പിഎം ശ്രീയിൽ തൽക്കാലം മുന്നോട്ടില്ല; മുസ്ലിം ലീഗ് എതിർപ്പിനെ തുടർന്ന് നടപടികൾ മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

Wait 5 sec.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽനിന്ന് ശക്തമായ എതിർപ്പ് ഉയർന്നതോടെ പദ്ധതിയുടെ തുടർനടപടികൾ തൽക്കാലം നിർത്തിവെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി സൂചന. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.നിലവിലെ രാഷ്ട്രീയ വിവാദങ്ങളും ഘടകകക്ഷികൾക്കിടയിലെ ഭിന്നതയും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ തൽക്കാലം മരവിപ്പിക്കുന്നതെന്നാണ് വിവരം. പിഎം ശ്രീയുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനങ്ങളും യോഗങ്ങളും നിലവിൽ നടക്കില്ലെന്നാണ് സൂചന.പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ കരിക്കുലത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും പദ്ധതിയിലേക്ക് ഉൾപ്പെടുത്തുന്ന സ്കൂളുകൾ സംസ്ഥാന സർക്കാർ തന്നെ തിരഞ്ഞെടുക്കണമെന്നുമുള്ള നിബന്ധനകൾ അംഗീകരിച്ചാൽ മുന്നോട്ടുപോകാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നതെന്നാണ് വിവരം.എന്നാൽ ഈ നിബന്ധനകളിൽ ഉറച്ചുനിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. പിഎം ശ്രീ പദ്ധതിക്കെതിരെ എംഎസ്എഫും യൂത്ത് ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പദ്ധതിയെക്കുറിച്ചുള്ള പാർട്ടിയുടെ എതിർപ്പ് ലീഗ് നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് രണ്ട് തവണ കത്തയച്ചിരുന്നു. പദ്ധതിയിൽ തുടരണമെന്നും തുടർനടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇതുവരെ നടപടികൾ മുന്നോട്ടുകൊണ്ടുപോയിട്ടില്ല.പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ നിലപാടിലെ മാറ്റങ്ങൾ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന ആശങ്കയും മുസ്ലിം ലീഗ് നേതൃത്വം പങ്കുവെച്ചതായാണ് വിവരം. പദ്ധതിയുടെ കാര്യത്തിൽ പാർട്ടിയുടെ ശക്തമായ എതിർപ്പ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിച്ച സാഹചര്യത്തിൽ സർക്കാർ ഇനി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.The post പിഎം ശ്രീയിൽ തൽക്കാലം മുന്നോട്ടില്ല; മുസ്ലിം ലീഗ് എതിർപ്പിനെ തുടർന്ന് നടപടികൾ മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് appeared first on ഇവാർത്ത | Evartha.