ന്യൂഡല്‍ഹി | ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അസമിലും ഒഡീഷയിലുമെല്ലാം കനത്ത മഴ ദുരിതം വിതക്കുന്നു. ഇന്നലെ അസമിലെ പ്രളയത്തിന്റെ തീവ്രത കുറഞ്ഞിരുന്നു. ദുരിതബാധിതരുടെ എണ്ണം 1.78 ലക്ഷമായി കുറഞ്ഞു. എന്നാല്‍, വെള്ളപ്പൊക്കം ബാധിച്ച ജില്ലകളുടെ എണ്ണം ഏഴായി ഉയര്‍ന്നു.സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 82 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ASDMA) അറിയിച്ചു. ശിവസാഗറിലെ ദിഖോവ് നദിയും ഗോലഘട്ടിലെ നുമാലിഗഢിലുള്ള ധന്‍സിരി (തെക്ക്) നദിയും അപകടനിരക്ക് മറികടന്നാണ് ഒഴുകുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഗോലഘട്ട്, ശിവസാഗര്‍, ചരൈദിയോ, ബജാലി, ധേമാജി, സോനിത്പൂര്‍, ജോര്‍ഹട്ട് എന്നീ ഏഴ് ജില്ലകളിലായി 20 റവന്യൂ സര്‍ക്കിളുകളിലും 349 ഗ്രാമങ്ങളിലും വെള്ളപ്പൊക്കം ബാധിച്ചു. സംസ്ഥാനത്തുടനീളം 44 ദുരിതാശ്വാസ ക്യാമ്പുകളിലായി ഏകദേശം 15,000 പേര്‍ കഴിയുന്നുണ്ട്. 15,060 ഹെക്ടറിലധികം കൃഷിഭൂമിയില്‍ വെള്ളം കയറി കിടക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ 1,543 മൃഗങ്ങള്‍ ഒലിച്ചുപോവുകയും 6,765 മൃഗങ്ങളെ ബാധിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, കാലിത്തൊഴുത്തുകള്‍ എന്നിവക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപോര്‍ട്ടുണ്ട്.ഒഡീഷയില്‍ 8.34 ലക്ഷത്തിലധികം പേര്‍ ദുരിതബാധിതര്‍ഈ മണ്‍സൂണ്‍ കാലയളവിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യങ്ങളിലൊന്നാണ് ഒഡീഷ നേരിട്ടുകൊണ്ടിരിക്കുന്നത് 20 ജില്ലകളിലായി 8.34 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. നദികളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടും പല ഗ്രാമങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മഹാനദി ഡെല്‍റ്റ മേഖലയിലെ ദുരന്തസാധ്യതയുള്ള ജില്ലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.ജലനിരപ്പ് ഉയര്‍ന്ന മഹാനദി, കരകവിഞ്ഞൊഴുകുന്ന സലന്ദി, ബ്രാഹ്മണി, ബൈതരാണി, ജലക, ബുധബലംഗ് എന്നീ നദികള്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കി. ഇത് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും വിപുലമായി കൃഷിഭൂമിയെ ബാധിക്കുകയും ചെയ്തു. വടക്കന്‍ ഒഡീഷയില്‍ 1,300-ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത് ഭദ്രക് ജില്ലയിലാണ്. ജാജ്പൂര്‍, ബാലസോര്‍, മയൂര്‍ഭഞ്ച് എന്നിവയാണ് തൊട്ടുപിന്നിലുള്ള ജില്ലകള്‍.ഹിരാകുഡ് അണക്കെട്ടിന്റെ 22 ഷട്ടറുകള്‍ വഴി അധിക ജലം തുറന്നുവിടുന്നത് തുടരുന്ന സാഹചര്യത്തില്‍, മഹാനദിയുടെ താഴത്തെ ഭാഗത്തുള്ള 10 ജില്ലകളില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അംഗുല്‍, ബൗധ്, സംബല്‍പൂര്‍, സുബര്‍ണപൂര്‍, നയാഗഡ്, കട്ടക്ക്, പുരി, ഖുര്‍ദ, ജഗത്സിംഗ്പൂര്‍, കേന്ദ്രപാറ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ രാജേഷ് പ്രഭാകര്‍ പാട്ടീല്‍ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് മഹാനദി ഡെല്‍റ്റ മേഖലയിലെ ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.Content Highlights: Severe flooding continues to batter Assam and Odisha due to persistent heavy rainfall. The death toll in Assam has climbed to 82 while over eight lakh people face extreme distress in Odisha. Relief operations and disaster management efforts are underway across affected districts.