ഇ20: അടിച്ചേല്‍പ്പിക്കപ്പെടുന്ന അധിക നഷ്ടങ്ങള്‍

Wait 5 sec.

ഇന്ത്യയുടെ ഊര്‍ജ മേഖലയിലും ഇന്ധന നയത്തിലും വിപ്ലവാത്മകമെന്ന് പറയപ്പെടുന്ന വലിയൊരു മാറ്റത്തിനാണ് രാജ്യം നിലവില്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചെലവ് കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും അന്തരീക്ഷ മലിനീകരണത്തിന് തടയിടാനുമെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ പദ്ധതി രാജ്യത്തുടനീളം നിര്‍ബന്ധിതമായി വ്യാപകമാകുകയാണ്. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേര്‍ത്തുള്ള ഈ ഇന്ധന നയം 2001ല്‍ കേവലം അഞ്ച് ശതമാനം (ഇ5) എന്ന നിലയില്‍ ആരംഭിച്ചതാണെങ്കിലും, ഇന്നിപ്പോള്‍ ഇ20 എന്ന പരിധിയിലേക്ക് അതിവേഗം എത്തിനില്‍ക്കുന്നു. എന്നാല്‍, ആവശ്യത്തിന് പ്രായോഗിക പഠനങ്ങളോ ശാസ്ത്രീയ മുന്‍കരുതലുകളോ സുതാര്യതയോ ഇല്ലാതെ തിടുക്കത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ഈ നയം പരിസ്ഥിതി സംരക്ഷണത്തിനപ്പുറം വലിയ സാങ്കേതിക, സാമ്പത്തിക, രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.മൈലേജ് നഷ്ടവും ഉപഭോക്താവിന്റെ സാമ്പത്തിക ഭാരവുംഹരിത ഇന്ധനം എന്ന പേരില്‍ വിപണിയിലെത്തുന്ന ഇ20 പെട്രോള്‍ സാധാരണക്കാരന് നല്‍കുന്നത് വലിയ സാമ്പത്തിക തിരിച്ചടിയാണ്. എഥനോളിന്റെ ഉത്പാദനച്ചെലവ് പെട്രോളിനേക്കാള്‍ ഗണ്യമായി കുറവാണെങ്കിലും ഇ20 ഇന്ധനത്തിന് സാധാരണ പെട്രോളിന്റെ അതേ വില തന്നെയാണ് നിലവില്‍ വിപണിയില്‍ ഈടാക്കുന്നത്. ഇതിന്റെ നിര്‍മാണ ലാഭം ഉപഭോക്താവിന് കൈമാറാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. സാങ്കേതികമായി പരിശോധിച്ചാല്‍, പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ ഊര്‍ജ സാന്ദ്രത ഏകദേശം 30 ശതമാനം കുറവാണ്. ഇത് കാരണം ഇന്ധനത്തിന്റെ ആകെ ഊര്‍ജലഭ്യത കുറയുകയും വാഹനങ്ങളുടെ മൈലേജില്‍ മൂന്ന് മുതല്‍ ഏഴ് ശതമാനം വരെ ഗണ്യമായ ഇടിവുണ്ടാകുകയും ചെയ്യുന്നു. ഇന്ധന വിലയില്‍ മാറ്റമില്ലാതെ നിലനില്‍ക്കുകയും എന്നാല്‍ മൈലേജ് കുറയുകയും ചെയ്യുമ്പോള്‍ ഫലത്തില്‍ സാധാരണക്കാരന്റെ യാത്രാ ചെലവും പ്രതിമാസ കുടുംബ ബജറ്റും വന്‍തോതില്‍ കൂടുകയാണ് ചെയ്യുന്നത്.എന്‍ജിനുകളെ തകര്‍ക്കുന്ന സാങ്കേതിക പ്രതിസന്ധിഇ20 പെട്രോള്‍ വാഹനങ്ങളുടെ എന്‍ജിനുകളില്‍ ഉണ്ടാക്കുന്ന കേടുപാടുകള്‍ നിസ്സാരമല്ല. എഥനോളിന്റെ ഹൈഗ്രോസ്‌കോപിക് സ്വഭാവം കാരണം അന്തരീക്ഷത്തിലെ ജലാംശം അതിവേഗം വലിച്ചെടുക്കാന്‍ ഇതിന് സാധിക്കുന്നു. ഇത് ഇന്ധന ടാങ്കുകളില്‍ വെള്ളം കലരാനും ടാങ്കും അനുബന്ധ ഭാഗങ്ങളും ദ്രവിച്ച് തുരുമ്പെടുക്കാനും ഇടയാക്കുന്നു. കൂടാതെ, കാര്‍ബറേറ്ററുകള്‍, ഫ്യുവല്‍ പമ്പുകള്‍, റബ്ബര്‍ ട്യൂബുകള്‍, പ്ലാസ്റ്റിക് സീലുകള്‍ എന്നിവ എഥനോളിന്റെ സമ്പര്‍ക്കം മൂലം വേഗത്തില്‍ നശിച്ചുപോകുന്നു. 2023 ഏപ്രിലിന് മുമ്പ് നിര്‍മിച്ച വാഹനങ്ങളെയാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. ഇന്ത്യയിലെ റോഡുകളിലോടുന്ന 44 കോടിയോളം വരുന്ന വാഹനങ്ങളില്‍ ഏകദേശം 34 കോടിയോളം വാഹനങ്ങളും ഇ20 ഇന്ധനത്തിന് അനുയോജ്യമല്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണ്, കൃത്യമായ അവബോധമോ മുന്‍കരുതലുകളോ നല്‍കാതെ ഈ ഇന്ധനം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.