സംസ്ഥാനത്ത് നബാർഡ് ധനസഹായത്തോടെ നടപ്പാക്കുന്ന വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉന്നതതല യോഗത്തിൽ വിലയിരുത്തി. പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും സർക്കാരും നബാർഡും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലമാക്കുന്നതിനുമുള്ള നടപടികൾ യോഗത്തിൽ ചർച്ചയായി.സംസ്ഥാനത്തെ നബാർഡ് പദ്ധതികളുടെ നിലവിലെ സ്ഥിതി നബാർഡ് കേരള റീജിയണൽ ഓഫീസ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല വിശദീകരിച്ചു. ഇതുവരെ 35,511 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് നബാർഡ് കേരളത്തിൽ അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 26,069 കോടി രൂപ ഇതിനോടകം അനുവദിച്ചുകഴിഞ്ഞു. കുടിവെള്ള വിതരണം, റോഡുകൾ, പാലങ്ങൾ, ജലസേചനം, ആരോഗ്യം, പുനരുപയോഗ ഊർജം തുടങ്ങി നിരവധി പൊതുജനക്ഷേമ മേഖലകൾക്കാണ് ഈ സഹായം പ്രയോജനപ്പെട്ടത്.കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ നബാർഡ് നൽകുന്ന മികച്ച പങ്കാളിത്തത്തെ മുഖ്യമന്ത്രി പ്രശംസിച്ചു. നബാർഡ് ധനസഹായത്തോടെയുള്ള പദ്ധതികൾ നാടിന്റെ നാനാതുറകളിലുള്ള ജനങ്ങൾക്ക് വലിയ രീതിയിൽ ഉപകാരപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. നിലവിൽ നടന്നുവരുന്ന പദ്ധതികളുടെ പുരോഗതി, ഫണ്ട് വിനിയോഗം, നിർമാണത്തിലെ തടസ്സങ്ങൾ, പദ്ധതി പൂർത്തീകരണ റിപ്പോർട്ടുകൾ എന്നിവ യോഗം വിശദമായി പരിശോധിച്ചു.പദ്ധതി നടത്തിപ്പിലെ തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കാനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അനുവദിച്ച ഫണ്ട് സമയബന്ധിതമായി വിനിയോഗിച്ച് നിർമാണം വേഗത്തിലാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.മത്സ്യബന്ധനം, തുറമുഖ വികസനം, ജലസേചനം, ഗ്രാമീണ റോഡുകൾ, ആരോഗ്യം, വിദ്യാഭ്യാസം, പുനരുപയോഗ ഊർജം, സംഭരണ-വിതരണ ശൃംഖല തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകളും യോഗത്തിൽ ചർച്ചയായി. സംസ്ഥാനത്തിന്റെ വികസന മുൻഗണനകൾക്ക് അനുസൃതമായ പദ്ധതികൾക്ക് തുടർന്നും സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് നബാർഡ് പ്രതിനിധികൾ അറിയിച്ചു. വരുംവർഷങ്ങളിൽ നബാർഡുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും വികസന പദ്ധതികളുടെ പ്രയോജനം കൃത്യസമയത്ത് ജനങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിലെയും നബാർഡിലെയും ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.