ലാസ്ഗോ | കോമൺവെൽത്ത് ഗെയിംസ് 2026 (Commonwealth Games 2026) പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ (Javelin Throw) ഇന്ത്യ ചരിത്രപരമായ നേട്ടം കൈവരിച്ചു. ഒളിമ്പിക് ചാമ്പ്യനായ നീരജ് ചോപ്ര വെള്ളിയും ഇന്ത്യയുടെ യുവതാരം യഷ്വീർ സിംഗ് വെങ്കലവും നേടി. ശ്രീലങ്കയുടെ റുമേഷ് തരങ്ക പതിരാഗയ്ക്കാണ് ഈ ഇനത്തിൽ സ്വർണം ലഭിച്ചത്.സ്കോട്സ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ശക്തമായ കാറ്റും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തിലാണ് മത്സരം നടന്നത്. തന്റെ രണ്ടാമത്തെ ശ്രമത്തിൽ ഈ സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റർ ദൂരം കണ്ടത്തിയാണ് നീരജ് ചോപ്ര വെള്ളി മെഡൽ ഉറപ്പിച്ചത്. ആദ്യ ശ്രമത്തിൽ 80.97 മീറ്ററും മൂന്നാം ശ്രമത്തിൽ 81.29 മീറ്ററും നാലാം ശ്രമത്തിൽ 80.73 മീറ്ററുമാണ് നീരജ് എറിഞ്ഞത്. 2018 ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ സ്വർണം നേടിയ നീരജിന്റെ കരിയറിലെ രണ്ടാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്.അവസാന ശ്രമത്തിൽ 85.41 മീറ്റർ എറിഞ്ഞാണ് രാജസ്ഥാനിൽ നിന്നുള്ള 25 കാരനായ യഷ്വീർ സിംഗ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇത് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് (Personal Best). അവസാന റൗണ്ടിന് മുൻപ് എട്ടാം സ്ഥാനത്തായിരുന്ന യഷ്വീർ സിംഗ് മികച്ച ത്രോയിലൂടെ മൂന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഒന്നിച്ച് പോഡിയത്തിൽ എത്തുന്നത്.ശ്രീലങ്കയുടെ റുമേഷ് തരങ്ക പതിരാഗ 89.75 മീറ്റർ ദൂരം എറിഞ്ഞാണ് സ്വർണ മെഡൽ സ്വന്തമാക്കിയത്. 2006 ന് ശേഷം കോമൺവെൽത്ത് ഗെയിംസിൽ ശ്രീലങ്ക നേടുന്ന ആദ്യ സ്വർണ മെഡലാണിത്. മത്സരത്തിൽ പ്രധാന വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ടിരുന്ന പാകിസ്താന്റെ അർഷാദ് നദീമിന് ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്താൻ സാധിച്ചില്ല. 77.41 മീറ്റർ മാത്രം കണ്ടെത്താനായ നദീം ഒമ്പതാം സ്ഥാനത്തായി ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷം പുറത്തായി.മത്സരത്തിൽ പങ്കെടുത്ത മൂന്നാമത്തെ ഇന്ത്യൻ താരമായ രോഹിത് യാദവ് 81.56 മീറ്റർ ദൂരത്തോടെ ഏഴാം സ്ഥാനത്തെത്തി. ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് (83.88 മീറ്റർ) നാലാം സ്ഥാനത്തും ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ കേഷോൺ വാൽകോട്ട് (82.55 മീറ്റർ) ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.Content Highlights:Neeraj Chopra secured the silver medal while Yashvir Singh won bronze in the CWG 2026 men’s javelin throw final. India achieved a historic double podium finish with Neeraj throwing 85.83m and Yashvir registering a personal best of 85.41m. Sri Lanka’s Rumesh Pathirage won the gold medal with an 89.75m effort.