തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചേരും. രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തില്‍ സുപ്രധാനമായ നിര്‍ദ്ദേശങ്ങളുമായാണ് ഘടക കക്ഷി നേതാക്കള്‍ എത്തുന്നത്. സര്‍ക്കാരും മുന്നണിയും തമ്മിലുള്ള ഏകോപനത്തിനായി ഉന്നത തല സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി മുസ്്‌ലിം ലീഗ് അടക്ക മുള്ള ഘടക കക്ഷികള്‍ രംഗത്തുണ്ട്.ലീഗ്, കേരള കോണ്‍ഗ്രസ് (ജോസഫ്) തുടങ്ങിയ പ്രധാന ഘടകകക്ഷികള്‍ പുതിയ ക്യാബിനറ്റ് പദവികള്‍ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം കെ മുനീറിനും ജോസഫ് വിഭാഗം ചെയര്‍മാനും ക്യാബിനറ്റ് പദവി വേണമെന്നതാണ് പ്രധാന ആവശ്യം. ഇതിനുപുറമെ ജി. ദേവരാജന്‍, മാണി സി. കാപ്പന്‍ എന്നിവര്‍ക്കും ക്യാബിനറ്റ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും.വീര്യം കുറഞ്ഞ മദ്യവില്‍പ്പന, പി എം ശ്രീ പദ്ധതി, ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനം തുടങ്ങി സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ ആവശ്യമുള്ള സുപ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയേക്കും എന്നാണ് സൂചന. നികുതിഘടന നിയമസഭയില്‍ പാസായെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് യു ഡി എഫ് ആണ്. മദ്യവില്‍പ്പനയ്ക്ക് യോഗം പച്ചക്കൊടി കാണിച്ചേക്കും.കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാറായതിനാല്‍ ഇതില്‍ നിന്നും പൂര്‍ണമായി പിന്മാറാന്‍ സര്‍ക്കാരിന് സാങ്കേതിക തടസങ്ങളുണ്ട്. വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ മുന്നണിക്കുള്ളില്‍ ഒരു ധാരണയിലെത്താനാണ് ശ്രമം.സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, വിവിധ അക്കാദമികള്‍ തുടങ്ങിയവയില്‍ അധ്യക്ഷന്മാരെയോ അംഗങ്ങളെയോ നിയമിച്ചിട്ടില്ല.ഇത് പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍, ഘടകകക്ഷികള്‍ക്ക് സ്ഥാനങ്ങള്‍ വീതംവെക്കുന്നതിനായി യു ഡി എഫ് ഉപസമിതിയെ നിയമിച്ചേക്കും. ഡിസംബറില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുന്നോടിയായി ചലച്ചിത്ര അക്കാദമിയിലടക്കം വേഗത്തില്‍ നിയമനം നടത്തേണ്ടതുണ്ട്. Content Highlights: The UDF is holding its first front meeting after coming to power at Cliff House in Thiruvananthapuram. Alliance partners like Muslim League and Kerala Congress (Joseph) are demanding cabinet rank posts. Key discussions include decisions on low-alcohol sales, the PM SHRI scheme, and board appointments