കാസർഗോഡ് സ്റ്റേഷനിൽ റെയിൽവേ പാർസൽ സംവിധാനം പുനഃസ്ഥാപിക്കണം;കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ

Wait 5 sec.

കാസർഗോഡ്|കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ പാർസൽ ഓഫീസ് പൂർണമായും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കണ്ടു ആവശ്യപ്പെട്ടതായി കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ദക്ഷിണറെയിൽവേയുടെതു എകപക്ഷീയമായ നടപടിയാണെന്നും പ്രസ്തുത തീരുമാനം പിൻവലിച്ച് സർവീസ് ഉടൻ പൂർണമായും പുനരാരംഭിക്കണമെന്ന ആവശ്യത്തിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും എംപി പറഞ്ഞു.നിലവിൽ അമൃത്ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ അവശ്യസേവനമാണ് റെയിൽവെയുടെ ഈ തീരുമാനം വഴി താറുമാറാക്കിയത്. മാത്രമല്ല കോടികൾ ചെലവിട്ട് വികസിപ്പിക്കുന്നുവെന്ന് പറയുന്ന സ്‌റ്റേഷനിൽ അവശ്യസൗകര്യങ്ങൾ ഇല്ലാതാക്കുന്നത് സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള പല ലക്ഷ്യവും മുന്നിൽക്കണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം എംപി ചൂണ്ടിക്കാട്ടി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റേഷന് സമീപം നടന്നു വരുന്ന പ്രതിഷേധം മുന്നിൽക്കണ്ട് പൊതുജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണ് ലഗേജ് ടിക്കറ്റ് സംവിധാനമേർപ്പെടുത്തിയിട്ടുള്ളത്. പാർസൽ ബുക്കിങ് സംവിധാനം നേരെത്തെ ഉണ്ടായിരുന്നതുപോലെ അവശ്യസേവനമായി പൂർണമായ നിലയിൽത്തന്നെ ലഭ്യമാക്കണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത് പ്രകാരം 2026 ജൂലൈ 25 മുതലാണ് റെയിൽവേ സ്‌റ്റേഷനിലെ സർവീസ് പൂർണമായും നിർത്തലാക്കി റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാൽ ഇത് പ്രകാരം വ്യാപാരികൾക്കും മറ്റു പൊതുജനങ്ങൾക്കും പാർസൽ അയക്കാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള സമയംപോലും കൊടുക്കാതെയാണ് റെയിൽവെയുടെ നടപടി. സർവീസ് നിർത്തുന്നതുമൂലം കാസർഗോഡ് ജില്ലയിലുള്ളവർക്ക് കണ്ണൂർ, മംഗളുരു സ്‌റ്റേഷനുകളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.  ഇത് ഏറെ സാമ്പത്തിക നഷ്ടമാണുണ്ടാക്കുകയെന്നും റെയിൽവേ സ്റ്റേഷനുകളിൽ ജില്ലയിലുള്ള ഏക  പാർസൽ സർവീസിന് പൂട്ടിട്ടത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും  കത്തിൽ വ്യക്തമാക്കിയാതായി എംപി അറിയിച്ചു.Content Highlights:Kasaragod MP Rajmohan Unnithan met the Union Railway Minister demanding the full restoration of the parcel office at Kasaragod railway station. He termed Southern Railway’s decision arbitrary and warned against backdoor privatization attempts that severely affect traders and local residents.