വയനാട് ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 70 ദിവസം പിന്നിട്ടിട്ടും വെറും ഒമ്പത് വീടുകളുടെ വാർപ്പ് മാത്രമാണ് പൂർത്തിയാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പങ്കുവെച്ച കുറിപ്പിലാണ് പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 410 വീടുകളിൽ 308 വീടുകളുടെ വാർപ്പ് പൂർത്തിയാക്കിയിരുന്നുവെന്നും 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നിർണായക ചുമതലകളിലുണ്ടായ അനാവശ്യ സ്ഥലംമാറ്റങ്ങളും ഏകോപനക്കുറവും പദ്ധതിയുടെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇപ്പോഴും 149 കുടുംബങ്ങൾ സ്വന്തമായി ഒരു വീടിനായി കാത്തിരിക്കുകയാണെന്നും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കൂടുതൽ കാത്തിരിപ്പിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.ടൗൺഷിപ്പ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി എല്ലാ ദുരന്തബാധിതർക്കും എത്രയും വേഗം സുരക്ഷിതമായ വീട് ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ സ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച പിണറായി വിജയൻ, പൂർണ പുനരധിവാസത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങളോടൊപ്പം നിൽക്കുന്നതായും കുറിപ്പിൽ വ്യക്തമാക്കി.The post വയനാട് പുനരധിവാസം മന്ദഗതിയിൽ; സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയൻ appeared first on ഇവാർത്ത | Evartha.