ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അനാവശ്യമായി തടസ്സപ്പെടാതിരിക്കാനും പൊതുതാത്പര്യം സംരക്ഷിക്കപ്പെടാനും ഭരണകൂടവും കോടതികളും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു ഭരണഘടനാ തത്ത്വം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ആനുപാതികത എന്ന സിദ്ധാന്തം ആധുനിക നിയമവ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. ഒരു നിയമ ലംഘനം ആരോപിക്കപ്പെടുമ്പോള്‍, അതിനുള്ള ഭരണ നടപടി ആ ആരോപണത്തിന്റെ സ്വഭാവത്തിനും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും ആനുപാതികമായിരിക്കണം. നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് പരിഹാരമുണ്ടാകണം. എന്നാല്‍ ആ പരിഹാരം പൊതുനന്മയെ പരമാവധി സംരക്ഷിക്കുന്നതായിരിക്കണമെന്നും ആധുനിക നിയമതത്ത്വം നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികളാണ് ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരവധി വിദ്യാര്‍ഥികള്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുകയും തങ്ങളുടെ പഠനം തടസ്സപ്പെടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നിയമ വിവാദങ്ങളുടെ ഇരയാകരുതെന്ന അവരുടെ അഭ്യര്‍ഥന കേവലം വികാരപ്രകടനമല്ല; തങ്ങളുടെ ഭാവിയെക്കുറിച്ചും, വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയെക്കുറിച്ചുമുള്ള ന്യായമായ ആശങ്കയാണ്.ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം ഇന്നും അനേകം കുടുംബങ്ങള്‍ക്ക് സാമൂഹിക മുന്നേറ്റത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ്. ഗ്രാമങ്ങളില്‍ നിന്നുള്ള ആദ്യ തലമുറ ബിരുദധാരികള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍, തൊഴില്‍ സ്വപ്നം കാണുന്ന യുവജനങ്ങള്‍.. അവര്‍ക്കെല്ലാം ഒരു സര്‍വകലാശാല പഠനം എന്നത്, ജീവിതം കരുപിടിപ്പിക്കുന്നതിനുള്ള അവസരമാണ്. അതുകൊണ്ട് തന്നെ ഒരു സര്‍വകലാശാലയെ ബാധിക്കുന്ന ഏത് ഭരണ നടപടിയും നിയമപരമായ വശം മാത്രമല്ല, വിദ്യാഭ്യാസപരവും സാമൂഹികവുമായ വശങ്ങളും മുന്‍നിര്‍ത്തി വിലയിരുത്തപ്പെടണം. ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നിയമം നടപ്പാക്കുന്നതും വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതും പരസ്പരം വിരുദ്ധമായ ലക്ഷ്യങ്ങളല്ല. നിര്‍മാണാനുമതികളിലോ നഗരാസൂത്രണ ചട്ടങ്ങളിലോ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ നിയമപരമായി പരിഹരിക്കപ്പെടണം. എന്നാല്‍ അതിനൊപ്പം, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടര്‍ച്ചയും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അക്കാദമിക ഭാവിയും സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ശ്രമിക്കേണ്ടത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണ്. ഈ വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള കോടതികള്‍, വിദ്യാര്‍ഥികളുടെ ആശങ്കകളെയും ഭാവിയെയും കണക്കിലെടുക്കുമെന്ന് പ്രതീക്ഷികാം.