ഒരു ആടിനെ വാങ്ങിയാലോ?

Wait 5 sec.

അബൂസഈദുല്‍ ഖുദ്രിയ്യ്(റ) ഉദ്ധരിച്ച ഒരു ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം: ‘ഒരു മുസ്ലിമിന്റെ ഏറ്റവും ഉത്തമമായ സമ്പത്ത് കുറച്ച് ആടുകളാകുന്ന കാലം അടുത്തിരിക്കുന്നു. കുഴപ്പങ്ങളില്‍ നിന്ന് തന്റെ മതത്തെയും വിശ്വാസത്തെയും രക്ഷിക്കുന്നതിനായി അവന്‍ ആ ആടുകളുമായി പര്‍വതങ്ങളുടെ മുകളിലേക്കും മഴ ലഭിക്കുന്ന താഴ്‌വരകളിലേക്കും പോകും.’ പല തലങ്ങളില്‍ നിന്നും വ്യാഖ്യാനിക്കാവുന്ന അര്‍ഥതലങ്ങളുള്ള തിരുവചനമാണിത്. വിശ്വാസിയായിരിക്കുക എന്നത് അപരാധമായി അവതരിപ്പിക്കപ്പെടുന്ന കാലത്ത് ആശയദൃഢതയോടെ സമൂഹത്തെ അഭിമുഖീകരിക്കുകയും സ്രഷ്ടാവിന്റെ വിനീതദാസനാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയും തന്നെയാണ് വേണ്ടത്. എന്നാല്‍ അതിജയിക്കാനാകാത്ത വിധം വിശ്വാസം വെല്ലുവിളി നേരിടുന്ന കാലം വന്നാല്‍ ഏകാന്തതയിലേക്ക് ഒതുങ്ങി ആരാധനയും നിത്യവൃത്തിയുമായി കഴിഞ്ഞുകൂടുകയാണ് വിശ്വാസി ചെയ്യേണ്ടത്. അത്തരമൊരു ഘട്ടത്തില്‍ ജീവിച്ചുപോകാന്‍ കൂടെ കൂട്ടാന്‍ ഏറ്റവും നല്ല സമ്പത്ത് ആടായിത്തീരും എന്നാണ് നബി(സ) ഓര്‍മിപ്പിക്കുന്നത്.ഏകാന്തതയുടെ മഹത്വത്തെ കുറിച്ചല്ല, ആടുകളെ കുറിച്ച് പറയാനാണ് ഈ കുറിപ്പ്. എല്ലാം ഉപേക്ഷിച്ച് ഒതുങ്ങുന്ന സന്ദര്‍ഭത്തിലും കൂടെയുണ്ടാകാവുന്ന സമ്പത്തായി ആട് മാറുന്നത് യാദൃച്ഛികമാകില്ലല്ലോ? ഇസ്ലാമിക ചരിത്രത്തിലും പ്രവാചകന്മാരുടെ ജീവിതത്തിലും ആടുവളര്‍ത്തലിനുള്ള സ്ഥാനം കേവലമൊരു ഉപജീവനമാര്‍ഗം എന്നതിനപ്പുറം, മനുഷ്യനെ പരുവപ്പെടുത്തുന്ന ഒരു പാഠശാലയുടേതാണ്. അല്ലാഹു നിയോഗിച്ച പ്രവാചകന്മാരെല്ലാം തങ്ങളുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ആടുമേയ്ക്കുന്നവരായിരുന്നു എന്നതില്‍ വലിയ സന്ദേശമുണ്ട്. ‘ആടുകളെ മേയ്ക്കാത്ത ഒരു പ്രവാചകനെയും അല്ലാഹു അയച്ചിട്ടില്ല’ എന്ന നബിവചനം ഇതിന്റെ മഹത്വത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നബി(സ) മക്കക്കാരില്‍ നിന്ന് പ്രതിഫലം സ്വീകരിച്ച് അവരുടെ ആടുകളെ മേയ്ച്ചിട്ടുണ്ട്. മൂസാ നബി (അ) മദിയനില്‍ വെച്ച് ശുഐബ് നബി(അ)ന്റെ ആടുകള്‍ക്ക് ഇടയനായ ചരിത്രം ഖുര്‍ആനില്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ), ഭരണാധികാരിയാകുന്നതിന് മുമ്പ് തന്റെ അയല്‍പക്കത്തെ അനാഥരായ പെണ്‍കുട്ടികള്‍ക്ക് അവരുടെ ആടുകളെ കറന്നു കൊടുക്കാറുണ്ടായിരുന്നു. ചുമതലയേറ്റപ്പോള്‍ ആ പെണ്‍കുട്ടികള്‍ സങ്കടത്തോടെ പറഞ്ഞു: ‘ഇനി അദ്ദേഹം നമ്മുടെ ആടുകളെ കറന്നു തരില്ല, കാരണം വലിയ ഭരണാധികാരിയായിരിക്കുന്നു.’ ഇതറിഞ്ഞ അബൂബക്കര്‍ (റ) അവരോട് പറഞ്ഞു: ‘ഇല്ല, എന്റെ ജീവനാണെ സത്യം! ഞാന്‍ നിങ്ങള്‍ക്ക് ആടുകളെ കറന്നുതരിക തന്നെ ചെയ്യും. എനിക്ക് ലഭിച്ച ഈ പുതിയ പദവി എന്റെ പഴയ നല്ല ശീലങ്ങളെ മാറ്റില്ലെന്ന് ഞാന്‍ കരുതുന്നു.’ സിദ്ദീഖ്(റ)വിന്റെ വിനയം അടയാളപ്പെടുത്തുന്ന ഈ സംഭവം ആടുകളുമായുള്ള അദ്ദേഹത്തിന്റെ ഇടപഴക്കത്തെ കൂടി കാണിക്കുന്നുണ്ട്. താബിഉകളില്‍ ഏറ്റവും ശ്രേഷ്ഠനായ ഉവൈസുല്‍ ഖര്‍നി(റ) യമനില്‍ ഒരു സാധാരണ ആട്ടിടയനായിട്ടാണ് ജീവിച്ചിരുന്നത്.ജനങ്ങളുമായി ഇടപെടുമ്പോള്‍ ക്ഷമ ശീലിക്കാനും കാരുണ്യം, സഹിഷ്ണുത തുടങ്ങിയ മഹത്തായ ഗുണങ്ങള്‍ സ്വന്തമാക്കാനും ആട് ജീവിതം പരിശീലിപ്പിക്കും. പൊതുവെ ശാന്തപ്രകൃതമുള്ള ജീവികളാണ് ആടുകള്‍. അവയോടൊപ്പമുള്ള നിരന്തര സഹവാസം മനുഷ്യനിലെ അനാവശ്യമായ ശൗര്യവും അഹംഭാവവും ഇല്ലാതാക്കുകയും ലാളിത്യം വളര്‍ത്തുകയും ചെയ്യും. ഇങ്ങനെ സാമൂഹിക ജീവിതത്തെ രൂപപ്പെടുത്തുന്നു എന്ന തലത്തില്‍ ആടുമേയ്ക്കലിന് വലിയ പ്രാധാന്യമുണ്ട്.കൂടാതെ ആട്, ഐശ്വര്യ ജീവിതത്തിന് ഹേതുവാകും എന്നും ഹദീസുകളും മഹാരഥന്മാരുടെ ജീവിതപാഠങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രവാചകര്‍(സ) ഉമ്മു ഹാനിഅ(റ)യോട് പറഞ്ഞു: ‘നിങ്ങള്‍ ഒരു ആടിനെ സ്വന്തമാക്കുക, തീര്‍ച്ചയായും അതില്‍ അനുഗ്രഹമുണ്ട്.’ (ഇബ്നു മാജ). മറ്റൊരു സന്ദര്‍ഭത്തില്‍ അവിടുന്ന് പറഞ്ഞു: ‘വീട്ടില്‍ ഒരു ആടുള്ളത് അനുഗ്രഹമാണ്, രണ്ട് ആടുകള്‍ രണ്ട് അനുഗ്രഹങ്ങളാണ്, മൂന്ന് ആടുകള്‍ മൂന്ന് അനുഗ്രഹങ്ങളാണ്.’ (മുസ്നദ് അഹ്്മദ്). മക്കയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്തുവന്ന ഒട്ടുമിക്ക സ്വഹാബികളും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. അവരില്‍ പലരും ദാരിദ്ര്യം മറികടക്കാനായി ആദ്യഘട്ടത്തില്‍ സ്വീകരിച്ചിരുന്ന തൊഴില്‍ ആടുവളര്‍ത്തലും ആടുമേയ്ക്കലുമായിരുന്നു. സ്വന്തമായി ആടുകളെ വാങ്ങി വളര്‍ത്തുന്നതിലൂടെ അവര്‍ അതിവേഗം സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയിരുന്നു.വീട്ടില്‍ ഒരു വളര്‍ത്തുമൃഗം ഉണ്ടാകുക എന്നത് നമ്മുടെ നാടുകളിലെല്ലാം പതിവായിരുന്നു. വരുമാനത്തിനല്ലെങ്കില്‍ പോലും അത് ഐശ്വര്യമായി നാം കണ്ടിരുന്നു. അവയെ പരിപാലിക്കാന്‍ നമ്മുടെ ഒഴിവ് സമയം മാറ്റിവെച്ചിരുന്നു. ആ ശീലമില്ലാതായപ്പോഴാണ് ശിഷ്ടസമയം നാം ഇലക്ട്രിക് ഡിവൈസുകള്‍ക്ക് നല്‍കാന്‍ തുടങ്ങിയതും സ്വയം ‘മാനസിക രോഗി’കളായതും. ചുരുക്കത്തില്‍, അല്ലാഹുവിന്റെ അനുഗ്രഹം ആര്‍ജിക്കാനും പ്രവാചകന്മാരുടെയും മുന്‍ഗാമികളായ സജ്ജനങ്ങളുടെയും പാത പിന്തുടര്‍ന്ന് ജീവിതം ലാളിത്യപൂര്‍ണമാക്കാനുമുള്ള അത്യുത്തമമായ മാര്‍ഗമാണ് ആടുവളര്‍ത്തല്‍. ഡിജിറ്റല്‍ ഡയറ്റിംഗില്‍ അത് മികച്ചൊരു ബദലുമാണ്.