ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ രാജി നീക്കം; ആർ. ശ്രീലേഖ പിന്മാറി, സമവായ ചർച്ചകൾ തുടരുന്നു

Wait 5 sec.

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി നീക്കം ഒത്തുതീർപ്പിലേക്ക്. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശം ശ്രീലേഖ പിന്നീട് പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഇടപെടലും സമവായ ചർച്ചകളുമാണ് താൽക്കാലിക പരിഹാരത്തിന് വഴിയൊരുക്കിയത്.കോർപ്പറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് നൽകുന്നതിന് മുമ്പ് തന്നെ പാർട്ടി നേതൃത്വം ഇടപെട്ടതോടെ ഭരണ പ്രതിസന്ധി ഒഴിവാക്കാനായെന്നാണ് വിവരം. അതേസമയം, ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചിട്ടില്ലെന്നും അവർ പദവിയിൽ തുടരുമെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി.നഗരസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള ചില നിർദേശങ്ങൾ ഉൾപ്പെടുത്തിയ കത്താണ് ശ്രീലേഖ നൽകിയതെന്നും മേയർ പറഞ്ഞു. ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ശ്രീലേഖയെ അലട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സെപ്റ്റംബർ 30ന് സ്വകാര്യ കാരണങ്ങളാൽ കൗൺസിലർ സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിച്ച് മേയർക്ക് കത്ത് നൽകിയതായും കത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് കൈമാറുമെന്നും വ്യക്തമാക്കി ശ്രീലേഖ വാർഡ് ഗ്രൂപ്പിൽ സന്ദേശമിട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പിന്നീട് സന്ദേശം പിൻവലിക്കുകയായിരുന്നു.കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ആർ. ശ്രീലേഖ ഡിജിപിയായി വിരമിച്ച ശേഷമാണ് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ അവർ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരും ഉയർന്നിരുന്നു. എന്നാൽ വി.വി. രാജേഷിനെ മേയറാക്കിയതിൽ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടതും പാർട്ടിയിലെ ചില അവഗണനകളും രാജി നീക്കത്തിന് പിന്നിലെ കാരണങ്ങളായെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം ഇടപെട്ട് ശ്രീലേഖയുമായി സമവായ ചർച്ചകൾ നടത്തിയത്.തന്ത്രപരമായ അനുനയ നീക്കങ്ങൾക്കൊടുവിൽ ശ്രീലേഖ രാജി തീരുമാനത്തിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 5ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി കൂടുതൽ ചർച്ചകൾ നടത്തും. അതേസമയം, രാജി പ്രഖ്യാപിച്ച സന്ദേശം പിൻവലിച്ചതുമായി ബന്ധപ്പെട്ടും ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിലും ആർ. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.The post ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ രാജി നീക്കം; ആർ. ശ്രീലേഖ പിന്മാറി, സമവായ ചർച്ചകൾ തുടരുന്നു appeared first on ഇവാർത്ത | Evartha.