കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരള യുടെ ഭാഗമായി ജർമ്മൻ ഭാഷാപരിശീലനം പൂർത്തിയായ 12 പേർക്കു കൂടി നിയമന കരാർ (എംപ്ലോയ്‌മെന്റ് കോൺട്രാക്ട്) കൈമാറി. നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം ബാച്ചിലെ ദേവിക ബൈജു, ജിസ്‌മോൾ ജോർജ്, മേഘ ജയകുമാർ, ഫരിഷാബിവി ഇബ്രാഹിം, ജെസീന ജോസ്, അപർണ കുമാരി, ഷെഫിൻ ജോസഫ്, മേഘ ജോയ്, മരിയ ജോയ്, ബ്ലെസി ബേബി, അർപ്പിത താഴം എന്നിവരും ആറാം ബാച്ചിലെ ജിസ്മി വർഗീസ് എന്നിവർക്കുമാണ് നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ പ്രകാശ് പി ജോസഫ് വർക്ക് പെർമിറ്റ് കൈമാറിയത്. ഇവർക്ക് സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ ജർമ്മനിയിലെത്താനാകും. വിഖ്യാതമായ ജർമ്മനിയിലെ ഷാരിന്റെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഇവർക്ക് നിയമനം ലഭിക്കുക. കഴിഞ്ഞ ദിവസവും 12 പേർക്ക് നിയമന കരാർ നൽകിയിരുന്നു.തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജർ മുഹമ്മദ് നജീബ് ടി.എ മറ്റ് ജീവനക്കാർ എന്നിവരും സംബന്ധിച്ചു. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്പോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക ട്രിപ്പിൾ വിൻ കേരള. ഇതിനായുളള കരാർ ഡിസംബർ 22 നാണ് ഒപ്പുവച്ചത്. ഇതുവരെ ഏട്ടു ബാച്ചുകളിലായി (ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ) നടത്തിയ റിക്രൂട്ട്‌മെന്റ് ഡ്രൈവുകളിൽ നിന്നും 1700 ഓളം ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുകയും 1200-ൽ അധികം നഴ്‌സുമാർ ജർമ്മനിയിലെത്തി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ജർമ്മനിയിലെ 13 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്‌ട്രേഡ് നഴ്‌സ് തസ്തികയിലാണ് ഇവരുടെ നിയമനം.