രാഷ്ട്രീയ അജന്‍ഡകളും കോര്‍പറേറ്റ് താത്പര്യങ്ങളുംഇ20 പദ്ധതിക്ക് പിന്നില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ അജന്‍ഡകളും കോര്‍പറേറ്റ് പ്രീണനവും ഒളിഞ്ഞിരിപ്പുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ഉപഭോക്തൃ സംഘടനകളും ഉന്നയിക്കുന്ന പ്രധാന ആരോപണമാണ്. ഇന്ധനവില കുറയ്ക്കാതെ എഥനോള്‍ നിര്‍മാണത്തിലൂടെ ലഭിക്കുന്ന ഭീമമായ സാമ്പത്തിക ലാഭം വന്‍കിട പഞ്ചസാര മില്ലുടമകള്‍ക്കും ഡിസ്റ്റിലറി വ്യവസായികള്‍ക്കും കൈമാറാനാണ് സര്‍ക്കാറിന്റെ നീക്കം. രാജ്യത്തെ ഭൂരിഭാഗം പഞ്ചസാര മില്ലുകളും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയോ അവരുമായി അടുത്ത ബന്ധമുള്ള വ്യവസായ ഗ്രൂപ്പുകളുടെയോ നിയന്ത്രണത്തിലാണെന്നത് ഈ ആരോപണത്തിന്റെ ആഴം കൂട്ടുന്നു.മാത്രമല്ല, എഥനോള്‍ ഉത്പാദനത്തിനായി കരിമ്പിന് പുറമെ അരി, ചോളം തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ വന്‍തോതില്‍ വഴിതിരിച്ചുവിടുന്നത് കടുത്ത ‘ഭക്ഷ്യസുരക്ഷാ ഭീഷണിക്ക്’ കാരണമാകുന്നു. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് പകരം ഇന്ധന നിര്‍മാണത്തിന് മുന്‍ഗണന നല്‍കുന്നത് രാജ്യത്ത് ഭക്ഷ്യവിലക്കയറ്റത്തിന് വഴിവെക്കും. കരിമ്പ് കൃഷിക്കായി വന്‍തോതില്‍ ജലം വേണമെന്നിരിക്കെ, കടുത്ത ജലക്ഷാമമുള്ള മേഖലകളില്‍ ഭൂഗര്‍ഭജലം അതിവേഗം വറ്റുന്നതിനും ഇത് കാരണമാകുന്നു.അന്താരാഷ്ട്ര മാതൃകകളും ഇന്ത്യയിലെ യാഥാര്‍ഥ്യവുംലോകരാജ്യങ്ങള്‍ ഇന്ധനത്തില്‍ എഥനോള്‍ കലര്‍ത്തുന്ന നയം നടപ്പാക്കിയത് വളരെ ജാഗ്രതയോടെയും ദീര്‍ഘവീക്ഷണത്തോടെയുമാണ്. അമേരിക്ക, കാനഡ, ആസ്ത്രേലിയ, യൂറോപ്യന്‍ യൂനിയന്‍, ജപ്പാന്‍, ചൈന തുടങ്ങിയ വികസിത രാജ്യങ്ങള്‍ എന്‍ജിന്‍ സുരക്ഷയും ആയുസ്സും മുന്‍നിര്‍ത്തി എഥനോളിന്റെ അളവ് 10 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ എഥനോള്‍ (27 ശതമാനം വരെ) ഉപയോഗിക്കുന്ന ബ്രസീലില്‍ ആകട്ടെ, വിപണിയില്‍ ഫ്ളെക്സ്-ഫ്യുവല്‍ എന്‍ജിനുകള്‍ നിര്‍ബന്ധമാക്കുകയും ഉപഭോക്താക്കള്‍ക്ക് പമ്പുകളില്‍ നിന്ന് അനുയോജ്യമായ ഇന്ധനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആവശ്യമായ ബദല്‍ സംവിധാനങ്ങളോ സാധാരണ പെട്രോളോ വിപണിയില്‍ ലഭ്യമാക്കാതെ ഏകപക്ഷീയമായി ഇ20 നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നത്.ഇനി വേണ്ടത് എന്ത്?പരിസ്ഥിതിസൗഹൃദ ഹരിത ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും വാഹന സുരക്ഷയെയും തകര്‍ക്കുന്ന രീതിയിലാകരുത്. സുതാര്യവും ശാസ്ത്രീയവുമായ സമീപനമാണ് ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകേണ്ടത്. ഇന്ധന പമ്പുകളില്‍ ഇ20 പെട്രോളിനൊപ്പം സാധാരണ പെട്രോളോ ഇ10 പെട്രോളോ തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. അതോടൊപ്പം രാജ്യത്തെ ഭൂരിഭാഗം വരുന്ന പഴയ വാഹന ഉടമകളെ സംരക്ഷിക്കാന്‍ സാധാരണ പെട്രോളിന്റെ ലഭ്യത വിപണിയില്‍ ഉറപ്പുവരുത്തുകയും വേണം. കൂടാതെ എഥനോള്‍ നിര്‍മാണച്ചെലവിലുണ്ടാകുന്ന ലാഭം ഇന്ധനവില കുറച്ചുകൊണ്ട് ഉപഭോക്താവിന് കൈമാറാന്‍ ഭരണകൂടം തയ്യാറാകുകയും വേണം.ജനക്ഷേമത്തിനും സാങ്കേതിക യാഥാര്‍ഥ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാതെ തിടുക്കത്തിലുള്ള പരിഷ്‌കാരങ്ങള്‍ ഹരിതവിപ്ലവമല്ല, മറിച്ച് സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന മറ്റൊരു സാമ്പത്തിക ബാധ്യതയായി മാത്രമേ മാറുകയുള്ളൂ.