മുഹമ്മദലി ജൗഹര്‍ യൂനിവേഴ്സിറ്റി ഇന്ന് ഒരു നിയമ-ഭരണപരമായ വിവാദത്തിന്റെ കേന്ദ്രത്തിലായിരിക്കാം. എന്നാല്‍ അതോടൊപ്പം അത് വിദ്യാര്‍ഥികളുടെ ജീവിതത്തിന്റെ ഭാഗവുമാണ്. അവിടെ പഠിക്കുന്ന പലര്‍ക്കും സര്‍വകലാശാല ഒരു രാഷ്ട്രീയ പ്രതീകമോ നിയമ വിവാദത്തിന്റെ വിഷയമോ അല്ല; ജീവിതത്തില്‍ മുന്നേറാനുള്ള ഒരു അവസരമാണ്. കുടുംബത്തില്‍ ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടുന്ന ഒരു വിദ്യാര്‍ഥിക്ക്, സാമ്പത്തിക പരിമിതികളെ മറികടന്ന് ഒരു തൊഴില്‍ സ്വപ്നത്തിലേക്ക് മുന്നേറുന്ന ഒരു യുവാവിന്, ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന ഒരാള്‍ക്ക് സര്‍വകലാശാല വെറും പഠന സ്ഥാപനമല്ല; ജീവിതത്തിന്റെ ദിശ മാറ്റാന്‍ കഴിയുന്ന വാതിലാണ്. ന്യൂനപക്ഷ സമുദായത്തിന്റെ പേരില്‍ സ്ഥാപിതമായ സ്ഥാപനമായതിനാലാണോ മുഹമ്മദലി ജൗഹര്‍ സര്‍വകലാശാല ഭരണകൂട ഭീകരതയുടെ ലക്ഷ്യമായി മാറുന്നതെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. മുഹമ്മദലി ജൗഹര്‍ എന്ന പേരാണ് പ്രശ്നമെങ്കില്‍, മറ്റേതെങ്കിലും പേര് നല്‍കി സര്‍വകലാശാലയെ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ പരിഹാസ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പദ്ധതികളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റുന്നതിനെ വലിയ നേട്ടമായി അവതരിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ പരിഹസിക്കുകയാണ് ഈ വീഡിയോകളിലൂടെ വിദ്യാര്‍ഥികള്‍. എന്നാല്‍, ആ പരിഹാസത്തിനപ്പുറം അവരുടെ നിസ്സഹായതയും സര്‍വകലാശാലയുടെ ഭാവിയെക്കുറിച്ചുള്ള ആകുലതയും ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന കാര്യം കാണാതിരിക്കരുത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവിയുണ്ടെന്നതിന് അത് ഒരു പ്രത്യേക സമൂഹത്തിന് മാത്രമുള്ളതാണെന്ന അര്‍ഥമില്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭരണഘടന അംഗീകരിച്ച വൈവിധ്യത്തിന്റെ ഭാഗമാണ്. അവയുടെ വാതിലുകള്‍ വ്യത്യസ്ത മതങ്ങളിലും ഭാഷകളിലും സാമൂഹിക പശ്ചാത്തലങ്ങളിലുംപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി തുറന്നിരിക്കുന്നു. മുഹമ്മദലി ജൗഹര്‍ യൂനിവേഴ്സിറ്റിയും വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ഒരു ബഹുവിഷയ സ്ഥാപനമായാണ് വളര്‍ന്നുവന്നത്. ഒരു രാഷ്ട്രത്തിന്റെ ഭാവി പാര്‍ലിമെന്റുകളിലും കോടതികളിലും മാത്രം രൂപപ്പെടുന്നില്ല. സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും കൂടിയാണ് അത് രൂപപ്പെടുന്നത്. അവിടെയാണ് പുതിയ ആശയങ്ങള്‍ ജനിക്കുന്നത്. അവിടെയാണ് ശാസ്ത്രജ്ഞരും അധ്യാപകരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും നിയമജ്ഞരും സാമൂഹിക നേതാക്കളും രൂപംകൊള്ളുന്നത്. അതുകൊണ്ട് സര്‍വകലാശാലകള്‍ രാജ്യത്തിന്റെ ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങളാണ്. അവയെ സംരക്ഷിക്കുന്നത് ഒരു കെട്ടിട സമുച്ചയത്തെ സംരക്ഷിക്കുന്നതല്ല; ഒരു സമൂഹത്തിന്റെ വിജ്ഞാന ശേഷിയെയും ഭാവിതലമുറകളുടെ പ്രതീക്ഷകളെയും സംരക്ഷിക്കുന്നതാണ്.നിയമം നടപ്പാക്കപ്പെടണം. നിയമപരമായ ചോദ്യങ്ങള്‍ നീതിപൂര്‍വം പരിഹരിക്കപ്പെടണം. എന്നാല്‍ അതോടൊപ്പം വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയും വിദ്യാര്‍ഥികളുടെ ഭാവിയും സമൂഹത്തിന്റെ ബൗദ്ധിക സമ്പത്തും സംരക്ഷിക്കപ്പെടണം. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ശക്തി നിയമം എത്ര കര്‍ശനമായി നടപ്പാക്കുന്നു എന്നതില്‍ മാത്രം അല്ല; നിയമം നടപ്പാക്കുമ്പോള്‍ വിജ്ഞാനത്തെയും നീതിയെയും പൊതുനന്മയെയും എത്ര വിവേകത്തോടെ സംരക്ഷിക്കുന്നു എന്നതിലുമാണ്. സര്‍വകലാശാലകള്‍ രാഷ്ട്രീയത്തിന്റെ യുദ്ധഭൂമികളാകരുത്. അവ ചിന്തയുടെ, സംവാദത്തിന്റെ, ഗവേഷണത്തിന്റെ, സഹജീവിതത്തിന്റെ, മനുഷ്യനിര്‍മാണത്തിന്റെ ഇടങ്ങളായി നിലനില്‍ക്കണം. കാരണം സര്‍വകലാശാലയുടെ ചുമരുകള്‍ക്കപ്പുറം, ഒരു രാഷ്ട്രത്തിന്റെ നാളെയുണ്ട്.