ഓരോ പൗരനും അര്‍ഹതപ്പെട്ട നീതി ഉറപ്പാക്കേണ്ട ഉത്തരവാദിത്വമാണ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്കുള്ളത്. അധികാരം നീതി നടപ്പാക്കാനാണ് ഭരണകൂടം ഉപയോഗിക്കേണ്ടത്, നീതി നിഷേധിക്കാനല്ല. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ യുവ മാധ്യമപ്രവര്‍ത്തകന്‍, സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ കൊലപാതകക്കേസില്‍ നഗ്നമായ നീതി നിഷേധമാണ് നടന്നിരിക്കുന്നത്.നീതി ഉറപ്പാക്കേണ്ട ഭരണകൂടം അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതോടൊപ്പം കുറ്റവാളിക്ക് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി നാലില്‍ ആരംഭിച്ച കേസിലെ വിചാരണ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇടപെട്ടുവെന്ന ആരോപണം ഗുരുതരമാണ്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനമാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇടപെട്ട് അട്ടിമറിച്ചിരിക്കുന്നത്.ആഭ്യന്തര മന്ത്രിയും വകുപ്പും അംഗീകരിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിര്‍ദേശിച്ച് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഈ ഉറപ്പ് ലംഘിച്ച് കുറ്റവാളിക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഗുരുതരമാണ്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ബഷീറിന്റെ ഭാര്യയുടെ ആവശ്യവുമായി ബന്ധപ്പെട്ട ഫയല്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തുകയായിരുന്നു. ചീഫ് സെക്രട്ടറി എതിരഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ആവശ്യം നിരാകരിച്ചതെന്നതും ശ്രദ്ധേയമാണ്. ഇവിടെ പ്രതി വിവാദ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ്. ബഷീറിന്റെ നിസ്സഹായരായ കുടുംബമാണ് മറുവശത്തുള്ളത്. ഇതില്‍ ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ സവിശേഷ അധികാരം പ്രയോഗിക്കേണ്ടത്? ഫയലുകള്‍ വിളിപ്പിക്കാനുള്ള പ്രത്യേക അധികാരം ദുരുപയോഗം ചെയ്താണ് കുറ്റവാളിക്ക് വേണ്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.ആഭ്യന്തര വകുപ്പിനെയും മന്ത്രിയെയും നിഴലില്‍ നിര്‍ത്തിയാണ് തികച്ചും അനൗചിത്യവും പാര്‍ട്ടിയും മുന്നണിയും നേരത്തേ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായ നീക്കം നടത്തിയിരിക്കുന്നത്. നീതി തേടിയുള്ള ഇരകളുടെ കാത്തിരിപ്പ് വര്‍ഷങ്ങള്‍ നീളുന്നതിനിടെയാണ് വിചാരണ നീട്ടിക്കൊണ്ടുപോകാനും അട്ടിമറിക്കാനും പ്രതി നടത്തുന്ന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്. അഭിഭാഷകൻ അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതി മാറ്റിയത് തന്നെ വിചാരണ അട്ടിമറിക്കാനുള്ള പ്രതിയുടെ നീക്കത്തിന്റെ ഭാഗമായിരുന്നു. കോടതിക്കൊപ്പം പ്രോസിക്യൂട്ടറെ കൂടി മാറ്റി നല്‍കിയായിരുന്നു പ്രതിക്ക് സര്‍ക്കാര്‍ കൂട്ടിരുന്നത്.ഇതോടെ അപകടം മണത്ത ബഷീറിന്റെ ഭാര്യ ജസീല സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ സേവനം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു. ഇതിനോട് ആഭ്യന്തര മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും നിയമനം നീട്ടിക്കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥ ലോബി പണി തുടങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഫയലില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി സര്‍ക്കാറിന് ഒരു മാസവും എട്ട് ദിവസവും അനുവദിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ കമ്പ്യൂട്ടറില്‍ വിശ്രമിച്ച ഫയലിന് നാല്‍പ്പതാം ദിവസം ജീവന്‍വെച്ചത് നിസ്സഹായ കുടുംബത്തിന്റെ സ്വാഭാവിക അവകാശത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടായിരുന്നു.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പേര് വിവരങ്ങള്‍ വരെ കോടതിയെ അറിയിച്ച ശേഷം നിഷ്‌കരുണം ഇത് നിഷേധിച്ച സര്‍ക്കാറിന്റെ നിലപാട് ചോദ്യം ചെയ്ത ഹൈക്കോടതി നീതി നിഷേധത്തിന്റെ നാള്‍വഴികളടങ്ങുന്ന മുഴുവന്‍ ഫയലുകളും ഹാജരാക്കാനും കേസിന്റെ വിചാരണ നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചിരിക്കുകയാണ്.നീതി ഉറപ്പാക്കേണ്ട അധികാര കേന്ദ്രങ്ങള്‍ തന്നെ നീതി നിഷേധിക്കുന്ന വഞ്ചനാപരമായ നീക്കത്തിനെതിരെ നീതി പീഠം കണ്ണുതുറക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബഷീറിന്റെ കുടുംബം. ഒപ്പം നീതിനിഷേധത്തിനെതിരെ ആവശ്യമെങ്കില്‍ തെരുവിലിറങ്ങാനും പ്രതിരോധിക്കാനും സജ്ജരാണ് ബഷീറിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പ്രസ്ഥാനവും.കൊല്ലപ്പെട്ട ബഷീര്‍ ഒരു യുവ മാധ്യമപ്രവര്‍ത്തകന്‍ എന്നതിനപ്പുറം ഉദ്യോഗസ്ഥ അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും ഇരയും അധികാര പ്രമത്തതയില്‍ എങ്ങനെ നീതി നിഷേധിക്കാം എന്നതിന്റെ പ്രതീകവുമാണ്. ശ്രീറാം വെങ്കിട്ടരാമൻ എന്ന ക്രിമിനല്‍ ബുദ്ധിയുള്ള ഐ എ എസ് ഉദ്യോഗസ്ഥന്‍ 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ മദ്യലഹരിയില്‍ കാറിടിച്ച് കൊന്നത് ഒരു മാധ്യമ പ്രവര്‍ത്തകനെ മാത്രമല്ല, ഒരു സമൂഹത്തിന്റെ നീതിബോധത്തെ കൂടിയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് നീതി ഉറപ്പാക്കാന്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി നീതിപീഠത്തെ കബളിപ്പിച്ചും നിയമത്തില്‍ നിന്ന് ഒളിച്ചോടിയും ഒരു സമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഈ നീതികേടിനെതിരെ സമൂഹം അതിശക്തമായി തന്നെ പ്രതികരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നേരത്തേ, ഈ കുറ്റവാളിയായ ഉദ്യോഗസ്ഥനെ നിയമ നിര്‍വഹണത്തിന്റെ തലപ്പത്ത് കുടിയിരുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം സമൂഹം അതിശക്തമായി പ്രതിരോധം തീര്‍ത്ത ചരിത്രം കേരളത്തിന് മുന്നിലുണ്ട്. ഈ കുറ്റവാളിയെ വാഴിക്കാന്‍ ശ്രമിച്ചവരെല്ലാം പ്രതിരോധത്തിന്റെ ചൂട് അറിഞ്ഞവരാണ്. അതിനാല്‍ അധികാരത്തിന്റെ തലക്കനത്തില്‍ ചരിത്രം മറന്നവരെ പൊതു സമൂഹം അത് വീണ്ടും ഓര്‍മിപ്പിക്കുക തന്നെ ചെയ്യും.